Enter your Email Address to subscribe to our newsletters

Kochi, 20 ജൂലൈ (H.S.)
വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ വലിയ വിമര്‍ശനം ഉന്നയിച്ച് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെഎസ് ഹംസ. വിഷയം അനാവശ്യമായി വഷളാക്കിയത് സര്‍ക്കാരിന്റെ സമയമല്ലാത്ത സമയത്തുള്ള ഇടപെടലാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഭിന്നിപ്പിച്ച് ഭരിക്കല്‍ നയം സ്വീകരിക്കുന്നത് അത്യന്തം അപകടകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. അദ്ദേഹം.
പതിനൊന്ന് അംഗങ്ങളെ ഒരുമിച്ച് ഉള്‍പ്പെടുത്തി വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട് ആദ്യം പരാതി നല്‍കിയതും കോടതിയെ സമീപിച്ചതും ഒരു ലീഗ് നേതാവാണെന്ന് കെഎസ് ഹംസ വെളിപ്പെടുത്തി. ഇതിന് തൊട്ടുപിന്നാലെയാണ് ബിജെപി വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ് അടക്കമുള്ളവര്‍ സമാനമായ ആവശ്യങ്ങളുന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്. ഒരേ മേശയ്ക്ക് ചുറ്റുമിരുന്ന് നടത്തിയ ചര്‍ച്ചകളുടെയും ഗൂഢാലോചനകളുടെയും ഭാഗമായാണോ ഇത്തരം ഹര്‍ജികളെല്ലാം ഒരേപോലെ ഹൈക്കോടതിയില്‍ എത്തിയത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതിന് പിന്നില്‍ വലിയ കള്ളക്കളികളുണ്ട്.
കേന്ദ്രത്തിന്റെ സോളിസിറ്റര്‍ ജനറലും ഹൈക്കോടതിയിലെ സ്റ്റാന്‍ഡിങ് കൗണ്‍സിലും തമ്മിലുള്ള ഇത്തരം നാടകങ്ങളും കള്ളക്കളികളും അടിയന്തരമായി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് വഖഫ് ബോര്‍ഡിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനങ്ങളില്‍ യാതൊരുവിധ അനാവശ്യ ഇടപെടലുകളും ഉണ്ടായിരുന്നില്ല. എന്നാല്‍ നിലവിലെ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടുകൂടി സ്ഥിതിഗതികള്‍ ആകെ മാറുകയായിരുന്നു.
11 അംഗങ്ങളെ ഒരുമിച്ച് തന്നെ ബോര്‍ഡില്‍ നിയമിക്കണമെന്ന് ഭരണഘടനയിലോ നിയമങ്ങളിലോ ഒരിടത്തും പറയുന്നില്ല. ഭരണപരമായ കാര്യങ്ങള്‍ തടസമില്ലാതെ സുഗമമായി മുന്നോട്ട് കൊണ്ടുപോകാന്‍ ബോര്‍ഡിന് സാധിച്ചിരുന്നു. വഖഫിന്റെ വിഷയത്തില്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ ഒന്നുമില്ലാതെ പൂര്‍ണമായും നിഷ്പക്ഷമായാണ് ബോര്‍ഡ് ഇതുവരെ പ്രവര്‍ത്തിച്ചുപോരുന്നത്.
ചര്‍ച്ചയായ മുനമ്പം വിഷയത്തില്‍ സര്‍ക്കാരിന് യാതൊരുവിധ ആത്മാര്‍ഥതയുമില്ലെന്ന് കെഎസ് ഹംസ ആരോപിച്ചു. ഫറൂഖ് കോളജിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അമിതമായ താത്പര്യവും പക്ഷപാതിത്വവും കാണിക്കുകയാണ്. ബോര്‍ഡിന്റെ ഭാഗം കൃത്യമായി കേള്‍ക്കാതെയും വാദങ്ങള്‍ മനസിലാക്കാതെയും കോടതിയുടെ ഭാഗത്തുനിന്ന് വരുന്ന നിര്‍ദേശങ്ങളും നിരീക്ഷണങ്ങളും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. സര്‍ക്കാരിന്റെ അഡ്വക്കറ്റ് ജനറല്‍ (AG) നേരിട്ട് കോടതിയില്‍ ഹാജരായി ഹര്‍ജിയിലെ വിരുദ്ധ വാദങ്ങളെ ശരിവയ്ക്കുകയാണുണ്ടായത്. ഇപ്പോള്‍ കേവലം തലയൂരാന്‍ വേണ്ടിയുള്ള വിശദീകരണങ്ങള്‍ പറഞ്ഞതുകൊണ്ട് കാര്യമില്ല. ഹൈക്കോടതിയില്‍ നിന്നും വഖഫ് ബോര്‍ഡിനെതിരായി വന്ന പരാമര്‍ശങ്ങളും നിരീക്ഷണങ്ങളും അടിയന്തരമായി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
---------------
Hindusthan Samachar / Sreejith S