ഇന്ത്യ-ജപ്പാന് നിര്ണായക കരാറുകള്; 10 ട്രില്യണ് യെന്നിന്റെ നിക്ഷേപം
New delhi, 02 ജൂലൈ (H.S.) ഇന്ത്യ- ജപ്പാന്‍ നിര്‍ണ്ണായക കരാറുകളില്‍ ഒപ്പിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജാപ്പനീസ് പ്രധാനമന്ത്രി സനെയ് തകൈച്ചിയും തമ്മില്‍ ന്യൂഡല്‍ഹിയില്‍ നടന്ന 16-ാമത് ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയിലാണ് കരാറുകള്‍ യാഥാര്‍
jappan


New delhi, 02 ജൂലൈ (H.S.)

ഇന്ത്യ- ജപ്പാന്‍ നിര്‍ണ്ണായക കരാറുകളില്‍ ഒപ്പിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജാപ്പനീസ് പ്രധാനമന്ത്രി സനെയ് തകൈച്ചിയും തമ്മില്‍ ന്യൂഡല്‍ഹിയില്‍ നടന്ന 16-ാമത് ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയിലാണ് കരാറുകള്‍ യാഥാര്‍ത്ഥ്യമായത്. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന തീരുമാനങ്ങള്‍ യോഗത്തില്‍ കൈക്കൊണ്ടു. 10 ട്രില്യണ്‍ യെന്നിന്റെ നിക്ഷേപം ജപ്പാന്‍ ഇന്ത്യില്‍ നടത്തും. 120 കരാറുകളാണ് പ്രബല്യത്തില്‍ വന്നിരിക്കുന്നത്. നിര്‍മ്മിത ബുദ്ധി (AI), പ്രതിരോധം, ഊര്‍ജ്ജം, സാമ്പത്തിക സുരക്ഷ എന്നിവയില്‍ കൂടുതല്‍ സഹകരിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു.

സാങ്കേതികവിദ്യയിലൂന്നിയുള്ള പങ്കാളിത്തം ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ ഏറ്റവും ശക്തമായ അടിസ്ഥാനമായി മാറുമെന്ന് ഇരു നേതാക്കളും പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി നിര്‍മ്മിത ബുദ്ധി മേഖലയില്‍ വിവിധ ഇന്ത്യന്‍, ജാപ്പനീസ് സ്ഥാപനങ്ങള്‍ തമ്മില്‍ കരാറുകളില്‍ ഒപ്പിടുകയും ചെയ്തു. ഇതിന് പുറമെ പ്രതിരോധ രംഗത്തും സുപ്രധാനമായ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടു. സംയുക്ത പ്രതിരോധ വികസന പദ്ധതിയായ 'യൂണിക്കോണ്‍' നേവല്‍ റേഡിയോ ആന്റിന (Unicorn - Naval Radio Antenna) സംബന്ധിച്ച കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പിട്ടത്. ഇത് സമുദ്ര സുരക്ഷയ്ക്കും പ്രതിരോധ സാങ്കേതിക വിദ്യയ്ക്കും കരുത്തേകുമെന്ന് വിലയിരുത്തപ്പെടുന്നു. യുദ്ധക്കപ്പലുകളില്‍ ഉപയോഗിക്കുന്ന അത്യാധുനിക ആന്റിന സിസ്റ്റം ആണ് യൂണിക്കോണ്‍. ജപ്പാന്‍ മറ്റൊരു രാജ്യത്തിന് കൈമാറുന്ന ആദ്യത്തെ തന്ത്രപ്രധാന സൈനിക സാങ്കേതികവിദ്യകളില്‍ ഒന്നാണിത്. ഇന്ത്യയുടെ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡും (BEL) ജാപ്പനീസ് കമ്പനികളും ചേര്‍ന്നാണ് ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകള്‍ക്കായി ഇത് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്.

സാധാരണ യുദ്ധക്കപ്പലുകളുടെ മുകളില്‍ പല തരത്തിലുള്ള ആശയവിനിമയ ആന്റിനകള്‍ പ്രത്യേകം പ്രത്യേകമായി സ്ഥാപിക്കാറുണ്ട്. എന്നാല്‍ 'യുണികോണ്‍' സാങ്കേതികവിദ്യയില്‍, ഈ വ്യത്യസ്ത ആന്റിനകളെല്ലാം ഒരുമിച്ച് ഒരു കോണാകൃതിയിലുള്ള പുകക്കുഴലിന് സമാനമായ ഘടനയ്ക്കുള്ളില്‍ (Radome) ഒതുക്കുന്നു.

കപ്പലിന്റെ ഡെക്കില്‍ നിരവധി ആന്റിനകള്‍ പരന്നു കിടക്കുന്നത് ശത്രുക്കളുടെ റഡാറുകളില്‍ കപ്പല്‍ എളുപ്പത്തില്‍ പെട്ടുപോകാന്‍ (Radar Cross-Section വര്‍ദ്ധിക്കാന്‍) കാരണമാകും. ആന്റിനകളെല്ലാം ഒരൊറ്റ ഘടനയ്ക്കുള്ളിലാക്കുന്നതിലൂടെ കപ്പലുകളുടെ സ്റ്റെല്‍ത്ത് ശേഷി (റഡാറുകളുടെ കണ്ണില്‍ പെടാതെ മറഞ്ഞിരിക്കാനുള്ള ശേഷി) ഗണ്യമായി വര്‍ദ്ധിക്കുന്നു. ഒരൊറ്റ മാസ്റ്റിലേക്ക് മാറ്റുന്നതിലൂടെ റേഡിയോ തരംഗങ്ങളുടെ തടസ്സങ്ങള്‍ ഒഴിവാക്കാനും, കൂടുതല്‍ വേഗതയേറിയതും സുരക്ഷിതവുമായ കമ്മ്യൂണിക്കേഷന്‍ സാധ്യമാക്കാനും ഇതിന് സാധിക്കും.

ഇന്ത്യയിലുടനീളം 1,000 ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി ഇന്ത്യ-ജപ്പാന്‍ ബയോഗ്യാസ് ഇനിഷ്യേറ്റീവ് ആണ് മറ്റൊരു സുപ്രധാന തീരുമാനം. ഗ്രാമീണ ഉപജീവനത്തിനും ഇന്ത്യയുടെ ഹരിത ഊര്‍ജ്ജ ലക്ഷ്യങ്ങള്‍ക്കും സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലേക്ക് 10 ട്രില്യണ്‍ യെന്നിന്റെ ( ഏകദേശം 5.91 ലക്ഷം കോടി ഇന്ത്യന്‍ രൂപ) ജാപ്പനീസ് നിക്ഷേപം ആകര്‍ഷിക്കാനും അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ജാപ്പനീസ് കമ്പനികളുടെ എണ്ണം ഇരട്ടിയാക്കാനുമാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News