പരീക്ഷാ ക്രമക്കേടിന് 10 കോടി പിഴയും 10 വര്ഷം തടവും; പൊതുപരീക്ഷാ ഭേദഗതി ബില് മോദി സര്ക്കാര് ഇന്ന് ലോക്സഭയില് അവതരിപ്പിക്കും
New delhi, 27 ജൂലൈ (H.S.) കേന്ദ്രസര്‍ക്കാര്‍ ഏറെ പഴി കേട്ട പരീക്ഷാ ക്രമക്കേടുകളില്‍ ശക്തമായ നിയമ നിര്‍മ്മാണം നടത്തി മുഖം രക്ഷിക്കാന്‍ മോദി സര്‍ക്കാര്‍. രാജ്യത്ത് ചോദ്യപേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകള്‍ തടയുന്നതിനുള്ള സുപ്രധാന
Loksabha


New delhi, 27 ജൂലൈ (H.S.)

കേന്ദ്രസര്‍ക്കാര്‍ ഏറെ പഴി കേട്ട പരീക്ഷാ ക്രമക്കേടുകളില്‍ ശക്തമായ നിയമ നിര്‍മ്മാണം നടത്തി മുഖം രക്ഷിക്കാന്‍ മോദി സര്‍ക്കാര്‍. രാജ്യത്ത് ചോദ്യപേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകള്‍ തടയുന്നതിനുള്ള സുപ്രധാനമായ പൊതുപരീക്ഷാ ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് ആണ് ബില്‍ സഭയില്‍ അവതരിപ്പിക്കുക. മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ്, നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകള്‍ വലിയ വിവാദമായ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമനിര്‍മാണത്തിന് ഒരുങ്ങുന്നത്.

പരീക്ഷാ ക്രമക്കേടുകളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കുന്നതാണ് പുതിയ ബില്‍. കേന്ദ്ര വിദ്യാഭ്യാസ മുന്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന് എതിരെ വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം ശക്തമായപ്പോള്‍ അന്തരീക്ഷം തണുപ്പിക്കാനാണ് പ്രധാനമന്ത്രി നിയമഭേദഗതി പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി കര്‍മസമിതി അധ്യക്ഷനായി ടെക്‌നോക്രാറ്റ് നന്ദന്‍ നിലേക്കനിയെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

സംഘടിത കുറ്റകൃത്യ ശൃംഖലകള്‍ക്ക് 10 കോടി രൂപ വരെയുള്ള കനത്ത പിഴയാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. കുറ്റക്കാരായ വ്യക്തികള്‍ക്കും സ്ഥാപന നടത്തിപ്പുകാര്‍ക്കും പരമാവധി തടവുശിക്ഷ ഉറപ്പാക്കും. സംഘടിത കുറ്റകൃത്യങ്ങള്‍ക്ക് കുറഞ്ഞത് ഏഴ് വര്‍ഷം മുതല്‍ 10 വര്‍ഷം വരെ തടവ് ലഭിക്കും. നേരത്തെ ഇത് അഞ്ച് വര്‍ഷമായിരുന്നു. പിഴ ഒരു കോടിയില്‍ നിന്ന് 10 കോടിയായി ഉയര്‍ത്തി. പൊതു കുറ്റകൃത്യങ്ങള്‍ക്ക് അഞ്ച് മുതല്‍ 10 വര്‍ഷം വരെ തടവും 50 ലക്ഷം രൂപ വരെ പിഴയും ലഭിക്കും.

അന്വേഷണ ചുമതലകള്‍ പൂര്‍ണമായി ഏറ്റെടുക്കുന്നതിനായി പ്രത്യേക കര്‍മസേനകളെ രൂപീകരിക്കാന്‍ സ്‌പെഷ്യലൈസ്ഡ് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റുകള്‍ കേന്ദ്ര സര്‍ക്കാരിന് രൂപീകരിക്കാം. സംസ്ഥാന പൊലീസ്, കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അല്ലെങ്കില്‍ എസ്ടിഎഫ് എന്നിവര്‍ നടത്തുന്ന എല്ലാ അന്വേഷണങ്ങളും 60 ദിവസത്തിനകം പൂര്‍ത്തിയാക്കണം. ദൈനംദിന അടിസ്ഥാനത്തില്‍ വിചാരണ നടത്തുന്നതിനായി സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര ഭരണ പ്രദേശങ്ങളും സെഷന്‍സ് കോടതികളെ ചുമതലപ്പെടുത്തും.

കുറ്റപത്രം സമര്‍പ്പിച്ച് മൂന്ന് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണം. അപ്പീലുകള്‍ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് കേള്‍ക്കുകയും അവയും മൂന്ന് മാസ കാലയളവിനുള്ളില്‍ തീര്‍പ്പാക്കുകയും വേണം. വ്യക്തവും അസാധാരണവുമായ കാരണങ്ങള്‍ രേഖപ്പെടുത്താതെ കോടതികള്‍ക്ക് തൊട്ടടുത്ത ദിവസത്തിനപ്പുറം കേസുകള്‍ മാറ്റിവയ്ക്കാന്‍ കഴിയില്ല. നിലവിലെ എല്ലാ കേസുകളും പുതിയതായി രൂപീകരിക്കുന്ന പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികളിലേക്ക് ഉടനടി മാറ്റും. മാറ്റിയതിന് ശേഷം മൂന്ന് മാസത്തിനകം അവ പൂര്‍ത്തിയാക്കേണ്ടതുണ്ട്.

ലോക്സഭ സെക്രട്ടേറിയറ്റ് ബുള്ളറ്റിനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ബില്ലിന്മേല്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പ്രതിപക്ഷം തയാറെടുത്തിട്ടുണ്ട്. പരീക്ഷാ ക്രമക്കേട് തടയുന്നതിനായി നിയമനിര്‍മാണം പ്രതിപക്ഷത്തിന്റെ കൂടി ആവശ്യമായതിനാല്‍ സഭ തടസ്സപ്പെടുത്താതെ അവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമോ എന്നാണ് കേന്ദ്രം ഉറ്റുനോക്കുന്നത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിലെ വ്യവസ്ഥകളെ അനുകൂലിക്കാനാണ് സാധ്യത. എന്നാല്‍, നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിഷയങ്ങളും പരീക്ഷാ നടത്തിപ്പ് ഏജന്‍സിയായ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ (എന്‍ടിഎ) വീഴ്ചകളും സഭയില്‍ ശക്തമായി ഉന്നയിക്കും.

---------------

Hindusthan Samachar / Sreejith S


Latest News