Enter your Email Address to subscribe to our newsletters

Thiruvananthapuram , 23 ജൂലൈ (H.S.)
തിരുവനന്തപുരം: വലിയ വിവാദങ്ങൾ സൃഷ്ടിച്ച ശബരിമല സ്വർണക്കൊള്ള കേസിൽ താൻ ഏതു നിമിഷവും അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ചെയ്യാത്ത കുറ്റത്തിനാണ് തന്നെയും ബോർഡിനെയും ക്രൂശിക്കുന്നതെന്നും ഇതിനെല്ലാം പിന്നിൽ കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയാണെന്നും പി.എസ്. പ്രശാന്ത് വ്യക്തമാക്കുന്നു. ഫേസ്ബുക്കിലൂടെ പങ്കുവെച്ച വൈകാരികമായ കുറിപ്പിലാണ് അദ്ദേഹം അന്വേഷണ സംഘത്തിന്റെ നീക്കങ്ങൾക്കെതിരെയും ഉയർന്ന ആരോപണങ്ങൾക്കെതിരെയും രംഗത്തെത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിലെ പ്രധാന ഭാഗങ്ങൾ
ഭഗവാന്റെ ശ്രീകോവിലിന് മുന്നിലുണ്ടായ അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ തങ്ങൾ ചെയ്ത തെറ്റെന്ന് പ്രശാന്ത് പോസ്റ്റിൽ ചോദിക്കുന്നു. രക്തം വീഴുകയോ മറ്റ് അശുദ്ധികൾ ഉണ്ടാവുകയോ ചെയ്താൽ അത് അങ്ങനെ തന്നെ ഇരുന്നോട്ടെ എന്ന് വിചാരിച്ചിരുന്നെങ്കിൽ ഇന്ന് ഇത്തരമൊരു വിപത്തിൽ വന്നുപെടില്ലായിരുന്നുവെന്നും അദ്ദേഹം കുറിച്ചു. എങ്കിലും അയ്യപ്പ ഭഗവാന് മുന്നിലെ അശുദ്ധി മാറ്റാൻ പ്രവർത്തിച്ചതിൽ തനിക്ക് ഇപ്പോഴും യാതൊരു പശ്ചാത്താപവുമില്ലെന്ന് അദ്ദേഹം ഉറപ്പിച്ചുപറയുന്നു.
കേസിലെ പ്രധാന ആസൂത്രകനായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്കോ ബോർഡംഗങ്ങൾക്കോ യാതൊരുവിധ ബന്ധവുമില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. തങ്ങളുടെ ഭരണകാലത്ത് ഉണ്ണികൃഷ്ണൻ പോറ്റിയുമായി നേരിട്ടോ അല്ലാതെയോ യാതൊരു ഗൂഢാലോചനയും നടത്തിയിട്ടില്ല. ആരെയെങ്കിലും സഹായിക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിൽ നിരവധി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ രേഖാമൂലം കാര്യങ്ങൾ ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഞങ്ങളെക്കൂടി പ്രതിയാക്കണമെന്ന വാശിയോടെ കാര്യങ്ങൾ വളച്ചൊടിക്കുന്നവർക്കും അതിൽ ആനന്ദം കണ്ടെത്തുന്നവർക്കും യാതൊരു കുറ്റവും ചെയ്യാതെ ഞങ്ങൾ അനുഭവിക്കുന്ന വലിയ മാനസിക സംഘർഷം മനസ്സിലാകണമെങ്കിൽ അത് സ്വന്തം ജീവിതത്തിൽ വന്നുചേരണം. അങ്ങനെ ഒരു സ്ഥിതി ആർക്കും ഉണ്ടാകാതിരിക്കട്ടെ.
— പി.എസ്. പ്രശാന്ത് (ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന്)
ഉദ്യോഗസ്ഥ വീഴ്ച തങ്ങളുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം
ദ്വാരപാലക ശിൽപ്പങ്ങൾ പുനരുദ്ധാരണത്തിനായി ചെന്നൈയിലേക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ട് സ്പെഷ്യൽ കമ്മീഷണറെയോ കോടതിയെയോ മുൻകൂട്ടി അറിയിച്ചില്ലെന്ന ആരോപണം കേവലം ഉദ്യോഗസ്ഥ തലത്തിലുണ്ടായ വീഴ്ച മാത്രമാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു. കേവലം രണ്ടു വർഷത്തെ കാലാവധിയിൽ വരുന്ന ദേവസ്വം ബോർഡിന് എല്ലാ വകുപ്പുതല ഉത്തരവുകളെക്കുറിച്ചും അറിവുണ്ടാകണമെന്നില്ല. ദേവസ്വം ഉദ്യോഗസ്ഥരും വിജിലൻസും നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങൾ എടുക്കുന്നത്.
തിരുവാഭരണം കമ്മീഷണർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്പെഷ്യൽ കമ്മീഷണറെ അറിയിച്ചില്ല എന്നതൊഴിച്ചാൽ മറ്റു തരത്തിലുള്ള നിയമലംഘനങ്ങളോ തട്ടിപ്പുകളോ നടന്നിട്ടില്ല. എന്നാൽ ഈ ഉദ്യോഗസ്ഥ വീഴ്ചയെ ബോർഡിന്റെ ഉത്തരവാദിത്തമാക്കി മാറ്റി തങ്ങളെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താനും അറസ്റ്റ് ചെയ്യാനും ആസൂത്രിത നീക്കമാണ് നടക്കുന്നത്. അന്വേഷണ സംഘം (SIT) ആവശ്യപ്പെട്ട എല്ലാ രേഖകളും കൃത്യമായി ഹാജരാക്കിയത് തങ്ങളുടെ ഭരണസമിതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വർണക്കവർച്ച കേസിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ഊർജിതമാക്കുകയും മുൻ ദേവസ്വം ബോർഡ് ഭാരവാഹികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പി.എസ്. പ്രശാന്തിന്റെ ഈ പ്രതികരണം പുറത്തുവന്നിരിക്കുന്നത്.
---------------
Hindusthan Samachar / Roshith K