Enter your Email Address to subscribe to our newsletters

Newdelhi , 23 ജൂലൈ (H.S.)
ന്യൂഡൽഹി: ജന്തർ മന്തറിൽ കഴിഞ്ഞ ഒരു മാസത്തിലേറെയായി തുടരുന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ (സി.ജെ.പി) പ്രതിഷേധ സമരം പുറത്തുനിന്നുള്ള സാമൂഹിക വിരുദ്ധർ പൂർണ്ണമായും തട്ടിയെടുത്തതായി (ഹൈജാക്ക് ചെയ്തതായി) ഡൽഹി പോലീസിന്റെ ഗുരുതര വെളിപ്പെടുത്തൽ. വിദ്യാർഥികളുടെ മറവിൽ പ്രക്ഷോഭത്തിൽ കടന്നുകൂടിയ വിരുദ്ധ ശക്തികൾ ക്രമസമാധാനം തകർക്കാൻ ബോധപൂർവം ശ്രമിക്കുകയാണെന്ന് ഡൽഹി പോലീസ് വ്യക്താക്കൾ ആരോപിച്ചു.
സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ മൂർച്ചയേറിയ കല്ലുകളും കുപ്പികളും ഉപയോഗിച്ച് പെട്ടെന്ന് ആക്രമണം നടത്തുകയും തുടർന്ന് ജനക്കൂട്ടത്തെ അക്രമത്തിലേക്ക് തള്ളിവിടുകയുമാണ് ഇക്കൂട്ടർ ചെയ്യുന്നതെന്നും പോലീസ് ചൂണ്ടിക്കാട്ടി. അതേസമയം, സാഹചര്യം വീണ്ടും സങ്കീർണ്ണമായതോടെ ജന്തർ മന്തറിലും പരിസര പ്രദേശങ്ങളിലും കൂടുതൽ കേന്ദ്രസേനയെ ഡൽഹി പോലീസ് വിന്യസിച്ചിട്ടുണ്ട്.
പോലീസിന് നേരെ കല്ലേറ്; രണ്ട് എ.സി.പിമാർക്ക് പരിക്ക്
കഴിഞ്ഞ ദിവസം വൈകുന്നേരം ജന്തർ മന്തറിന് സമീപം പ്രതിഷേധക്കാർ നടത്തിയ കല്ലേറിൽ രണ്ട് അസിസ്റ്റന്റ് കമ്മീഷണർമാർക്കും (എ.സി.പി) നാല് പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിരുന്നു. പഞ്ചാബി ബാഗിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.സി.പി ജയ് പ്രകാശിന്റെ നെറ്റിയിൽ വൈകുന്നേരം 4:30 ഓടെയാണ് കല്ലേറിൽ പരിക്കേറ്റത്. തുടർന്നുണ്ടായ മറ്റൊരു കല്ലേറിലാണ് രണ്ടാമത്തെ എ.സി.പിക്കും മറ്റ് നാല് ഉദ്യോഗസ്ഥർക്കും പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഉദ്യോഗസ്ഥരുടെ നില നിലവിൽ തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
സമര സംഘാടകർ പറയുന്നത് പോലും കേൾക്കാൻ കല്ലെറിയുന്ന ഈ സംഘങ്ങൾ തയ്യാറാകുന്നില്ലെന്ന് പോലീസ് പറയുന്നു. സമരക്കാരോട് സമാധാനം പാലിക്കാനും ക്രമസമാധാനം കൈയിലെടുക്കരുതെന്നും പോലീസ് നിരന്തരം അഭ്യർത്ഥിക്കുന്നുണ്ട്.
പകൽ സമാധാനം, രാത്രി അക്രമം; വൻ സംയമനം പാലിച്ച് സേന
ദിവസവും രാവിലെയും പകൽ സമയത്തും ജന്തർ മന്തറിൽ സമാധാനപരമായ അന്തരീക്ഷമാണ് അനുഭവപ്പെടുന്നത്. ആളുകൾ വന്ന് കവിതകൾ ചൊല്ലിയും മുദ്രാവാക്യങ്ങൾ വിളിച്ചും പ്രതിഷേധിക്കുന്നു. വേദിയിൽ നിന്നുള്ള അറിയിപ്പുകളിലും സമരം സമാധാനപരമാണെന്ന് ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്.
എന്നാൽ വൈകുന്നേരത്തോടെ കൂടുതൽ ആളുകൾ തടടിച്ചുകൂടുകയും പ്രക്ഷോഭത്തിന്റെ സ്വഭാവം തികച്ചും മാറുകയും ചെയ്യുകയാണ്. പോലീസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് കല്ലേറും അക്രമങ്ങളും നടത്തുകയും സമരം തെരുവുകളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. വിദ്യാർഥികളുടെ ഭാവി മുൻനിർത്തിയും വിഷയത്തിൽ ചർച്ചയ്ക്ക് വഴിയൊരുക്കാനും സർക്കാർ ലക്ഷ്യമിടുന്നതിനാൽ സമരക്കാർക്ക് നേരെ കടുത്ത ബലപ്രയോഗത്തിന് ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. ഇതിനാൽ തന്നെ പോലീസ് വൻ സംയമനം പാലിച്ചാണ് മുന്നോട്ടുപോകുന്നത്.
ഇന്റർനെറ്റ് വിച്ഛേദിച്ചെന്ന് സി.ജെ.പി
അതിനിടെ, ജന്തർ മന്തറിന് ചുറ്റുമുള്ള ഇന്റർനെറ്റ് സേവനങ്ങൾ കേന്ദ്ര സർക്കാർ വിച്ഛേദിച്ചതായി കോക്രോച്ച് ജനതാ പാർട്ടി ആരോപിച്ചു. പ്രക്ഷോഭകരെ അടിച്ചമർത്താൻ സർക്കാർ നീക്കം നടത്തുകയാണെന്ന് സി.ജെ.പി സ്ഥാപകൻ അഭിജിത് ദിപ്കെ 'എക്സ്' (X) പ്ലാറ്റ്ഫോമിൽ കുറിച്ചു. നിഷ്കളങ്കരായ പ്രതിഷേധക്കാർക്ക് നേരെ ബലപ്രയോഗം നടത്താനുള്ള നിയമവിരുദ്ധമായ ഉത്തരവുകൾ പാലിക്കരുതെന്ന് സംഭവസ്ഥലത്ത് വിന്യസിച്ചിരിക്കുന്ന പോലീസിനോടും കേന്ദ്രസേനയോടും അദ്ദേഹം അഭ്യർത്ഥിച്ചു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ഇല്ലാതെ പ്രക്ഷോഭത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിൽ സി.ജെ.പി ഉറച്ചുനിൽക്കുന്നതോടെ ഡൽഹിയിൽ സുരക്ഷ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
---------------
Hindusthan Samachar / Roshith K