Enter your Email Address to subscribe to our newsletters

Kozhikkode, 27 ജൂലൈ (H.S.)
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം. കോഴിക്കോട് ചികിത്സയിലായിരുന്ന യുവാവാണ് മരണത്തിന് കീഴടങ്ങിയത്. ു. നടേരി തെറ്റിക്കുന്ന് സ്വദേശി ബിജു (49) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. രോഗം ബാധിച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണത്തിന് കീഴടങ്ങിയത്. കൊല്ലം ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളിയായിരുന്നു.
നടേരി 21-ാം വാര്‍ഡിലാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ബിജു വീടുവിട്ട് പുറത്തെവിടെയെങ്കിലും പോയി ജലാശയങ്ങളില്‍ കുളിക്കുകയോ നീന്തുകയോ ചെയ്തതായി പ്രാഥമിക അന്വേഷണത്തില്‍ വിവരമില്ല. പൊതുവേ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ നിന്നും നീന്തല്‍ക്കുളങ്ങളില്‍ നിന്നുമാണ് അമീബ ശരീരത്തില്‍ പ്രവേശിക്കാറുള്ളത്. ബിജുവിന് രോഗബാധയുണ്ടായ സാഹചര്യം ആരോഗ്യവകുപ്പ് വിശദമായി പരിശോധിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി ഇദ്ദേഹത്തിന്റെ വീട്ടിലെയും സമീപപ്രദേശങ്ങളിലെയും കിണറുകളിലെ വെള്ളം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
മരണവിവരം പുറത്തുവന്നതോടെ പ്രദേശത്ത് ഭീതി പടരാതിരിക്കാനും കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാനുമായി ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിരുന്നു. നടേരിയിലെയും പരിസര പ്രദേശങ്ങളിലെയും മുഴുവന്‍ കുടിവെള്ള സ്രോതസുകളിലും ക്ലോറിനേഷന്‍ പൂര്‍ത്തിയാക്കി. പ്രദേശവാസികള്‍ക്കിടയില്‍ അമീബിക് മസ്തിഷ്‌കജ്വരത്തെക്കുറിച്ചും ശുചിത്വ പാലനത്തെക്കുറിച്ചും വ്യക്തമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. മലിനമായ വെള്ളത്തില്‍ തലമുങ്ങി കുളിക്കുന്നത് ഒഴിവാക്കണമെന്നും കുടിവെള്ള സ്രോതസുകള്‍ കൃത്യമായി ക്ലോറിനേറ്റ് ചെയ്യണമെന്നും ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ പൊതുവായ ലക്ഷണങ്ങള്‍. ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്‌ക്രിയരായി കാണപ്പെടുക, അസാധാരണമായ പ്രതികരണങ്ങള്‍ എന്നിവയാണ് കുഞ്ഞുങ്ങളില്‍ കാണപ്പെടുന്ന ലക്ഷണങ്ങള്‍. രോഗം ഗുരുതരമാകുമ്പോള്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ്, മണക്കാനുള്ള ശേഷി നഷ്ടപ്പെടുക തുടങ്ങിയ ലക്ഷണങ്ങളും കണ്ടേക്കാം.
നേഗ്ലീരിയ ഫൗലേറി എന്ന വിഭാഗത്തില്‍പ്പെടുന്ന അമീബയാണ് രോഗത്തിന് കാരണമാകുന്നത്. മൂക്കിലൂടെയാണ് ഇവ മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നത്. തുടര്‍ന്ന് തലച്ചോറിനെ ബാധിക്കുന്നതാണ് മരണകാരണമാകുന്നത്. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുകയോ നീന്തുകയോ ചെയ്തവര്‍ വിവരം ഡോക്ടറെ അറിയിക്കണം. സംസ്ഥാനത്ത് മുന്‍പും സമാനമായ രീതിയില്‍ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരണങ്ങള്‍ സംഭവിച്ചിട്ടുള്ളതിനാല്‍ ആരോഗ്യവകുപ്പ് അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. മൂക്കിലേക്ക് വെള്ളം കയറുന്ന സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കുക എന്നതാണ് പ്രധാന പ്രതിരോധ മാര്‍ഗം.
---------------
Hindusthan Samachar / Sreejith S