വാണിയം പുഴ, നെടുങ്കയം ഉന്നതികളിലെ പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണും: മന്ത്രി ഷിബു ബേബിജോൺ
Malappuram, 23 ജൂലൈ (H.S.) നിലമ്പൂർ വനമേഖലയിലെ വാണിയംപുഴ, നെടുങ്കയം ഉന്നതികളിലെ നിവാസികൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം ഉണ്ടാകുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബിജോൺ പറഞ്ഞു. ഉന്നതികൾ സന്ദർശിച്ച് നിവാസികളുമായി ആശയവിനിമയം നടത
shibu


Malappuram, 23 ജൂലൈ (H.S.)

നിലമ്പൂർ വനമേഖലയിലെ വാണിയംപുഴ, നെടുങ്കയം ഉന്നതികളിലെ നിവാസികൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം ഉണ്ടാകുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബിജോൺ പറഞ്ഞു. ഉന്നതികൾ സന്ദർശിച്ച് നിവാസികളുമായി ആശയവിനിമയം നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

വനമേഖലയിൽ അധിവസിക്കുന്ന ജനങ്ങളുടെ ജീവിതസാഹചര്യം എങ്ങനെ മെച്ചപ്പെടുത്താൻ സാധിക്കുമെന്ന് നേരിട്ടു മനസ്സിലാക്കാൻ വേണ്ടിയാണ് വിവിധ വകുപ്പുകളുടെ പ്രതിനിധികളുമായി ഉന്നതികൾ സന്ദർശിച്ചതെന്ന് മന്ത്രി പറഞ്ഞു.

നെടുങ്കയം, വാണിയംപുഴ ഉന്നതികളിൽ കമ്മ്യൂണിറ്റി ഹാളിന് ഉടൻ സ്ഥലം അനുവദിക്കും. വാണിയംപുഴ ഉന്നതിയിൽ പ്രീ പ്രൈമറി സ്കൂളിനായി വിദ്യാഭ്യാസ വകുപ്പ് അപേക്ഷ നൽകിയാലുടനെതന്നെ സ്ഥലം അനുവദിക്കും. ഉന്നതികളിലെ ജനങ്ങളുടെ അപേക്ഷ മാനിച്ചാണ് അടിയന്തിര നടപടി.

ഉന്നതികളിലെ അംഗങ്ങൾക്ക് വനവുമായി ബന്ധപ്പെട്ട ജോലികളിൽ മുൻഗണന നൽകണമെന്ന ആവശ്യവും മന്ത്രി അംഗീകരിച്ചു. വന മേഖലയിൽ ഗാർഡുകളായും ഗൈഡുകളായും കാടിനെ അറിയുന്ന കായികക്ഷമതയുള്ള വ്യക്തികളുടെ സേവനം ആവശ്യമുണ്ട്. ഇതിനായി രൂപീകരിക്കുന്ന 500 പേരുടെ സ്പെഷ്യൽ റിസർവ് ഫോഴ്സിൽ പ്രഥമ പരിഗണന ട്രൈബൽ കമ്മ്യൂണിറ്റികൾക്കായിരിക്കും.

വനം വകുപ്പ് വന- വന്യമൃഗ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന തോടൊപ്പം പരിസരത്ത് താമസിക്കുന്ന കൃഷിക്കാരുടെ താൽപര്യങ്ങളും സംരക്ഷിക്കുന്ന വിധത്തിലുള്ള നയപരമായ മാറ്റങ്ങളാണ് ആവിഷ്കരിക്കുന്നത്. ഇവ രണ്ടും സംയോജിപ്പിച്ചു കൊണ്ടുപോകുന്ന നയമാണ് ഈ സർക്കാരിൻ്റെത്. ഉന്നതികളുടെ സാംസ്കാരികത്തനിമയും പാരമ്പര്യവും നിലനിർത്തി ഉന്നതികളുടെ മേൽനോട്ടത്തിൽ ഉത്തരവാദിത്ത ടൂറിസത്തിൻ്റെ സാധ്യതകൾ പരിശോധിക്കും. ഉന്നതികളിലെ കുടിവെള്ള പ്രശ്നങ്ങൾക്കും ഉടൻ പരിഹാരം ഉണ്ടാക്കും.

നിയമപരമായി തടസങ്ങളില്ലാത്ത ഭൂവിഷയങ്ങളിൽ 3 മാസത്തിനകവും സർവേ പോലുള്ള കൂടുതൽ സമയം ആവശ്യമുള്ള വിഷയങ്ങളിൽ പരമാവധി ആറു മാസത്തിനകവും എൻഒസികൾ നൽകിയിരിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കൂടാതെ കർഷകർക്കുള്ള ആനുകൂല്യങ്ങളും വേഗത്തിൽ വിതരണം ചെയ്യും. വനവുമായി ബന്ധപ്പെട്ട ചെറിയ കേസുകളും ഉടനടി തീർപ്പാക്കും. ഇതിനായി മൂന്ന് അദാലത്തുകൾ നിലമ്പൂരിൽ ആഗസ്റ്റ് മാസം നടത്തുമെന്നും മന്ത്രി അറിയിച്ചു.

നെടുങ്കയം ഉന്നതിയിൽ 200 വീടുകളുടെ അറ്റകുറ്റപണി ചെയ്യാൻ രണ്ടര ലക്ഷം രൂപ വീതം പട്ടിക വർഗ്ഗ ക്ഷേമ വകുപ്പ് അനുവദിക്കുമെന്നും എട്ടാം ക്ലാസ് മുതൽ കുട്ടികൾ പഠിക്കുന്ന വീടുകളിൽ ഒരു മുറി കൂടി അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് അനുവദിക്കുമെന്നും പ്രോജക്ട് ഓഫീസർ മന്ത്രിയെ അറിയിച്ചു. അപേക്ഷകൾ ശേഖരിക്കുന്നതിന് പഞ്ചായത്ത് അംഗത്തെ ചുമതലപ്പെടുത്തി.

വാണിയംപുഴ ഇരുട്ടുകുത്തി ഉന്നതികളിൽ 2019 ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട അഞ്ചു കുടുംബങ്ങൾക്ക് വനാവകാശ രേഖകളും തണ്ടൻകല്ല് ഉന്നതിയിലെ 18 കുടുംബങ്ങൾക്ക് സോളാർ പവർ കിറ്റുകളും മന്ത്രി വിതരണം ചെയ്തു.

കാട്ടാന ആക്രമണത്തിൽ മരിച്ച കുടിഞ്ഞിവില്ലിയുടെ അനന്തരാവകാശി ഓണത്തിക്ക് നഷ്ടപരിഹാരമായി അഞ്ചു ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്തു. സർക്കാരിൻ്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി വാണിയംപുഴ ഉന്നതിയും പരിസരവും അടിക്കാട് വൃത്തിയാക്കുന്നതിന് വീഡ് കട്ടറും വിതരണം ചെയ്തു. ചോളനായ്ക്കന്മാരുടെ

മാഞ്ചീരി വനാന്തർഭാഗത്തുള്ള

ഉന്നതിയും മന്ത്രി സന്ദർശിച്ചു.

നിലമ്പൂർ എം എൽ എ ആര്യാടൻ ഷൗക്കത്ത്, മലപ്പുറം ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ,

അഡി. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സോഷ്യൽ ഫോറസ്ട്രി) ഡോ. പ്രമോദ് ജി. കൃഷ്ണൻ, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ഈസ്റ്റേൺ സർക്കിൾ) കെ. വിജയാനന്ദ്, അഡി. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ഇ& റ്റി.ഡബ്ല്യു) കെ. കാർത്തികേയൻ, സബ് കളക്ടർ സാക്ഷി, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാരായ പി. ധനേഷ് കുമാർ, ജി. ധനിക് ലാൽ

തുടങ്ങിയവർ പങ്കെടുത്തു.

---------------

Hindusthan Samachar / Sreejith S


Latest News