യുക്രെയ്ന് തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന് ആക്രമണം; കാസര്കോട് സ്വദേശിയായ നാവികന് കൊല്ലപ്പെട്ടു
New delhi, 20 ജൂലൈ (H.S.) യുക്രെയ്ന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം. ആക്രമണത്തില്‍ കപ്പലിലുണ്ടായിരുന്ന മലയാളി ജീവനക്കാരനും കൊല്ലപ്പെട്ടു. കാസര്‍കോട് വെള്ളരിക്കുണ്ട് എകെജി നഗര്‍ സ്വദേശി അഖില്‍ ജോയനാണ് (26) മരിച്ചത്. അഞ്ച് വര്‍ഷമായി മ
death


New delhi, 20 ജൂലൈ (H.S.)

യുക്രെയ്ന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം. ആക്രമണത്തില്‍ കപ്പലിലുണ്ടായിരുന്ന മലയാളി ജീവനക്കാരനും കൊല്ലപ്പെട്ടു. കാസര്‍കോട് വെള്ളരിക്കുണ്ട് എകെജി നഗര്‍ സ്വദേശി അഖില്‍ ജോയനാണ് (26) മരിച്ചത്. അഞ്ച് വര്‍ഷമായി മറൈനര്‍ ആണ്. റഷ്യ നടത്തിയ ആക്രമണത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടു. ഇന്ത്യ, സിറിയ ക്രൂ അംഗങ്ങള്‍ സഞ്ചരിച്ച ഭക്ഷ്യധാന്യങ്ങള്‍ നിറച്ച ഗിനിയ-ബിസാവു പതാകയുള്ള കപ്പലിലാണ് ആക്രമണം നടന്നത്.

കപ്പലില്‍ റഷ്യ ആക്രമണം നടത്തിയതായി യുക്രെയ്നിന്റെ തുറമുഖ അതോറിറ്റി തിങ്കളാഴ്ച അറിയിച്ചു. എട്ട് ക്രൂ അംഗങ്ങളെ രക്ഷപ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒഡെസയില്‍ നടന്ന റഷ്യന്‍ ആക്രമണങ്ങളില്‍ ജൂലൈ മാസത്തില്‍ മാത്രം 28 പേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക ഗവര്‍ണര്‍ ഒലെഹ് കൈപ്പര്‍ പറഞ്ഞു.

'എംവി ഗോള്‍ഡന്‍ ലിയോ' കപ്പല്‍ അപകടത്തില്‍ ഒമ്പത് ജീവനക്കാരുടെ മരണം കപ്പലുടമയും സ്ഥിരീകരിച്ചു. എട്ട് പേര്‍ രക്ഷപ്പെട്ടു. കപ്പലിന്റെ ഉടമ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. തെരച്ചിലും രക്ഷാപ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയ ശേഷവും ബന്ധപ്പെട്ട അധികാരികളുമായി ഏകോപിച്ച് നടത്തിയ പരിശോധനയിലാണ് മരണവിവരം സ്ഥിരീകരിച്ചത്.

അഹമ്മദ് ഹമൂയ, സെബാസ്റ്റിന്‍ ബ്ലെസണ്‍, അബ്ദുല്‍ ഖാദര്‍, അല്‍-തുര്‍ക്മാനി, ഹാദി ഹൈദര്‍, ഖാലിദ് ഖമൂസി, മുഹമ്മദ് യഹിയ അല്‍-സലേക്, മു ഹമ്മദ് മജീദ് അല്‍-കുര്‍ദി, അബ്ദുള്ള റഹാല്‍ എന്നിവരാണ് രക്ഷപ്പെട്ടത്.

മുസ്തഫ അമ്മാര്‍, അയ്മാന്‍ ദെയ്ഫല്ല, റകാന്‍ ബിഷാറ, യാസര്‍ സന്ത്‌ലി, മുഹമ്മദ് അല്‍-ബാഗ്ദാദി, അഖില്‍ ജോയന്‍, ഗുര്‍പ്രീത് സിങ് ഭട്ട്, ജഗന്‍ സിങ്, അഭിഷേക് നിഷാദ് എന്നിവരാണ് മരിച്ചത്. ചിലരുടെ ഔദ്യോഗിക തിരിച്ചറിയല്‍ നടപടികള്‍ ഇപ്പോഴും പുരോഗമിക്കുകയാണെന്ന് ഉടമ വ്യക്തമാക്കി. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത് ഉള്‍പ്പെടെയുള്ള നിയമപരവും ഭരണപരവുമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍, എംബസികള്‍, മറ്റ് ബന്ധപ്പെട്ട കക്ഷികള്‍ എന്നിവരുമായി ഏകോപിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉടമ അറിയിച്ചു. ഇതിന് കുറച്ച് സമയം എടുത്തേക്കാമെന്നും അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആഴത്തിലുള്ള അനുശോചനവും അനുഭാവവും രേഖപ്പെടുത്തുന്നതായും രക്ഷപ്പെട്ടവര്‍ക്ക് എത്രയും വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു.

---------------

Hindusthan Samachar / Sreejith S


Latest News