Enter your Email Address to subscribe to our newsletters

Kozhikode, 21 ജൂലൈ (H.S.)
ഴിക്കോട്: കെഎസ്ആർടിസി – സ്വിഫ്റ്റ് കമ്പനിക്കായി വാങ്ങിയ ബസുകളുടെ പർച്ചേസിൽ വൻ ക്രമക്കേടും അഴിമതിയും നടന്നിട്ടുണ്ടെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. നിരത്തിലിറക്കി കേവലം രണ്ടു മുതൽ നാലു വർഷവും മൂന്നു മാസവും മാത്രം പഴക്കമുള്ള 10 ബസുകളുടെ ഷാസിയാണ് ഇതിനകം പൊട്ടിയതെന്നാണ് ജീവനക്കാരും തൊഴിലാളി സംഘടനകളും ചൂണ്ടിക്കാണിക്കുന്നത്.
സാധാരണ ഗതിയിൽ പതിറ്റാണ്ടുകളോളം യാതൊരുവിധ കേടുപാടുകളും കൂടാതെ സർവീസ് നടത്തേണ്ട ഷാസികളാണ് ചുരുങ്ങിയ കാലയളവിനുള്ളിൽ ത തകരാറിലായിരിക്കുന്നത്. ബോഡിയും എഞ്ചിനും താങ്ങിനിർത്തുന്ന പ്രധാന അടിത്തറയായ ഷാസി തകരുന്നത് യാത്രക്കാരുടെ സുരക്ഷയ്ക്ക് വൻ ഭീഷണിയാണ് ഉയർത്തുന്നത്. തകരാറിലായ പല ബസുകളും സർവീസുകൾ നടത്താനാകാതെ ഡിപ്പോകളിൽ പിടിച്ചിട്ടിരിക്കുകയാണ്.
ഗുണനിലവാരമില്ലാത്ത ഷാസികളും അനുബന്ധ ഉപകരണങ്ങളും വാങ്ങിയതിനു പിന്നിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് കാണിച്ച് കോൺഗ്രസ് അനുകൂല തൊഴിലാളി സംഘടനയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടിഡിഎഫ്) മുൻപ് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന് ഔദ്യോഗികമായി പരാതി നൽകിയിരുന്നു. മുൻ മാനേജ്മെന്റിന്റെ കാലത്ത് നടന്ന ഈ ഇടപാടുകളെക്കുറിച്ച് വിജിലൻസ് തല അന്വേഷണം വേണമെന്നും ഐഐടി വിദഗ്ധരെ ഉൾപ്പെടുത്തി സാങ്കേതിക പരിശോധന നടത്തണമെന്നുമായിരുന്നു സംഘടനയുടെ ആവശ്യം. എന്നാൽ പരാതി ലഭിച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ തുടർനടപടികളോ അന്വേഷണമോ ഉണ്ടായില്ലെന്നാണ് ജീവനക്കാരുടെ ആക്ഷേപം.
തുടർച്ചയായി ബസുകളുടെ ഷാസി പൊട്ടുന്ന സംഭവങ്ങൾ പുറത്തുവരുന്ന പശ്ചാത്തലത്തിൽ, വിഷയം വീണ്ടും സർക്കാരിന്റെ മുന്നിലെത്തിക്കാനും സമഗ്രമായ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കാനും ഒരുങ്ങുകയാണ് തൊഴിലാളി സംഘടനകൾ. പൊതുമുതൽ ദുരുപയോഗം ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സുരക്ഷിതമല്ലാത്ത ബസുകൾ നിരത്തിലിറക്കി യാത്രക്കാരുടെ ജീവൻ പണയം വെക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും ആവശ്യം ശക്തമാണ്.
കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് (KSRTC-SWIFT) എന്നത് കേരള സർക്കാരിന്റെ കീഴിൽ ദീർഘദൂര, പ്രീമിയം ബസ് സർവീസുകൾ നടത്തുന്നതിനായി രൂപീകരിച്ച ഒരു കമ്പനിയാണ്. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (KSRTC) ഒരു സ്വതന്ത്ര അനുബന്ധ സ്ഥാപനമായി 2021 നവംബറിലാണ് ഇത് പ്രവർത്തനം ആരംഭിച്ചത്.
പ്രധാന സർവീസുകൾയാത്രക്കാരുടെ സൗകര്യങ്ങൾക്കനുസരിച്ച് വിവിധ തരം ബസുകൾ സ്വിഫ്റ്റ് സർവീസ് നടത്തുന്നുണ്ട്:
- ഗജരാജ് (Gajaraj): അത്യാധുനിക സൗകര്യങ്ങളുള്ള വോൾവോ എസി മൾട്ടി-ആക്സിൽ സ്ലീപ്പർ ബസുകൾ.
- ഗരുഡ (Garuda): പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന പ്രീമിയം എസി സീറ്റർ ബസുകൾ.
- സ്വിഫ്റ്റ് ഡീലക്സ് / സൂപ്പർ ഫാസ്റ്റ്: എയർ സസ്പെൻഷനോട് കൂടിയ എസി ഇല്ലാത്ത ദീർഘദൂര ബസുകൾ.
- ഇലക്ട്രിക് ബസുകൾ: പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനായി നഗരങ്ങളിലും അന്തർസംസ്ഥാന റൂട്ടുകളിലും സർവീസ് നടത്തുന്ന ഇ-ബസുകൾ.
റൂട്ടുകൾ
- കേരളത്തിനുള്ളിൽ: തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ പ്രധാന നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു.
- അന്തർസംസ്ഥാന സർവീസുകൾ: ബാംഗ്ലൂർ, ചെന്നൈ, കോയമ്പത്തൂർ തുടങ്ങിയ അയൽസംസ്ഥാന നഗരങ്ങളിലേക്ക് സർവീസ് നടത്തുന്നു.
---------------
Hindusthan Samachar / Roshith K