നെന്മാറ ഇരട്ടക്കൊലപാതകം: പ്രതി ചെന്താമരയ്ക്ക് വധശിക്ഷ
Palakkad, 20 ജൂലൈ (H.S.) പോത്തുണ്ടി ഇരട്ടക്കൊലപാതക കേസില്‍ പ്രതിയായ ചെന്താമരയ്ക്ക് വധശിക്ഷ. അയല്‍വാസികളായ സുധാകരന്‍ , അമ്മ ലക്ഷ്മി എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് വിലയിരുത്തിയാണ് വധശിക്ഷ വിധിച്ചത്. പാലക്കാട്
Chenthamara the accused


Palakkad, 20 ജൂലൈ (H.S.)

പോത്തുണ്ടി ഇരട്ടക്കൊലപാതക കേസില്‍ പ്രതിയായ ചെന്താമരയ്ക്ക് വധശിക്ഷ. അയല്‍വാസികളായ സുധാകരന്‍ , അമ്മ ലക്ഷ്മി എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് വിലയിരുത്തിയാണ് വധശിക്ഷ വിധിച്ചത്. പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെന്നത്ത് ജോര്‍ജാണ് വിധി പറഞ്ഞത്. പ്രതിക്ക് മാനസാന്തരത്തിന് സാധ്യതയില്ലെന്നും സമൂഹത്തിന് വലിയ ഭീഷണിയാണെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കോടതി പൂര്‍ണമായും അംഗീകരിച്ചു.

2025 ജനുവരി 27നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പട്ടാപ്പകല്‍ നടുറോഡില്‍ വച്ചാണ് സുധാകരനെയും ലക്ഷ്മിയെയും പ്രതി കൊടുവാളുകൊണ്ട് വെട്ടിയത്. മുന്‍പ് 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ഇരട്ട ജീവപര്യന്തം ശിക്ഷിക്കപ്പെട്ടയാളാണ് ചെന്താമര. തന്റെ കുടുംബജീവിതം തകരാന്‍ കാരണം സജിതയാണെന്ന അന്ധവിശ്വാസത്തിലായിരുന്നു ആദ്യ കൊലപാതകം. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് സുധാകരനെയും അമ്മയെയും വീടിന് മുന്നില്‍ തടഞ്ഞുനിര്‍ത്തി കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം പോത്തുണ്ടി മാട്ടായി വനമേഖലയില്‍ ഒളിവില്‍ പോയ പ്രതിയെ ജനുവരി 29ന് പൊലീസ് പിടികൂടി.

കേസില്‍ ജൂലൈ 14നാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ഭാരതീയ ന്യായ സംഹിതയിലെ 103(1) പ്രകാരമുള്ള കൊലപാതകം, 126(2) പ്രകാരമുള്ള അന്യായമായി തടഞ്ഞുവയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. വധശിക്ഷയ്ക്ക് പുറമെ 20 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. ഈ തുക കൊല്ലപ്പെട്ട സുധാകരന്റെ മക്കള്‍ക്ക് നല്‍കണം. ജാമ്യവ്യവസ്ഥ ലംഘിച്ചാണ് ഇരട്ടക്കൊലപാതകം നടത്തിയതെന്നും കൊലപാതകത്തിനുശേഷവും പ്രതിക്ക് കുറ്റബോധമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രായത്തിന്റേതായ മാനസിക ബുദ്ധിമുട്ടുകളുണ്ടെന്നും കുറഞ്ഞ ശിക്ഷ നല്‍കണമെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദങ്ങള്‍ കോടതി തള്ളി.

നെന്മാറ കൊലപാതക കേസില്‍ പ്രതിക്ക് വധശിക്ഷ ലഭിക്കുമെന്ന് അന്വേഷണ സംഘം മുന്‍കൂട്ടി പ്രതീക്ഷിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി മുരളീധരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. 56 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞതില്‍ കോടതി സംതൃപ്തി രേഖപ്പെടുത്തുകയും അന്വേഷണ സംഘത്തെ അഭിനന്ദിക്കുകയും ചെയ്തു. കേസിന്റെ വിസ്താര വേളയില്‍ പ്രതിഭാഗം അഭിഭാഷകന്‍ ചാറ്റ് ജിപിടിയുടെ സഹായത്തോടെയാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയതെന്നത് ശ്രദ്ധേയമായി. എന്നാല്‍ ഈ ചോദ്യങ്ങളെ കൃത്യമായി നേരിടാന്‍ അന്വേഷണ സംഘത്തിന് സാധിച്ചു.

വിസ്താരത്തിന് മുന്നോടിയായി 2025 ഫെബ്രുവരി മൂന്നിന് പാലക്കാട് ഡിപിഒയില്‍ വച്ച് മുന്‍ ഡിഐജി ഹരിശങ്കറിന്റെ നേതൃത്വത്തില്‍ മോക്ക് ട്രയല്‍ സംഘടിപ്പിച്ചിരുന്നു. മുന്‍ എസ്പി അജിത് കുമാര്‍ ജഡ്ജിയായും ഹരിശങ്കര്‍ പ്രതിഭാഗം വക്കീലായും ഡിവൈഎസ്പി മുരളീധരന്‍ അന്വേഷണ ഉദ്യോഗസ്ഥനായുമാണ് മോക്ക് ട്രയല്‍ നടത്തിയത്. അന്ന് നേരിടേണ്ടി വന്ന ചോദ്യങ്ങളേക്കാള്‍ ലളിതമായ ചോദ്യങ്ങളാണ് യഥാര്‍ഥത്തില്‍ കോടതിയില്‍ അഭിമുഖീകരിക്കേണ്ടി വന്നത്. മുന്‍ എസ്പി വിശ്വനാഥന്റെ കാലത്ത് രൂപീകരിച്ച പാലക്കാട് ജില്ലയിലെ പ്രോസിക്യൂഷന്‍ വിഭാഗം സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ചതാണെന്ന് ഡിവൈഎസ്പി ചൂണ്ടിക്കാട്ടി.

കേസില്‍ 82 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ പ്രതി ചെന്താമരയുടെ സഹോദരന്‍ രാധാകൃഷ്ണന്‍, ഇയാളുടെ ഭാര്യ, അയല്‍വാസിയായ പൊന്നു എന്ന് വിളിക്കുന്ന സ്ത്രീ, ഗിരീഷ് എന്നീ നാല് സാക്ഷികള്‍ കൂറുമാറിയെങ്കിലും പ്രോസിക്യൂഷന്റെ കേസിനെ ബാധിച്ചില്ല. 91 രേഖകള്‍ കോടതിയില്‍ ഹാജരാക്കി. 28 ദിവസങ്ങള്‍ക്കൊണ്ട് തന്നെ കുറ്റപത്രം തയ്യാറാക്കിയിരുന്നെങ്കിലും ദൃക്സാക്ഷികളെ കണ്ടെത്താന്‍ നേരിട്ട ബുദ്ധിമുട്ടുകളാണ് 56 ദിവസത്തോളം സമയമെടുക്കാന്‍ കാരണമായതെന്ന് ഡിവൈഎസ്പി കൂട്ടിച്ചേര്‍ത്തു.

പ്രതി ഒരു സീരിയല്‍ കില്ലറാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അക്കമിട്ട് നിരത്തി. കൊല്ലപ്പെട്ട സുധാകരനും ലക്ഷ്മിക്കും പുറമേ സ്വന്തം ഭാര്യ, മകള്‍, മരുമകന്‍, ഭാര്യാസഹോദരന്‍, അയല്‍വാസിയായ പുഷ്പ എന്നിവരെയും കൊലപ്പെടുത്താന്‍ ചെന്താമര പദ്ധതിയിട്ടിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. വിചാരണ വേളയിലുടനീളം യാതൊരു കുറ്റബോധവുമില്ലാതെയാണ് പ്രതി പെരുമാറിയത്. താന്‍ ഗാന്ധിജിയല്ലെന്നും തന്നെ തൂക്കിക്കൊന്നോളൂ എന്നും പ്രതി കോടതിയില്‍ വിളിച്ചുപറഞ്ഞിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News