Enter your Email Address to subscribe to our newsletters

Harare, 25 ജൂലൈ (H.S.)
സിംബാബ്വെക്കെതിരായ രണ്ടാം ട്വന്റി-20 മത്സരത്തില്‍ ഇന്ത്യക്ക് ആധികാരിക വിജയം. 90 റണ്‍സിന്റെ വന്‍ ജയവുമായി ഇന്ത്യ പരമ്പര സ്വന്തമാക്കി. ഇഷാന്‍ കിഷന്റെയും തിലക് വര്‍മ്മയുടെയും അര്‍ദ്ധ സെഞ്ചുറികളുടെ കരുത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 220 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്വെ 17.5 ഓവറില്‍ 129 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 2-0 ന് മുന്നിലെത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തിരിച്ചടിയേറ്റു. ഓപ്പണര്‍മാരായ അഭിഷേക് ശര്‍മ്മയെയും (8) വെടിക്കെട്ട് തുടക്കം കുറിച്ച വൈഭവ് സൂര്യവംശിയെയും (9 പന്തില്‍ 20) ഇന്ത്യയ്ക്ക് വേഗത്തില്‍ നഷ്ടമായി. 29 റണ്‍സിന് 2 വിക്കറ്റ് എന്ന നിലയില്‍ പതറിയ ഇന്ത്യയെ മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും (25) ഇഷാന്‍ കിഷനും ചേര്‍ന്ന് കരകയറ്റി. ഇരുവരും ചേര്‍ന്ന് 66 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
ശ്രേയസ് പുറത്തായ ശേഷം ക്രീസിലൊന്നിച്ച ഇഷാന്‍ കിഷന്‍-തിലക് വര്‍മ്മ സഖ്യം സിംബാബ്വെ ബൗളര്‍മാരെ കടന്നാക്രമിച്ചു. 31 പന്തില്‍ അര്‍ദ്ധ സെഞ്ചുറി തികച്ച ഇഷാന്‍ കിഷന്‍ പിന്നീട് കൂടുതല്‍ അക്രമണകാരിയായി മാറി. 44 പന്തില്‍ 9 ഫോറും 2 സിക്‌സറുമടക്കം 81 റണ്‍സെടുത്താണ് ഇഷാന്‍ പുറത്തായത്. മറുവശത്ത് 23 പന്തില്‍ അര്‍ദ്ധ സെഞ്ചുറി തികച്ച തിലക് വര്‍മ്മ 29 പന്തില്‍ 60 റണ്‍സുമായി പുറത്താകാതെ നിന്നു. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 94 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തിയത്. അവസാന അഞ്ചോവറില്‍ 61 റണ്‍സാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ അടിച്ചുകൂട്ടിയത്. ഇതോടെ ഇന്ത്യ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിലെത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ജിംബാബ്വെയ്ക്ക് ബ്രയാന്‍ ബെന്നറ്റ് (19 പന്തില്‍ 32) വെടിക്കെട്ട് തുടക്കം നല്‍കിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി മത്സരം തിരികെ പിടിച്ചു. 17.5 ഓവറില്‍ 129 റണ്‍സിന് ജിംബാബ്വെ ബാറ്റിംഗ് നിര തകര്‍ന്നു തരിപ്പണമായി. ഇന്ത്യക്കായി അഭിഷേക് ശര്‍മ്മ 3 വിക്കറ്റും, പ്രിന്‍സ് യാദവ്, യാഷ് താക്കൂര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി തിളങ്ങി. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഞായറാഴ്ച നടക്കും.
---------------
Hindusthan Samachar / Sreejith S