Enter your Email Address to subscribe to our newsletters

Newdelhi, 23 ജൂലൈ (H.S.)
പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് രാജ്യസഭയിൽ ഇന്നും കടുത്ത ബഹളം. നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച, ജന്തർമന്തറിലെ വിദ്യാർഥി സമരത്തിന് നേരെ ഉണ്ടായ പൊലീസ് നടപടി തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയത്. ബഹളത്തെ തുടർന്ന് സഭയുടെ നടപടികൾ പലതവണ നിർത്തിവച്ചു. നീറ്റ് പേപ്പർ ചോർച്ച വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ സമ്മർദ്ദം തുടർന്നതിന് പിന്നാലെ കാര്യങ്ങൾ വഷളാകുകയായിരുന്നു.
രാവിലെ 11 മണിക്ക് യോഗം ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ ഉച്ചയ്ക്ക് 12 മണി വരെയും വീണ്ടും ഉച്ചയ്ക്ക് 2 മണി വരെയും സഭ നിർത്തിവച്ചു. ഉച്ചയ്ക്ക് 2 മണിക്ക് സഭ സമ്മേളിച്ചപ്പോൾ വീണ്ടും പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് നിർത്തിവയ്ക്കുകയായിരുന്നു. മൺസൂൺ കാല സമ്മേളനം തുടങ്ങി തുടര്ച്ചയായ നാലാം ദിവസമാണ് സഭ പ്രതിപക്ഷ പ്രതിഷേധത്തിൽ ആവർത്തിച്ച് നിർത്തിവയ്ക്കുന്നത്. ഇന്ന് രാവിലെ സഭ ചേർന്ന ഉടൻ തന്നെ, നീറ്റ് വിഷയത്തിൽ ഉടൻ ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്നും ചർച്ച നടത്താൻ പ്രതിപക്ഷം ഒരു നിബന്ധനയും വയ്ക്കരുതെന്നും പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു.
എന്നാൽ ഈ വിഷയത്തിൽ എന്തെങ്കിലും ചർച്ച നടക്കുന്നതിന് മുമ്പ് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് ആദ്യം രാജിവയ്ക്കണമെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. എന്നാൽ മാത്രമെ പ്രതിപക്ഷം ചർച്ചയ്ക്ക് തയ്യാറാകുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിന്നീട് ഇരുവിഭാഗവും മുദ്രാവാക്യം വിളി തുടർന്നതിനാൽ, രാജ്യസഭാ ചെയർമാൻ സി പി രാധാകൃഷ്ണനാണ് സഭ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടത്.
പ്രതിപക്ഷത്തിൻ്റെ പെരുമാറ്റം വളരെ നിരുത്തരവാദപരമാണെന്ന് സഭാനേതാവ് ജെ പി നദ്ദ വിമർശിച്ചു. അവർ ഒരു ചർച്ചയും ആഗ്രഹിക്കുന്നില്ല, സഭ പ്രവർത്തിക്കാൻ അനുവദിക്കുകയുമില്ല. ആദ്യം, ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ച് ചർച്ച ചെയ്യാൻ അവർ ഞങ്ങളോട് പറഞ്ഞു, നീറ്റും മറ്റ് എല്ലാ വിഷയങ്ങളും ചർച്ച ചെയ്യുമെന്ന് സർക്കാർ പറഞ്ഞെങ്കിനും ഇപ്പോൾ അവർ ചർച്ചയ്ക്ക് തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉച്ചഭക്ഷണത്തിനു ശേഷമുള്ള സിറ്റിംഗിലും രംഗങ്ങൾ വ്യത്യസ്തമായിരുന്നില്ല. വീണ്ടും സഭ സമ്മേളിച്ചപ്പോൾ, ഖാർഗെ ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാർ ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യം ഉന്നയിച്ചു. ഇന്ന് നാലാം ദിവസമാണ് സഭ കൂടുന്നതെന്നും നടപടിക്രമങ്ങൾ പാലിച്ച് സഭ പ്രവർത്തിക്കാൻ അനുവദിക്കൂവെന്നും ഡപ്യൂട്ടി ചെയർമാൻ ഹരിവംശ് പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR