Enter your Email Address to subscribe to our newsletters

Thiruvanathapuram, 21 ജൂലൈ (H.S.)
സംസ്ഥാനത്തെ എല്ലാ മാസവും മികച്ച ഡ്രൈവർക്കും കണ്ടക്ടർക്കും അവാർഡ് നൽകുന്ന പുതിയ പദ്ധതി കെഎസ്ആർടിസി നടപ്പാക്കുന്നു. ഓരോ ഡിപ്പോയിലെയും മികച്ച ഡ്രൈവറെയും കണ്ടക്ടറെയും ആദ്യം തെരഞ്ഞെടുത്ത ശേഷമാണ് സംസ്ഥാനതല ജേതാക്കളെ കണ്ടെത്തുക.
യൂണിറ്റ് ഓഫീസർ ചെയർമാനും സുപ്രണ്ട് കൺവീനറുമായ അഞ്ചംഗ സമിതിയാണ് പ്രാഥമിക വിലയിരുത്തൽ നടത്തുക. കോർപ്പറേഷൻ നിശ്ചയിച്ച മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി ആകെ 100 മാർക്കിലാണ് തിരഞ്ഞെടുപ്പ്.
കണ്ടക്ടർമാരുടെ കാര്യത്തിൽ വരുമാന നേട്ടത്തിനാണ് ഏറ്റവും കൂടുതൽ പ്രാധാന്യം. ഓരോ ഷെഡ്യൂളിലെയും വരുമാന ലക്ഷ്യം പൂർണമായി കൈവരിക്കുന്നവർക്ക് 60 മാർക്ക് ലഭിക്കും. ഹാജർ, സമയകൃത്യത, യാത്രക്കാരോടുള്ള പെരുമാറ്റം എന്നിവയ്ക്കും പ്രത്യേകം മാർക്ക് നൽകും.
ഡ്രൈവർമാർക്ക് ഇന്ധനക്ഷമതയ്ക്ക് 60 മാർക്കും, സുരക്ഷിതമായ ഡ്രൈവിങ്ങിന് 20 മാർക്കും, ഹാജർ, സമയകൃത്യത, അച്ചടക്കം എന്നിവയ്ക്കായി ബാക്കി മാർക്കും നിശ്ചയിച്ചിട്ടുണ്ട്.
ഓരോ ഡിപ്പോയിൽ നിന്നുമുള്ള മികച്ച 10 ഡ്രൈവർമാരെയും 10 കണ്ടക്ടർമാരെയും ആദരിക്കും. ഇവരിൽ നിന്ന് മൂന്ന് പേരുടെ വീതം പട്ടിക എച്ച്.ആർ. വിഭാഗത്തിന് കൈമാറും. ഈ പട്ടികയിൽ നിന്നാണ് സംസ്ഥാനതലത്തിലെ മികച്ച ഡ്രൈവറെയും കണ്ടക്ടറെയും തിരഞ്ഞെടുക്കുക.
ഡ്രൈവർമാരുടെ അശ്രദ്ധ മൂലമുള്ള അപകടങ്ങൾ, കെഎസ്ആർടിസി വിജിലൻസ് വിഭാഗം രേഖപ്പെടുത്തിയ ഗുരുതര പരാതികൾ ഉൾപ്പെടെയുള്ള അയോഗ്യതകൾ ഉള്ളവർക്ക് മികവ് തെളിയിച്ചാലും അവാർഡിന് അർഹത ലഭിക്കില്ല. സർക്കാർ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ജൂലൈ മാസത്തെ പട്ടിക ഉടൻ സമർപ്പിക്കാനും തുടർന്നുള്ള മാസങ്ങളിൽ എല്ലാ മാസവും അഞ്ചിന് മുമ്പ് പട്ടിക നൽകാനും നിർദേശം നൽകിയിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S