Enter your Email Address to subscribe to our newsletters

Bengaluru, 26 ജൂലൈ (H.S.)
കര്‍ണ്ണാടക മുഖ്യമന്ത്രി സ്ഥാനം നഷ്ടമായതിന് പിന്നാലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില് നിന്ന് വിരമിക്കല് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. ഇന്നത്തെ രാഷ്ട്രീയം പൂര്‍ണമായി ദുഷിച്ചുവെന്ന് സിദ്ദരാമയ്യ പറഞ്ഞു. 2028-ലെ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്നും പ്രഖ്യാപിച്ചു. എക്സില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് സിദ്ധരാമയ്യ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം ഡി.കെ. ശിവകുമാറിന് കൈമാറിയതിന് ആഴ്ചകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. മുഖ്യമന്ത്രി സ്ഥാനം നഷ്ടമായതിലെ അതൃപ്തിക്കൊപ്പം ആരോഗ്യ പ്രശ്‌നങ്ങളും മുതിര്‍ന്ന നേതാവിനെ കൊണ്ട് ഇത്തരം ഒരു തീരുമാനം എടുപ്പിച്ചു എന്നാണ് സൂചന. തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
'എനിക്ക് ഇപ്പോള്‍ 79 വയസായി. നമ്മുടെ സര്‍ക്കാരിന് ഇനിയും ഒന്നരവര്‍ഷം ബാക്കിയുണ്ട്. അപ്പോഴേക്ക് എനിക്ക് 81-82 വയസാകും. ഞാന്‍ പഴയതുപോലെ ആരോഗ്യവാനല്ല. മുമ്പത്തേത് പോലെ ആവേശത്തോടെ പ്രവര്‍ത്തിക്കാന്‍ ഇനി കഴിയില്ല. ഇന്ന്, രാഷ്ട്രീയരംഗം ആകെ ദുഷിച്ചുപോയി. അതിനാല്‍ 2028-ലെ തിരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കില്ല. എന്നാലും രാഷ്ട്രീയത്തില്‍ സജീവമായി തുടരും. ജനങ്ങളുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും അവരുടെ ശബ്ദമായി ഞാന്‍ നിലകൊള്ളും.' -സിദ്ധരാമയ്യ പറഞ്ഞു.
'തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ ജനങ്ങള്‍ക്ക് പണം നല്‍കുന്ന സ്ഥിതിയാണ് ഇന്നുള്ളത്. ഇന്നത്തെ രാഷ്ട്രീയം പൂര്‍ണമായി ദുഷിച്ചിരിക്കുകയാണ്. സത്യസന്ധമായ രാഷ്ട്രീയത്തിന് ഇവിടെ ഇടമില്ലാതായി. ഈ സാഹചര്യത്തിലാണ് ഭാവിയിലെ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കില്ലെന്ന തീരുമാനത്തിലേക്ക് ഞാനെത്തിയത്.'
'2028-ല്‍ എനിക്ക് 82 വയസാകും. അന്ന് എന്റെ രാഷ്ട്രീയജീവിതത്തിന് 50 വര്‍ഷം തികയും. 1978-ല്‍ താലൂക്ക് ബോര്‍ഡ് അംഗമായാണ് എന്റെ രാഷ്ട്രീയജീവിതം ഞാന്‍ തുടങ്ങിയത്. വിജയങ്ങളും പരാജയങ്ങളും കണ്ടയാളാണ് ഞാന്‍. എന്നാല്‍ ഞാന്‍ വിശ്വസിച്ച തത്വങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിച്ചിട്ടില്ല എന്നതും മനസാക്ഷിയെ വഞ്ചിച്ചിട്ടില്ല എന്നതും എനിക്ക് സംതൃപ്തി നല്‍കുന്നു. അഞ്ച് പതിറ്റാണ്ടായി കര്‍ണാടകയിലെ ജനങ്ങള്‍ എന്നെ അവരിലൊരാളായി കണ്ടു, സ്നേഹത്തോടെ എന്നെ നയിച്ചു. ആ കടം എന്റെമേലുണ്ട്. അതിനാല്‍ തന്നെ എന്റെ ഭാവിജീവിതവും പൊതുപ്രവര്‍ത്തനത്തിനായി സമര്‍പ്പിക്കും.' -സിദ്ധരാമയ്യ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S