Enter your Email Address to subscribe to our newsletters

New delhi, 21 ജൂലൈ (H.S.)
കഴിഞ്ഞദിവസം സി.ജെ.പി. പാര്‍ലമെന്റ് മാര്‍ച്ചിനിടെയുണ്ട സംഘര്‍ഷത്തില്‍ പരിക്കേറ്റ യുവതിയുടെ നില അതീവ ഗുരുതരം. 21-കാരി വെന്റിലേറ്ററില്‍ ചികിത്സയിലാണ്. യുവതിയുടെ നില വഷളാവുകയാണെന്ന് ആശുപത്രിവൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഡല്‍ഹിയിലെ ആര്‍.എം.എല്‍ ആശുപത്രിയിലാണ് യുവതിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
സംഘര്‍ഷത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന പ്രതിഷേധക്കാരെ കാണാന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, അരവിന്ദ് കെജ്രിവാള്‍ അടക്കമുള്ളവര്‍ ആശുപത്രിയില്‍ എത്തി. പരിക്കേറ്റവരുടെ ആരോഗ്യനിലവിലയിരുത്തി. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ ഉന്നത ഉദ്യോഗസ്ഥരുമായി അടിയന്തര യോഗം ചേര്‍ന്ന് ചികിത്സാ സംവിധാനങ്ങളും നിലവിലെ സാഹചര്യമും അവലോകനം ചെയ്തു.
സി.ജെ.പി. സ്ഥാപകന്‍ അഭിജിത് ദീപ്‌കെ ആര്‍.എം.എല്‍. ആശുപത്രിയില്‍ എത്തി യുവതിയെ സന്ദര്‍ശിച്ചു. തുടര്‍ന്ന്, പോലീസ് നടപടിയില്‍ പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കാന്‍ ഇടയായതില്‍ സി.ജെ.പി. സ്ഥാപകന്‍ അഭിജിത് ദീപ്‌കെ പ്രതിഷേധത്തില്‍ പങ്കെടുത്തവരോടും പൊതുജനങ്ങളോടും പരസ്യമായി ക്ഷമാപണം നടത്തി. പ്രതിഷേധക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ തനിക്ക് കൂടുതല്‍ കാര്യക്ഷമമായി ഇടപെടാനായില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് പരിക്കേറ്റ വനിതാ പ്രതിഷേധക്കാരോടുള്ള ഖേദവും അദ്ദേഹം പ്രകടിപ്പിച്ചു.
ഞങ്ങളെ പിന്തുണച്ച എല്ലാവരോടും ഞാന്‍ മപ്പപേക്ഷിക്കുന്നു. പ്രത്യേകിച്ച്, പുരുഷ പോലീസുകാരാല്‍ മര്‍ദനമേല്‍ക്കപ്പെട്ട പെണ്‍കുട്ടിയോട്. നമ്മള്‍ നന്നായി കാര്യങ്ങള്‍ ചെയ്തു. ഡല്‍ഹി പോലീസിന്റെ മനുഷ്യത്വരഹിതമായ പ്രവര്‍ത്തനത്തില്‍നിന്ന് നിങ്ങളെ സംരക്ഷിക്കേണ്ടതായിരുന്നു. ഇരുപതോളം വിദ്യാര്‍ഥികളുടെ മരണത്തിനുത്തരവാദിയായ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനെ രക്ഷിക്കുന്നതിനായി നിരവധി വിദ്യാര്‍ഥികളുടെ ചോര ഒഴുക്കുകയാണ്- അഭിജിത് പറഞ്ഞു. ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് വ്യക്തിപരമായി തന്നെ ബദ്ധപ്പെടണമെന്നും അഭിജിത് ആവശ്യപ്പെട്ടു.
നീറ്റ് അടക്കമുള്ള വിഷയങ്ങളുന്നയിച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കായുള്ള സി.ജെ.പി. പ്രതിഷേധത്തിനിടെ പോലീസ് ലാത്തിവീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. വിദ്യാര്‍ഥികളടക്കം നിരവധി പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റു. ഇതിനിടെയാണ് 21-കാരിക്ക് ഗുരുതരമായി പരിക്കേറ്റത്.
അതേസമയം, പ്രതിഷേധത്തില്‍ പങ്കെടുത്ത എത്രപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തെന്ന കാര്യം വ്യക്തമല്ല. നിരവധിപേരെ പോലീസ് തടവിലാക്കിയിട്ടുണ്ടെന്നും അവരുടെ വിവരങ്ങള്‍ പോലീസ് വ്യക്തമാക്കണമെന്നും അഭിജിത് ആവശ്യപ്പെട്ടിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S