Enter your Email Address to subscribe to our newsletters

Thrissur, 21 ജൂലൈ (H.S.)
തൃശൂർ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകൾ കാർഷിക മേഖലയിലും കൊണ്ടുവന്ന് കർഷകർക്ക് പ്രയോജനകരമാക്കുമെന്ന് കൃഷിമന്ത്രി ടി. സിദ്ധിഖ് പറഞ്ഞു. കേരള കാർഷിക സർവകലാശാല യൂണിയൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പുതുതലമുറയെ കൃഷിയിലേക്ക് ആകർഷിക്കുന്നതീനും വിദ്യാർത്ഥികളിൽ കാർഷിക അവബോധം വളർത്തുന്നതിനും ‘കതിർ’ എന്ന പേരിൽ കാർഷിക ക്ലബ്ബുകൾ രൂപീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ 500 സ്കൂളുകളിൽ ക്ലബ്ബുകൾ ആരംഭിക്കും.
സംസ്ഥാനത്ത് തരിശായി കിടക്കുന്ന ഭൂമിയുടെ വിവരശേഖരണം ഒന്നര മാസത്തിനകം പൂർത്തിയാക്കും. തരിശുഭൂമികൾ കണ്ടെത്തി കൃഷിയോഗ്യമാക്കുന്നതിനാവശ്യമായ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കും. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരെ കൃഷിയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികളും സ്വീകരിക്കും. അഗ്രി സ്റ്റാർട്ടപ്പുകൾക്ക് ആവശ്യമായ പിന്തുണ നൽകും. കർഷകരെ അന്തർദേശീയ വിപണിയുമായി ബന്ധിപ്പിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കാർഷിക സർവകലാശാല വിദ്യാർത്ഥി യൂണിയന് മന്ത്രി പൂർണ പിന്തുണ പ്രഖ്യാപിച്ചു. മാതൃകാപരവും വിജ്ഞാനപ്രദവുമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാൻ വിദ്യാർത്ഥി യൂണിയന് കഴിയണം. ഇതിനാവശ്യമായ എല്ലാ പിന്തുണയും കൃഷിവകുപ്പും സർവകലാശാലയും നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
വിവിധ പദ്ധതികളിലെ ഗുണഭോക്താതാക്കൾക്കുള്ള കാർഷിക ഉപാധികളുടെ വിതരണ ഉദ്ഘാടനവും നവീകരിച്ച വിഞ്ജാന വിപണന കേന്ദ്രത്തിൻ്റെ ഉദ്‌ഘാടനം സർവ്വകലാശാല ജനറൽ കൗൺസിലംഗം സി.വി ബാലകൃഷ്ണൻ എം എൽ എ നിർവ്വഹിച്ചു.
കെ അഗ്രിടെക് ലോഞ്ച് പാഡ് ഉദ്ഘാടനവും വിദ്യാർത്ഥികൾക്കായുള്ള പഠനത്തോടൊപ്പം വരുമാനം പദ്ധതിയുടെ ഉദ്ഘാടനവും ജനറൽ കൗൺസിൽ അംഗം സനീഷ് കുമാർ ജോസഫ് എം.എൽ എ നിർവഹിച്ചു.
വിദ്യാർത്ഥി യൂണിയൻ പ്രസിഡൻറ് സി പി ഹരിനന്ദ് അധ്യക്ഷത വഹിച്ചു. കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ടി സജിതാ റാണി രക്ഷാധികാരി സന്ദേശം നൽകി. പിന്നണി ഗായകൻ കെ എസ് ഹരിശങ്കർ മുഖ്യാഥിതി ആയിരുന്നു. സർവ്വകലാശാല രജിസ്ട്രാർ ഡോ എഫ് മേരി റജീന , ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻനും വിദ്യാർത്ഥി യൂണിയൻ വൈസ് പേട്രണുമായ ഡോ. അബ്ദുൽ ഹക്കിം, കേരള വെറ്റിനറി സർവകലാശാല രജിസ്ട്രാർ ഡോ. സബിൻ ജോസഫ് എന്നിവർ പങ്കെടുത്തു.
---------------
Hindusthan Samachar / Sreejith S