Enter your Email Address to subscribe to our newsletters

Bengaluru, 26 ജൂലൈ (H.S.)
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനം ധര്‍മേന്ദ്ര പ്രധാന്റെ രാജി വലിയ ത്യാഗമായി അവതരിപ്പിക്കുന്ന ബിജെപിയെ വിമര്‍ശിച്ച് കര്‍ണ്ണാടക മുഖ്യമന്ത്രി ഡികെ ശിവകുമാര്‍. പ്രധാന്‍ സ്വമേധയാ രാജിവച്ചതല്ലെന്നും രാജ്യത്തെ വിദ്യാര്‍ഥികളുടെ സമ്മര്‍ദം മൂലമാണ് നിര്‍ണായക നീക്കമുണ്ടായതെന്നും ശിവകുമാര്‍ പറഞ്ഞു. 'ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റയും ആഗ്രഹമായിരുന്നില്ല ഈ രാജി. ഭാവി സംരക്ഷിക്കണമെന്ന് വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും രാജ്യത്തെ 140ഓളം കോടി ജനങ്ങളുടെയും ആഗ്രഹമായിരുന്നു,' ഡി കെ ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
വിദ്യാര്‍ഥികള്‍ രാജ്യത്തിന്റെ ഭാവിയാണ്. അവരുടെ വികാരങ്ങള്‍ മാനിക്കപ്പെടേണ്ടതുണ്ട്, അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടണ്ടതുണ്ട്, അത് രാജ്യത്തിന്റെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മെയ് 3-ന് നടന്ന നീറ്റ് പരീക്ഷയിലെ ക്രമക്കേടുകള്‍ ആരോപിച്ചും സര്‍ക്കാര്‍ ഈ വിഷയം കൈകാര്യം ചെയ്തതിലും പ്രതിഷേധിച്ച് ആഴ്ചകളായി കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) നയിച്ച രാജ്യവ്യാപക പ്രതിഷേധങ്ങളെത്തുടര്‍ന്ന് ശനിയാഴ്ചയാണ് ധര്‍മേന്ദ്ര പ്രധാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനം രാജിവച്ചത്.
അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും സിജെപിയും (കോക്രോച്ച് ജനത പാര്‍ട്ടി) പാര്‍ലമെന്റിലും തെരുവിലും കടുത്ത പ്രക്ഷോഭം തുടരുന്നതിന് പിന്നാലെയായിരുന്നു രാജി. വിദ്യാഭ്യാസ മന്ത്രിയുടെ രാജിയില്‍ യാതൊരു ഒത്തുതീര്‍പ്പിനുമില്ലെന്നും, സര്‍ക്കാര്‍ അതിന് തയ്യാറല്ലെങ്കില്‍ ചര്‍ച്ചകളില്‍ അര്‍ഥമില്ലെന്നും സിജെപി വ്യക്തമാക്കിയിരുന്നു.
ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തെത്തുടര്‍ന്ന് വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങള്‍ നടത്തിയ ഏറ്റവും ശക്തമായ പോരാട്ടത്തിനൊടുവില്‍ കൂടിയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവച്ചത്. പരീക്ഷാ അഴിമതികളുടെ പേരില്‍ ഒരു കേന്ദ്രമന്ത്രിക്ക് പദവി ഒഴിവാക്കേണ്ടി വരുന്നത് സമീപകാല ചരിത്രത്തില്‍ ആദ്യമായാണ്. കഴിഞ്ഞ ദിവസം വരെ ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കില്ലെന്ന കടുത്ത നിലപാടിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍.
മന്ത്രിയെ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നും മാറ്റി മറ്റൊരു വകുപ്പ് നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും, വകുപ്പ് മാറ്റമല്ല രാജിയാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സിജെപിയും ഒരുപോലെ ശക്തമായി ആവശ്യപ്പെട്ടു. സിജെപി പ്രതിനിധികളായ സൗരഭ് ദാസ്, അശുതോഷ് റാങ്ക എന്നിവരുമായി കേന്ദ്രമന്ത്രിമാരായ ജെ പി നദ്ദ, ജിതേന്ദ്ര സിങ് എന്നിവര്‍ നടത്തിയ ചര്‍ച്ചയില്‍ രാജി ഒഴികെയുള്ള ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ പ്രധാന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രക്ഷോഭകര്‍ ഉറപ്പിച്ചു പറഞ്ഞതോടെ മൂന്നാംഘട്ട ചര്‍ച്ചയ്ക്ക് മുന്‍പ് തന്നെ മന്ത്രി രാജിവയ്ക്കുകയായിരുന്നു.
---------------
Hindusthan Samachar / Sreejith S