Enter your Email Address to subscribe to our newsletters

New delhi, 20 ജൂലൈ (H.S.)
സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇറാനിലുള്ള ഇന്ത്യാക്കാര്‍ മടങ്ങണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. ഇറാനിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും ഇന്ത്യക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. സുരക്ഷാ സാഹചര്യം മെച്ചപ്പെടുന്നത് വരെ യാത്രകള്‍ മാറ്റിവയ്ക്കണമെന്നും, നിലവില്‍ ഇറാനിലുള്ളവര്‍ ലഭ്യമായ വാണിജ്യ വിമാനങ്ങളില്‍ എത്രയും വേഗം രാജ്യം വിടണമെന്നും ടെഹ്റാനിലെ ഇന്ത്യന്‍ എംബസി പുറത്തിറക്കിയ പുതുക്കിയ യാത്രാ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇറാനില്‍ അസ്ഥിരതയും സംഘര്‍ഷങ്ങളും വലിയ തോതില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇന്ത്യക്കാര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഏതെങ്കിലും ആവശ്യങ്ങള്‍ക്കായി ഇറാനിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നവര്‍ സുരക്ഷാ സാഹചര്യം സാധാരണ നിലയിലാകുന്നത് വരെ തത്കാലത്തേക്ക് യാത്രകള്‍ മാറ്റിവയ്ക്കണം. നിലവില്‍ അവിടെ തുടരുന്നവര്‍ക്ക് താല്‍ക്കാലികമായി രാജ്യം വിടാന്‍ ലഭ്യമായ വിമാന സര്‍വീസുകള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. അനിവാര്യമായ കാരണങ്ങളാല്‍ ഇറാനില്‍ തുടരുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും എംബസി നിര്‍ദേശിച്ചു.
രാജ്യത്തെ സാഹചര്യങ്ങള്‍ പൂര്‍ണ്ണമായും മനസ്സിലാക്കുന്നതിനായി വാര്‍ത്തകള്‍ കൃത്യമായി നിരീക്ഷിക്കണം. രാജ്യത്തിന്റെ തെക്കന്‍ തീരപ്രദേശങ്ങള്‍ ഉള്‍പ്പെടെ സൈനിക നീക്കങ്ങള്‍ കൂടുതലുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ കര്‍ശനമായും ഒഴിവാക്കണം. പ്രാദേശിക ഭരണകൂടങ്ങള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കാന്‍ ഇന്ത്യക്കാര്‍ തയ്യാറാകണം. ഇതുവരെ എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്യാത്തവര്‍ എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി എംബസിയുടെ ഔദ്യോഗിക വെബ്‌സൈറ്റും സമൂഹ മാധ്യമ അക്കൗണ്ടുകളും നിരന്തരം പരിശോധിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളില്‍ സഹായം ആവശ്യമുള്ള പൗരന്മാര്‍ക്കായി എംബസി പ്രത്യേക ഹെല്‍പ്പ് ലൈന്‍ നമ്പറുകളും പങ്കുവച്ചിട്ടുണ്ട്. ഏത് പ്രതിസന്ധി ഘട്ടത്തിലും ഇന്ത്യക്കാര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്‍കാന്‍ എംബസി സജ്ജമാണെന്നും അധികൃതര്‍ അറിയിച്ചു.
മേഖലയില്‍ സൈനിക നീക്കങ്ങള്‍ ശക്തമാവുകയും സുരക്ഷാ ഭീഷണി വര്‍ധിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇറാനിലെ പാലങ്ങള്‍, ജല ശുദ്ധീകരണ ശാലകള്‍, വൈദ്യുത നിലയങ്ങള്‍ എന്നിവയ്ക്ക് നേരെ അമേരിക്കന്‍ സൈന്യം വ്യാപകമായ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇതിന് മറുപടിയായി പശ്ചിമേഷ്യയിലുടനീളമുള്ള അമേരിക്കന്‍ സഖ്യരാജ്യങ്ങള്‍ക്ക് നേരെ ടെഹ്റാനും ശക്തമായ തിരിച്ചടികള്‍ നല്‍കി.
ഇതോടെയാണ് മേഖല വീണ്ടും യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നീങ്ങിയത്. ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തുടരുന്നതിനാല്‍ വരും ദിവസങ്ങളിലും സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകാനാണ് സാധ്യത. മുന്‍പും പശ്ചിമേഷ്യയില്‍ സംഘര്‍ഷങ്ങള്‍ രൂക്ഷമായ സമയങ്ങളില്‍ ഇന്ത്യ സമാനമായ യാത്രാ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. അത്തരം സാഹചര്യങ്ങളില്‍ അടിയന്തര സഹായത്തിനായി എംബസിയുമായി നിരന്തരം ബന്ധപ്പെടാന്‍ പൗരന്മാരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. നിലവിലെ സാഹചര്യത്തില്‍ വിദേശത്തുള്ള പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ മുന്‍കരുതല്‍ നടപടികളും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്.
---------------
Hindusthan Samachar / Sreejith S