സിക്കിമിൽ ജലവൈദ്യുത തുരങ്കം തകർന്നു കാണാതായ കോട്ടയം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.
Kottayam , 23 ജൂലൈ (H.S.) സിക്കിമിൽ ജലവൈദ്യുത തുരങ്കം തകർന്നു കാണാതായ കോട്ടയം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. സിക്കിമിൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്ന് കാണാതായ കോട്ടയം പാമ്പാടി വെള്ളൂർ ഇല്ലിവളവ് പത്താഴക്കുഴി കൂരോത്തുപറമ്
GEOLOGIST ANISH DEATH


Kottayam , 23 ജൂലൈ (H.S.)

സിക്കിമിൽ ജലവൈദ്യുത തുരങ്കം തകർന്നു കാണാതായ കോട്ടയം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. സിക്കിമിൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്ന് കാണാതായ കോട്ടയം പാമ്പാടി വെള്ളൂർ ഇല്ലിവളവ് പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ്റെ (43) മൃതദേഹമാണ് കണ്ടെത്തിയത്.

ഇതോടെ ദുരന്തത്തില് ആകെ മരിച്ചവരുടെ എണ്ണം 22 ആയി. നാല് ദിവസത്തെ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് അനീഷ് അവസാനമായി നാട്ടിലെത്തിയത്.

ഇന്നലെ അർദ്ധ രാത്രിയോടെയാണ് തെരച്ചിലിനിടെ മൃതദേഹം കണ്ടെത്തിയത്. തെക്കൻ സിക്കിമിലെ സമർഡൂങ്ങിൽ തീസ്ത ജലവൈദ്യുത പദ്ധതിക്കുവേണ്ടി നാഷനൽ ഹൈഡ്രോ പവർ കോർപറേഷൻ (എൻഎച്ച്പിസി) നിർമിക്കുന്ന തുരങ്കമാണ് കഴിഞ്ഞ തിങ്കളാഴ്ച തകർന്നത്.

എൻഎച്ച്പിസിയുടെ സിക്കിം യൂണിറ്റ് മാനേജരാണ് അനീഷ്. കഴിഞ്ഞ പതിനാറ് വർഷമായി എൻഎച്ച്പിസിയിലെ ജീവനക്കാരനാണ്. 25 പേരെയാണ് കാണാതായത് എന്നാണ് വിവരം. അനീഷിന്റെ മൃതദേഹം മണിപ്പാൽ ആശുപത്രിയിൽ പോസ്റ്റുമോര്ട്ടത്തിനുശേഷം ഡൽഹിയിലേക്ക് കൊണ്ടുപോകും. ഇവിടെ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളം വഴി പാമ്പാടിയിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ടു വരും.

അനീഷിന്റെ ഭാര്യ, സഹോദരൻ, ഭാര്യാസഹോദരൻ എന്നിവർ സിക്കിമിൽ എത്തിയിട്ടുണ്ട്. ഇവരാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കോട്ടയം നാട്ടകം ഗവൺമെൻ്റ് കോളേജിൽ നിന്നാണ് അനീഷ് ജിയോളജിയില് ബിരുദം നേടിയത്. തുടർ പഠനവും ഇവിടെ തന്നെ ആയിരുന്നു.

സിക്കിമിൽ തുരങ്കനിർമാണം നടക്കുന്ന സ്ഥലത്തെ പാറയിടുക്കളുടെ കാഠിന്യം, ജലാംശം എന്നിവ പരിശോധിക്കുന്ന ഉദ്യോഗസ്ഥ സംഘത്തിലായിരുന്നു അനീഷ്. തുരങ്കത്തിനായി പാറ തുരന്നപ്പോൾ പാറയ്ക്കുള്ളിലെ പ്രകൃതിദത്ത മീഥൈൻ വാതകം ചോർന്നതു മൂലമുള്ള സ്ഫോടനത്തിലാണു തുരങ്കം തകർന്നതെന്നാണ് വിവരം. പിന്നാലെ മണ്ണിടിച്ചിൽ ഉണ്ടായി. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ആണ് അപകടം ഉണ്ടായത്.

ഇത് മൂലം രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായിരുന്നു. സംഭവത്തിൽ ഇതുവരെ 20 പേർ മരിച്ചു. പശ്ചിമ ബംഗാൾ, പഞ്ചാബ്, അസം, ഉത്തരഖണ്ഡ് സ്വദേശികളാണ് മരണപ്പെട്ടത്. അനീഷ് അടക്കം കാണാതായ അഞ്ചുപേർക്കായി രക്ഷാപ്രവർത്തനം ഊർജിതമായിരുന്നു. പശ്ചിമബംഗാളിൽനിന്ന് ഖനന സുരക്ഷാ സംഘവും രക്ഷാപ്രവർത്തനത്തിന് എത്തിച്ചേർന്നിരുന്നു. സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ്, ഗവർണർ ഓം പ്രകാശ് മാത്തൂർ തുടങ്ങിയവർ ചൊവ്വാഴ്ച അപകടസ്ഥലം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.

അനീഷ് പഠിച്ച കോട്ടയം ഗവ. കോളേജ് ജിയോളജിവിഭാഗം മേധാവി എ.യു. അനീഷിനെ തിങ്കളാഴ്ച രാത്രി എട്ടോടെ എൻ.എച്ച്.പി.സി. ഉദ്യോഗസ്ഥ വിളിച്ച് ബന്ധുക്കളുടെ ഫോൺനമ്പർ ആവശ്യപ്പെട്ടപ്പോഴാണ് വിവരം നാട്ടിലറിയുന്നത്. അനീഷിന്റെ അബുദാബിയിലുള്ള സഹോദരൻ ബിനീഷിനെയും കമ്പനി അധികൃതർ വിളിച്ചു. അനീഷിന്റെ ഭാര്യ ഡോ. സംഗീത, ഇവരുടെ സഹോദരൻ ബിനീഷ് എന്നിവരെ എൻ.എച്ച്.പി.സി. ഉദ്യോഗസ്ഥർ ഡൽഹിയിൽനിന്ന് വിമാനമാർഗം സിക്കിമിലെത്തിച്ചിരുന്നു.

കോട്ടയം ഗവ. കോളേജിൽ 2001-2004 വർഷത്തിൽ ജിയോളജിയിൽ ബിരുദവും 2004-06 വർഷം ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ അനീഷ് 2011-ലാണ് നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷനിൽ ഹരിയാണയിൽ ജോലിയിൽ പ്രവേശിക്കുന്നത്. ഇവിടെ കുടുംബമായി താമസിക്കുകയായിരുന്നു. ഏഴുമാസംമുൻപാണ് ജോലിക്കായി സിക്കിമിലേക്ക് പോയത്. ഇതോടെ ഭാര്യ സംഗീതയും മക്കളായ അർണവും കാർത്യായനിയും തൃപ്പൂണിത്തുറയിലെ ചൈതന്യനഗറിലുള്ള വീട്ടിലേക്ക് താമസംമാറി.

മണർകാട് കൊച്ചുമറ്റത്തെ വീട്ടിൽ, തോട്ടയ്ക്കാട് ഗവ. ഹൈസ്കൂൾ അധ്യാപകനായിരുന്ന അച്ഛൻ പി.കെ. മോഹനനും അധ്യാപികയായിരുന്ന അമ്മ അമ്മിണിക്കുട്ടിയുമാണുള്ളത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News