Enter your Email Address to subscribe to our newsletters

Newdelhi, 23 ജൂലൈ (H.S.)
ന്യൂഡൽഹി: നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്ക്റോച്ച് ജനതാ പാർട്ടി (CJP) നടത്തുന്ന പ്രതിഷേധ പ്രക്ഷോഭം ശക്തമായതിനെ തുടർന്ന് രാജ്യതലസ്ഥാനത്ത് സുരക്ഷ കടുപ്പിച്ച് ഡൽഹി പൊലീസ്. സുരക്ഷ മുൻനിർത്തി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC) നഗരത്തിലെ പ്രധാനപ്പെട്ട 16 മെട്രോ സ്റ്റേഷനുകൾ തുടർച്ചയായി രണ്ടാം ദിവസവും അടച്ചിട്ടു. വ്യാഴാഴ്ച രാവിലെ 7:30 മുതൽ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ സ്റ്റേഷനുകൾ അടച്ചിടുമെന്നാണ് ഡി.എം.ആർ.സി അറിയിച്ചിരിക്കുന്നത്.
രാജീവ് ചൗക്ക്, മണ്ഡി ഹൗസ്, സെൻട്രൽ സെക്രട്ടറിയേറ്റ് തുടങ്ങിയ പ്രധാന സ്റ്റേഷനുകളിൽ മറ്റ് ലൈനുകളിലേക്ക് മാറാനുള്ള ഇന്റർചേഞ്ച് സൗകര്യം ലഭ്യമാണെങ്കിലും, പ്രവേശനവും പുറത്തുകടക്കലും പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.
അടച്ചിട്ട പ്രധാന മെട്രോ സ്റ്റേഷനുകൾ:
-
പ്രധാന കേന്ദ്രങ്ങൾ: രാജീവ് ചൗക്ക്, സെൻട്രൽ സെക്രട്ടറിയേറ്റ്, മണ്ഡി ഹൗസ്, പട്ടേൽ ചൗക്ക്, ജൻപഥ്
-
മറ്റ് സ്റ്റേഷനുകൾ: ലോക കല്യാൺ മാർഗ്, രാമകൃഷ്ണ ആശ്രമം മാർഗ്, ബരാഖംബ റോഡ്, സുപ്രീം കോർട്ട്, സേവാ തീർത്ഥ്, ഐ.ടി.ഒ (ITO), ഡൽഹി ഗേറ്റ്, ഇന്ദ്രപ്രസ്ഥ, ഖാൻ മാർക്കറ്റ്, ജോർ ബാഗ്, ശിവജി സ്റ്റേഡിയം.
ജന്തർ മന്തറിലെ പ്രതിഷേധവും സംഘർഷവും
ജൂലൈ 20-ന് നടന്ന 'സംസദ് ചലോ' മാർച്ചിന് ശേഷം ജന്തർ മന്തറിൽ സമരക്കാർ തമ്പടിച്ച് പ്രതിഷേധം തുടരുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികളും അനുഭാവികളും പ്രതിഷേധത്തിൽ പങ്കുചേർന്നതോടെ ജനപങ്കാളിത്തം വലിയ തോതിൽ വർദ്ധിച്ചു.
കണക്റ്റിവിറ്റിയും യാത്രാദുരിതവും:
മെട്രോ സ്റ്റേഷനുകൾ തുടർച്ചയായി അടച്ചിട്ടത് പതിനായിരക്കണക്കിന് ഓഫീസർമാരെയും വിദ്യാർഥികളെയും ജനങ്ങളെയും മണിക്കൂറുകളോളം യാത്രാദുരിതത്തിലാക്കി. ട്രെയിനുകൾ അടച്ചിട്ട സ്റ്റേഷനുകളിൽ നിർത്താതെ സർവീസ് നടത്തിയതോടെ ആളുകൾ ദൂരെയുള്ള മറ്റ് സ്റ്റേഷനുകളിൽ ഇറങ്ങി റോഡ് മാർഗ്ഗം യാത്ര ചെയ്യേണ്ടി വന്നു.
ബുധനാഴ്ച രാത്രി കൊണാട്ട് പ്ലേസിനടുത്തുള്ള ടോൾസ്റ്റോയ് മാർഗിൽ പ്രക്ഷോഭകർക്കിടയിൽ കടന്നുകൂടിയ അക്രമികൾ പൊലീസിന് നേരെ കല്ലെറിയുകയും കുപ്പികൾ എറിയുകയും ചെയ്തിരുന്നു. ഈ ആക്രമണത്തിൽ കൊണാട്ട് പ്ലേസ് എ.സി.പി വിവേക് ഭഗതിന് പരിക്കേൽക്കുകയും അദ്ദേഹത്തെ ആർ.എം.എൽ (RML) ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നീട് പൊലീസ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
മെട്രോ സ്റ്റേഷനുകൾ അടച്ചിട്ട് സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നതിന് പകരം വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു. സർക്കാരിൽ നിന്ന് അനുകൂലമായ നടപടി ഉണ്ടാകുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് സിജെപി വക്താക്കൾ വ്യക്തമാക്കുന്നത്.
---------------
Hindusthan Samachar / Roshith K