ഡൽഹിയിൽ പ്രതിഷേധക്കാർ ഇന്റർനെറ്റില്ലാതെ സന്ദേശമയക്കാൻ പ്രത്യേക ആപ്പ് ഉപയോഗിച്ചതായി കണ്ടെത്തൽ: അന്വേഷണവുമായി ഡൽഹി പോലീസ്
Newdelhi , 23 ജൂലൈ (H.S.) ന്യൂഡൽഹി: തലസ്ഥാനത്ത് പ്രക്ഷോഭം നടത്തുന്ന കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി - CJP) പ്രവർത്തകർ ഇന്റർനെറ്റോ മൊബൈൽ നെറ്റ്വർക്കോ ഇല്ലാതെ സന്ദേശങ്ങൾ കൈമാറാൻ പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചതായി ഡൽഹി പോലീസിന്റെ പ്രാഥമിക അ
ഡൽഹിയിൽ പ്രതിഷേധക്കാർ ഇന്റർനെറ്റില്ലാതെ സന്ദേശമയക്കാൻ പ്രത്യേക ആപ്പ് ഉപയോഗിച്ചതായി കണ്ടെത്തൽ: അന്വേഷണവുമായി ഡൽഹി പോലീസ്


Newdelhi , 23 ജൂലൈ (H.S.)

ന്യൂഡൽഹി: തലസ്ഥാനത്ത് പ്രക്ഷോഭം നടത്തുന്ന കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി - CJP) പ്രവർത്തകർ ഇന്റർനെറ്റോ മൊബൈൽ നെറ്റ്വർക്കോ ഇല്ലാതെ സന്ദേശങ്ങൾ കൈമാറാൻ പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചതായി ഡൽഹി പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ജന്തർ മന്തറിലും പരിസര പ്രദേശങ്ങളിലും നടന്ന 'സൻസദ് ചലോ' മാർച്ചിലും തുടർന്നുള്ള പ്രതിഷേധങ്ങളിലും പോലീസും അധികൃതരും നെറ്റ്വർക്ക് ജാമറുകൾ സ്ഥാപിക്കുകയും മൊബൈൽ ഇന്റർനെറ്റ് വിച്ഛേദിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെ മറികടക്കാൻ പ്രതിഷേധക്കാർ ബ്ലൂടൂത്ത് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഓഫ്ലൈൻ മെസേജിങ് ആപ്പുകൾ (Offline Messaging Apps) ഉപയോഗിച്ചെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

എന്താണ് ഈ സാങ്കേതികവിദ്യ? ആപ്പ് എങ്ങനെ പ്രവർത്തിക്കും?

സാധാരണയായി വാട്സ്ആപ്പ്, ടെലഗ്രാം, സിഗ്നൽ തുടങ്ങിയ ജനപ്രിയ മെസേജിങ് ആപ്പുകൾ പ്രവർത്തിക്കാൻ സെല്ലുലാർ ഡാറ്റയോ (4G/5G) വൈഫൈ നെറ്റ്വർക്കോ അനിവാര്യമാണ്. എന്നാൽ ഈ പ്രത്യേക ആപ്പുകൾ പ്രവർത്തിക്കുന്നത് 'ബ്ലൂടൂത്ത് ലോ എനർജി' (Bluetooth Low Energy - BLE) സാങ്കേതികവിദ്യയും 'മെഷ് നെറ്റ്വർക്കിങ്' (Mesh Networking) രീതിയും ഉപയോഗിച്ചാണ്.

ഇത്തരം ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള വ്യക്തികൾക്ക് സെൻട്രൽ സെർവറുകളുടെയോ മൊബൈൽ ടവറുകളുടെയോ സഹായമില്ലാതെ തന്നെ അടുത്തുള്ള മറ്റ് ഫോണുകളിലേക്ക് ബ്ലൂടൂത്ത് വഴി സന്ദേശങ്ങൾ അയക്കാൻ സാധിക്കും. പ്രക്ഷോഭകാരികളിൽ ഒരാൾ അയക്കുന്ന സന്ദേശം അടുത്തുള്ളയാളുടെ ഫോണിലേക്ക് ബ്ലൂടൂത്ത് വഴി എത്തുകയും, അവിടെ നിന്ന് ശൃംഖല പോലെ (Mesh) മറ്റ് ഫോണുകളിലേക്ക് കൈമാറപ്പെടുകയും ചെയ്യും. പ്രതിഷേധ സ്ഥലത്ത് ഈ ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുന്തോറും ഈ ശൃംഖലയുടെ വ്യാപ്തിയും സന്ദേശം സഞ്ചരിക്കുന്ന ദൂരവും വർദ്ധിക്കും.

പോലീസിന്റെ കണ്ടെത്തലും ആശങ്കയും

പ്രതിഷേധത്തിന് മുന്നോടിയായി പ്രവർത്തകർ പങ്കുവെച്ച ഗ്രൂപ്പ് ചാറ്റുകൾ പോലീസ് പരിശോധിച്ചപ്പോഴാണ് ഇത്തരം ആപ്പുകളെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. പ്രതിഷേധ സ്ഥലത്ത് എത്തുമ്പോൾ പോലീസിന്റെ ജാമറുകൾ കാരണം നെറ്റ്വർക്ക് ലഭിച്ചേക്കില്ല, അതിനാൽ എല്ലാവരും മുൻകൂട്ടി ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് കണക്റ്റ് ആകുക എന്ന തരത്തിലുള്ള സന്ദേശങ്ങളും ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കുകളും ഗ്രൂപ്പുകളിൽ പങ്കുവെക്കപ്പെട്ടിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

പോലീസിന്റെ തത്സമയ നിരീക്ഷണ സംവിധാനങ്ങളെയും സൈബർ ട്രാക്കിങ്ങിനെയും മറികടക്കാൻ ഇത്തരം ആപ്പുകൾ സഹായിക്കുന്നു എന്നതാണ് അന്വേഷണ സംഘത്തെ ആശങ്കപ്പെടുത്തുന്നത്. ഹോങ്കോങ് പ്രക്ഷോഭം, ഉക്രെയ്നിലെയും നേപ്പാളിലെയും പ്രതിഷേധങ്ങൾ എന്നിവയിലും സമാനമായ ഓഫ്ലൈൻ മെസേജിങ് സാങ്കേതികവിദ്യകൾ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നതായി ഡൽഹി പോലീസ് ചൂണ്ടിക്കാണിക്കുന്നു.

ഡിജിറ്റൽ തെളിവുകളും വിശകലനവും

സംഭവത്തിൽ ആസൂത്രിതമായ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താൻ പോലീസിന്റെ ആന്റി-ടെറർ യൂണിറ്റും സൈബർ വിദഗ്ധരും ചേർന്ന് സാങ്കേതിക പരിശോനകൾ നടത്തിവരികയാണ്. സി.സി.ടി.വി ദൃശ്യങ്ങൾ, ഡ്രോൺ ദൃശ്യങ്ങൾ, IPDR (ഇന്റർനെറ്റ് പ്രോട്ടോക്കോൾ ഡീറ്റെയിൽ റെക്കോർഡ്) വിശകലനം എന്നിവയ്ക്കൊപ്പം ഇന്റർനെറ്റില്ലാതെ സന്ദേശങ്ങൾ കൈമാറാൻ സഹായിച്ച ആപ്പുകളുടെ സേവനദാതാക്കളുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

---------------

Hindusthan Samachar / Roshith K


Latest News