Enter your Email Address to subscribe to our newsletters

Newdelhi, 29 ജൂലൈ (H.S.)
സർക്കാർ ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് വിദ്യാർഥികളുടെ വിവരങ്ങള് ശേഖരിക്കുകയും തന്റെ ഫോണ് ചോർത്തുകയാണെന്നും എസ്എഫ്ഐ നേതാവ് ഐഷി ഘോഷ്.
2021 ലെ കേസിന്റെ പേരില് കസ്റ്റഡിയിലെടുക്കാൻ സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസിലേക്ക് ഡല്ഹി പൊലീസ് എത്തിയത് തന്നെ പിന്തുടർന്നാണ്. താൻ എവിടെ എന്നത് സംബന്ധിച്ച് പൊലീസിന് സൂചന കിട്ടിയത് എങ്ങനെയാണെന്നും ഐഷി ഘോഷ് ചോദിച്ചു.
ജന്തർമന്തറിലെ വിദ്യാർഥി പ്രക്ഷോഭം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി നല്കിയ ഉറപ്പുകള് കേന്ദ്ര സർക്കാർ ലംഘിച്ചു എന്ന് എസ്എഫ്ഐ ദേശിയ പ്രസിഡന്റ് ആദർശ് എം.സജിയും പറഞ്ഞു. സമരത്തിന് ശേഷം വിദ്യാർഥികളെ തുടർച്ചയായി വേട്ടയാടുകയാണ്. നേതാക്കളെ പൊലീസ് ലക്ഷ്യം വെക്കുകയാണ്. വിദ്യാർഥികളെ തീവ്രവാദികളാക്കുകയാണ് , ബിജെപി സർക്കാറിനെ ഭയമില്ലെന്നും പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ എസ്എഫ്ഐ നേതാവ് ഐഷി ഘോഷിന്റെ അറസ്റ്റ് പട്യാല ഹൗസ് കോടതി തടഞ്ഞു. അറസ്റ്റ് നടപടികള് തടയണമെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഐഷി ഘോഷ് കോടതിയെ സമീപിച്ചത്. 2021ല് രജിസ്റ്റർ ചെയ്ത കേസിലാണ് ഡല്ഹി പൊലീസ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത്. ഡല്ഹി എകെജി ഭവനിലെത്തിയ ഡല്ഹി പൊലീസ് ഐഷിയെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചിരുന്നു. എന്നാല്,ജോണ് ബ്രിട്ടാസ് എംപിയുടെ നേതൃത്വത്തില് പൊലീസിനെ തടഞ്ഞ് തിരിച്ചയക്കുകയായിരുന്നു. യൂണിഫോം ധരിക്കാതെയായിരുന്നു ഡല്ഹി പൊലീസ് എത്തിയത്. സിജെപി സമരത്തില് ശക്തമായ സാന്നിധ്യമായിരുന്നു ഐഷി ഘോഷ്. ഇതിന് പിന്നാലെയാണ് ഐഷിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ഡല്ഹി പൊലീസ് ശക്തമാക്കിയത്.
2021ലാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും ഇതുവരെ ഒരു തവണയൊഴികെ എല്ലാ ഹിയറിങ്ങിനും ഹാജരായിട്ടുണ്ടെന്നും ഐഷിക്ക് വേണ്ടി ഹാജരായ അഡ്വ.സുഭാഷ് ചന്ദ്രൻ കോടതിയെ അറിയിച്ചു. ഒരിക്കല് ഡല്ഹിയില് ഇല്ലാത്തതുകൊണ്ടാണ് ഹാജരാവാതിരുന്നത് എന്നും വാറണ്ട് പിൻവലിക്കണം എന്നുമുള്ള ആവശ്യമാണ് ഐഷി കോടതിയില് ഉന്നയിച്ചത്. പാർട്ടിയുടെ ദേശീയ ആസ്ഥാനത്ത് കയറി അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ജോണ് ബ്രിട്ടാസ് വിഷയം രാജ്യസഭയില് ഉന്നയിച്ചിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR