Enter your Email Address to subscribe to our newsletters

Thiruvananthapuram, 20 ജൂലൈ (H.S.)
തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിലും പോഷകസംഘടനകൾക്കിടയിലും ഉയർന്നുവന്ന വലിയ വിവാദങ്ങൾക്കൊടുവിൽ കെ.എസ്.യുവിന്റെ ആവശ്യം മുഖ്യമന്ത്രി വി.ഡി. സതീശൻ തള്ളി. സീനിയർ ഗവൺമെന്റ് പ്ലീഡർ പദവിയിലേക്ക് നിയമിക്കപ്പെട്ട ജിയോണ ജെയിംസിനെ മാറ്റണമെന്ന ആവശ്യവുമായി എത്തിയ കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിനെ മുഖ്യമന്ത്രി തന്റെ ശക്തമായ നിലപാട് നേരിട്ടറിയിക്കുകയായിരുന്നു. സെക്രട്ടേറിയറ്റിൽ വെച്ചു നടന്ന നിർണായക കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി തന്റെ നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കിയത്.
ജിയോണ ജെയിംസിന് മുൻപ് എസ്.എഫ്.ഐ (SFI) പശ്ചാത്തലമുണ്ടെന്നും, അതുകൊണ്ട് അവരെ ഈ പദവിയിൽ നിന്ന് മാറ്റണമെന്നുമാണ് കെ.എസ്.യു തുടക്കം മുതൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, യോഗ്യതയുടെയും അഡ്വക്കേറ്റ് ജനറലിന്റെ (AG) ശുപാർശയുടെയും അടിസ്ഥാനത്തിലാണ് നിയമനം നടന്നിട്ടുള്ളതെന്നും അതിൽ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങി മാറ്റം വരുത്താൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി അലോഷ്യസിനോട് വ്യക്തമാക്കി. ഗവൺമെന്റ് പ്ലീഡർ നിയമനത്തിൽ വിദ്യാർത്ഥി സംഘടനകളുടെ എതിർപ്പുകൾക്ക് സ്ഥാനമില്ലെന്ന തന്റെ മുൻ നിലപാടിൽ മുഖ്യമന്ത്രി ഉറച്ചുനിന്നു.
മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ, സംഘടനയുടെ ആശങ്കകൾ പൂർണ്ണമായും മുഖ്യമന്ത്രിയെ ധരിപ്പിച്ചതായി അറിയിച്ചു. ജിയോണ ജെയിംസിന്റെ മുൻകാല രാഷ്ട്രീയ പശ്ചാത്തലം കൂടിക്കാഴ്ചയിൽ ഉന്നയിച്ചതായി അദ്ദേഹം സമ്മതിച്ചു. ജിയോണ ജെയിംസിന്റെ പശ്ചാത്തലം എസ്.എഫ്.ഐ ആണ്. ആ കുട്ടി ലോ കോളേജിൽ പഠിക്കുന്ന സമയത്ത് സജീവ എസ്.എഫ്.ഐ പ്രവർത്തകയായിരുന്നു. അതിനുശേഷവും ഇടതുപക്ഷ അനുകൂലമായ നിലപാടുകളിലാണ് അവർ ഉറച്ചുനിന്നത് എന്ന കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്, അലോഷ്യസ് പറഞ്ഞു.
എന്നാൽ, ഈ വിഷയത്തിൽ അന്തിമമായ തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്നും, തങ്ങൾക്ക് സർക്കാരിലും പാർട്ടിയുടെ നേതൃത്വത്തിലും പൂർണ്ണ വിശ്വാസമുണ്ടെന്നും അലോഷ്യസ് സേവ്യർ കൂട്ടിച്ചേർത്തു. സർക്കാരുമായി യാതൊരുവിധ ശീതയുദ്ധത്തിനൊപ്പവുമില്ലെന്നും തങ്ങളുടെ വികാരം പാർട്ടിയെ ബോധ്യപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. തങ്ങളെ കേൾക്കാൻ മുഖ്യമന്ത്രി തയ്യാറായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
നേരത്തെ ജിയോണ ജെയിംസിന്റെ നിയമനത്തെച്ചൊല്ലി കോൺഗ്രസിനകത്തും വലിയ രീതിയിലുള്ള ഭിന്നതകൾ ഉടലെടുത്തിരുന്നു. എന്നാൽ ജിയോണയെ ശുപാർശ ചെയ്തത് ഡീൻ കുര്യാക്കോസ് എംപിയാണെന്ന വിവരങ്ങൾ പുറത്തുവന്നതോടെ വിവാദങ്ങൾക്ക് മറ്റൊരു തലം കൈവന്നു. ഉയർന്ന യോഗ്യതയുള്ള അഭിഭാഷക എന്ന നിലയിലാണ് അവരെ താൻ ശുപാർശ ചെയ്തതെന്നും നിലവിൽ അവർ ലോയേഴ്സ് കോൺഗ്രസിന്റെ സജീവ പ്രവർത്തകയാണെന്നുമാണ് ഡീൻ കുര്യാക്കോസ് വ്യക്തമാക്കിയത്. എന്തായാലും കെ.എസ്.യു ഉയർത്തിയ ശക്തമായ പ്രതിഷേധങ്ങളെ തള്ളിക്കൊണ്ട് ജിയോണ ജെയിംസിനെ പ്ലീഡർ സ്ഥാനത്ത് നിലനിർത്താനാണ് വി.ഡി. സതീശൻ സർക്കാരിന്റെ തീരുമാനം.
---------------
Hindusthan Samachar / Roshith K