Enter your Email Address to subscribe to our newsletters

Thiruvanathapuram, 23 ജൂലൈ (H.S.)
കേരളത്തിന്റെ ഭാവി വികസനവും സാമ്പത്തിക ഭദ്രതയും ടൂറിസം മേഖലയെ ആശ്രയിച്ചാണെന്നും, ഈ രംഗത്ത് വലിയ സാധ്യതകളുള്ള ഹോംസ്റ്റേ ടൂറിസത്തിന് സംസ്ഥാന സർക്കാർ പ്രത്യേക പരിഗണന നൽകുമെന്നും ടൂറിസം മന്ത്രി പി. സി. വിഷ്ണുനാഥ് പറഞ്ഞു. കേരളത്തിലെ ഹോംസ്റ്റേ ടൂറിസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംരംഭകരുടെ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി 100 ദിവസത്തിനകം തന്നെ ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി നൽകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളും. കേവലം കാഴ്ചകൾ കാണുന്നതിലുപരി പ്രാദേശിക സംസ്കാരം, ഭക്ഷണരീതികൾ, കൃഷി, മത്സ്യബന്ധനം എന്നിവ നേരിട്ട് അനുഭവിച്ചറിയുന്ന എക്സ്പീരിയൻഷ്യൽ ടൂറിസത്തിനാണ് ഇന്ന് ലോകമെമ്പാടും പ്രസക്തിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇതിന് ഏറ്റവും മികച്ച മാതൃകകളാണ് ഹോംസ്റ്റേകൾ. നിലവിൽ 1200-ഓളം ക്ലാസിഫൈഡ് ഹോംസ്റ്റേകൾ സംസ്ഥാനത്തുണ്ട്. അംഗീകാരമില്ലാത്ത എല്ലാ ഹോംസ്റ്റേകളെയും നിരോധിക്കുകയല്ല, മറിച്ച് അവരെക്കൂടി ക്ലാസിഫിക്കേഷൻ നടപടികളുടെ ഭാഗമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. വരുംദിവസങ്ങളിൽ സർക്കാർ നൽകുന്ന ആനുകൂല്യങ്ങളും ഇൻസെന്റീവുകളും ക്ലാസിഫൈഡ് ഹോംസ്റ്റേകൾക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ഗ്രീൻ ഫാം കേരള പ്രൊജക്റ്റിലെ കർശനമായ വിസ്തൃത വ്യവസ്ഥകൾ പുനഃപരിശോധിക്കും. ടൂറിസം മേഖലയിൽ വരുന്ന ബ്യൂറോക്രാറ്റിക് തടസ്സങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനായി ടൂറിസം ഡിപ്പാർട്ട്മെന്റിൽ പ്രത്യേക 'ഇൻവെസ്റ്റ്മെന്റ് സെൽ' ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു.
കൊച്ചിയെ ടൂറിസം ഹബ്ബാക്കി മാറ്റുന്ന വിവിധ പദ്ധതികൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. ജെ.സി. ഡാനിയേൽ ഫിലിം സിറ്റിയുടെ തറക്കല്ലിടൽ, ഒഷ്യനേറിയം, ഫോർട്ട് കൊച്ചി വികസനം, പഴയ ബോട്ട് ജെട്ടിയുടെ നവീകരണം, മാരിടൈം മ്യൂസിയം എന്നിവയും വേഗത്തിലാക്കും. കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്തുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസ്ഥാനത്തെ ടൂറിസം പദ്ധതികൾക്കും ഹോംസ്റ്റേ വികസനത്തിനും ആവശ്യമായ പിന്തുണ ഉറപ്പുനൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ചടങ്ങിൽ കേരള ഗ്രാമീണ ബാങ്കിന്റെ ഹോംസ്റ്റേ സംരംഭകർക്കുള്ള വായ്പാ അനുമതി പത്രങ്ങളുടെ വിതരണവും ടൂറിസം മന്ത്രി പി. സി. വിഷ്ണുനാഥ് നിർവ്വഹിച്ചു.
കൂടാതെ, ടൂറിസം രംഗത്തെ മികവിന് വിവിധ അവാർഡുകളും മന്ത്രി വിതരണം ചെയ്തു.
കേരളത്തിലെ 14 ജില്ലകളിലും ഹോം സ്റ്റേ സംരംഭകർക്ക് വായ്പാ പദ്ധതി നടപ്പിലാക്കിയ കേരള ഗ്രാമീണ ബാങ്ക് സ്റ്റാൻഡിംഗ് ചെയർപേഴ്സൺ വിമല വിജയഭാസ്കറിനെ ആദരിച്ചു.
എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ നടന്ന ചടങ്ങിൻ്റെ ഉദ്ഘാടനം ടി. ജെ. വിനോദ് എം.എൽ. നിർവ്വഹിച്ചു. പരിപാടിയിൽ കേരള ഹാറ്റ്സ് ചെയർമാനും സംസ്ഥാന ടൂറിസം ഉപദേശക സമിതി അംഗവുമായ എം. പി. ശിവദത്തൻ അധ്യക്ഷത വഹിച്ചു, എം എൽ എ മാരായ ടോണി ചമ്മിണി, ദീപക് ജോയ്, മു എംഎൽഎ സൊമിനിക് പ്രസന്റേഷൻ ഹാറ്റ്സ് ജോയിന്റ് ഡയറക്ടർ സന്തോഷ് ടോം, ഡയറക്ടർ ഡോ. കെ. മുരളീധര മേനോൻ, കേരള ടൂറിസം ജോയിന്റ് ഡയറക്ടർ ഡി. ഗിരീഷ് കുമാർ, ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ്, കെ.ടി.എം പ്രസിഡന്റ് ജോസ് പ്രദീപ്, കേരള ഹാറ്റ്സ് വൈസ് ചെയർമാൻ ടി. ബി. ജഗദീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
ചടങ്ങിനോടനുബന്ധിച്ച് ഹോംസ്റ്റേ സംരംഭകർക്കായി ബാങ്ക് വായ്പ രജിസ്ട്രേഷനും ക്ലാസിഫിക്കേഷൻ സർട്ടിഫിക്കറ്റ് രജിസ്ട്രേഷനുമുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു.
---------------
Hindusthan Samachar / Sreejith S