Enter your Email Address to subscribe to our newsletters

Newdelhi , 21 ജൂലൈ (H.S.)
കേരളത്തിലെ വഖഫ് ബോര്ഡിന്റെ മേല്നോട്ടത്തിനായി സര്ക്കാര് ജോയിന്റ് സെക്രട്ടറിയെയോ അഡീഷണല്സെക്രട്ടറിയെയോ നിയോഗിക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചിയും വിപുല് എം പഞ്ചോളിയും ഉള്പ്പെട്ട ബെഞ്ചിന്റേതാണ് വിധി.
ഹൈക്കോടതി ഉത്തരവിന്റെ അവസാന വരിയാണ് സുപ്രീം കോടതി റദ്ദാക്കിയിരിക്കുന്നത്. കേരള ഹൈക്കോടതി ഉത്തരവിനെതിരെ വഖഫ് ബോര്ഡ് സമര്പ്പിച്ച അപ്പീല് പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നടപടി. കേസില് ബിജെപി നേതാവ് ഷോണ് ജോര്ജ് അടക്കം തടസ ഹര്ജി നല്കിയിരുന്നു.
ഹൈക്കോടതി ഉത്തരവ് ഇടക്കാലത്തേക്കാണെന്നും അത് കൊണ്ട് തന്നെ പരമോന്നത കോടതി ഈ വിഷയത്തില് ഇടപെടേണ്ടതില്ലെന്നും വാദത്തിനിടെ വഖഫ് ബോര്ഡിന് വേണ്ടി ഹാജരായ അഭിഭാഷകന് വാദിച്ചു.
വഖഫ് ബോര്ഡ് സുപ്രധാന തീരുമാനങ്ങള് എടുക്കരുതെന്ന് ഈ മാസം ആദ്യം ഹൈക്കോടതി നിര്ദേശിച്ചിരുന്നു. ബോര്ഡിന്റെ ചട്ടക്കൂട് സംബന്ധിച്ച് സമര്പ്പിച്ചിരിക്കുന്ന ഒരു കൂട്ടം ഹര്ജികളില് തീരുമാനം എടുക്കും വരെ നയപരമായ തീരുമാനങ്ങള് എടുക്കുന്നതിനാണ് കോടതി വിലക്ക്. നിലവിലെ ബോര്ഡിലെ അംഗങ്ങളെ സംബന്ധിച്ച് സമര്പ്പിക്കപ്പെട്ട ഒരു കൂട്ടം പൊതുതാത്പര്യ ഹര്ജികളിലായിരുന്നു ഹൈക്കോടതി നടപടി. നിലവിലെ വഖഫ് ബോര്ഡിന്റെ ഘടന പ്രഥമദൃഷ്ട്യാല് തന്നെ 2025 വഖഫ് ഭേദഗതി നിയമത്തിലെ സെക്ഷന് പതിനാലിന് കടകവിരുദ്ധമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. എല്ലാ സംസ്ഥാന വഖഫ് ബോര്ഡുകളിലും രണ്ട് മുസ്ലീം ഇതര അംഗങ്ങളുണ്ടാകണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു.
കോടതിയുടെ അനുമതിയില്ലാതെ നിലവിലെ ബോര്ഡ് സുപ്രധാന തീരുമാനങ്ങള് എടുക്കരുതെന്നും പണം ചെലവാക്കരുതെന്നും നിര്ദ്ദേശിച്ചിട്ടുണ്ട്. വഖഫ് കാര്യങ്ങള് കൈകാര്യം ചെയ്യുന്ന ജോയിന്റ് സെക്രട്ടറിയുടെ മേല്നോട്ടത്തിലാകണം വഖഫ് ബോര്ഡിന്റെ പ്രവര്ത്തനമെന്നും ഹൈക്കോടതി നിര്ദേശിച്ചിരുന്നു.
എന്താണ് വഖഫ് ബോർഡ്
ഇന്ത്യൻ ഭരണഘടനയുടെ 26-ാം വകുപ്പ് പ്രകാരം ഇന്ത്യയിലെ എല്ലാ മതസ്ഥർക്കും തങ്ങളുടെ സ്ഥാപനങ്ങൾ നിർമിക്കാനും കൈകാര്യം ചെയ്യാനും മൗലികാവകാശം ഉറപ്പു നൽകുന്നുണ്ട്. എല്ലാ മത സമുദായങ്ങളിലും ഈ കൃത്യനിർവഹണത്തിന് സർക്കാർ പിന്തുണയുള്ള സംവിധാനങ്ങളുണ്ട്. ഓരോ സംസ്ഥാനത്തിനും ഓരോ വഖഫ് ബോർഡ് ഉണ്ട്. വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ, രേഖകൾ സൂക്ഷിക്കൽ, ഉപയോഗം നിരീക്ഷിക്കൽ തുടങ്ങിയവയാണ് ഉറപ്പാക്കുക എന്നാണ് വഖഫ് ബോർഡുകളുടെ ഉത്തരവാദിത്തം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR