സംസ്ഥാനത്ത് ഭരണനിർവഹണം സുഗമമാക്കുന്നതിനും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന സേവന നടപടികൾ കൂടുതൽ ലളിതമാക്കുന്നതിനുമായി അഞ്ച് സുപ്രധാന പരിഷ്കാരങ്ങൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ
Thiruvananthapuram, 29 ജൂലൈ (H.S.) സംസ്ഥാനത്ത് ഭരണനിർവഹണം സുഗമമാക്കുന്നതിനും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന സേവന നടപടികൾ കൂടുതൽ ലളിതമാക്കുന്നതിനുമായി അഞ്ച് സുപ്രധാന പരിഷ്കാരങ്ങൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മന്ത്രിസഭ യോഗത്തിന് ശേഷം തിര
V D Satheeshan


Thiruvananthapuram, 29 ജൂലൈ (H.S.)

സംസ്ഥാനത്ത് ഭരണനിർവഹണം സുഗമമാക്കുന്നതിനും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന സേവന നടപടികൾ കൂടുതൽ ലളിതമാക്കുന്നതിനുമായി അഞ്ച് സുപ്രധാന പരിഷ്കാരങ്ങൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മന്ത്രിസഭ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സേവന നടപടികൾ ലളിതമാക്കുന്നതിലൂടെ ഭരണരംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാരിന് സാധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പദ്ധതികൾക്ക് ജിയോ ടാഗിങ്സംസ്ഥാനത്തെ മൂലധന പദ്ധതികൾ ഉൾപ്പെടെ എല്ലാ വകുപ്പുകളും അനുമതി നൽകുന്ന പ്രൊജക്ടുകൾ ഇനിമുതൽ ജിയോ ടാഗ് ചെയ്യും. ഇതിനായി നിലവിലുള്ള പ്ലാൻ സ്പേസ് 2.0 പ്ലാറ്റ്ഫോം കൂടുതൽ വിപുലീകരിക്കും. ജി ഐ എസ് അധിഷ്ഠിത പ്രൊജക്ട് രജിസ്റ്റർ ഇതിൻ്റെ ഭാഗമായി ഉൾപ്പെടുത്താനാണ് തീരുമാനം. നിലവിൽ സംസ്ഥാനത്ത് രണ്ടായിരത്തോളം പദ്ധതികളുടെ പുരോഗതി സർക്കാർ വിലയിരുത്തുന്നുണ്ടെങ്കിലും കൃത്യമായ ജിയോ മാപ്പിങ് സംവിധാനമില്ല. പുതിയ പോർട്ടൽ വരുന്നതോടെ പദ്ധതി നടക്കുന്ന സ്ഥലം, നിർമാണം നടത്തുന്ന ഏജൻസികൾ, അനുവദിച്ച ഫണ്ട് വിവരങ്ങൾ, നിർമാണ ഘട്ടങ്ങൾ എന്നിവയെല്ലാം ഒറ്റ മാപ്പിൽ ലഭ്യമാകും. കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയാണ് ഈ പോർട്ടൽ സജ്ജമാക്കുന്നത്.

സ്ഥാപനങ്ങൾക്ക് അസറ്റ് രജിസ്റ്റർസർക്കാരിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന 591 സ്ഥാപനങ്ങൾക്ക് സമഗ്രമായ അസറ്റ് രജിസ്റ്റർ തയ്യാറാക്കും. ഏകദേശം 19,000 കോടി രൂപയാണ് ഈ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പള ഇനത്തിൽ മാത്രം പ്രതിവർഷം ചെലവാകുന്നത്. എന്നാൽ, കാലഹരണപ്പെട്ട ലക്ഷ്യങ്ങളുമായി പ്രവർത്തിക്കുന്ന പല സ്ഥാപനങ്ങളും ഇതിലുൾപ്പെടുന്നുണ്ട്. ഒരേ സ്വഭാവമുള്ള ഇത്തരം സ്ഥാപനങ്ങളെ കണ്ടെത്തി പരസ്പരം കൂട്ടിച്ചേർത്ത് സംയോജിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിലൂടെ വലിയ സാമ്പത്തിക ബാധ്യത കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തൽ.

സെക്രട്ടറിമാരുടെ എംപവേർഡ് കമ്മിറ്റിജനങ്ങൾക്ക് മികച്ച ജീവിത സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും സംസ്ഥാനത്ത് ബിസിനസ് എളുപ്പമാക്കുന്നതിനുമായി നിലവിലെ നിയമങ്ങളും ചട്ടങ്ങളും ആധുനികവത്കരിക്കും. വിവിധ വകുപ്പുകളിൽ ഫയലുകൾ കുന്നുകൂടുന്നതും അതുവഴിയുണ്ടാകുന്ന അനാവശ്യ കാലതാമസവും ഒഴിവാക്കാൻ പ്രത്യേക നടപടികൾ സ്വീകരിക്കും. സർക്കാരിൻ്റെ മുൻഗണനാ പദ്ധതികളുടെ വേഗത്തിലുള്ള നിർവഹണത്തിനായി വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിന് സെക്രട്ടറിമാരുടെ എംപവേർഡ് കമ്മിറ്റി രൂപീകരിക്കും. ഭരണനിർവഹണത്തിന് തടസമായി നിൽക്കുന്ന കാലഹരണപ്പെട്ടതും പരസ്പര വിരുദ്ധവുമായ നിയമങ്ങൾ പൂർണ്ണമായും ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റ് മന്ത്രിസഭ തീരുമാനങ്ങൾപൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൻ്റെ അംഗീകൃത ഓഹരി മൂലധനം നിലവിലെ 35 കോടിയിൽ നിന്ന് 60 കോടി രൂപയായി ഉയർത്താൻ മന്ത്രിസഭ തീരുമാനിച്ചു. പ്രതിരോധ മേഖലയിലെ സുപ്രധാന പദ്ധതിയായ ബ്രഹ്മോസ് എയ്റോസ്പേസിനായി നേരത്തെ 90 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ നൽകിയിരുന്നു. ഇതിന് പുറമെ ബാക്കിയുള്ള 90 ഏക്കർ കൂടി ഡി ആർ ഡി ഒയ്ക്ക് കൈമാറാൻ മന്ത്രിസഭ യോഗത്തിൽ തീരുമാനമായി. വിജിലൻസ് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി ജി ശശീന്ദ്രനെ നിയമിച്ചു. കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെൻ്റ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റായി ഡോ കെ കെ രാമചന്ദ്രനെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.

വിലക്കയറ്റവും തൊഴിൽ നിയമങ്ങളുംസംസ്ഥാനത്തെ തൊഴിൽ നിയമ രംഗത്തെ അനിശ്ചിതത്വം ഇല്ലാതാക്കാൻ പുതിയ ലേബർ കോഡുമായി ബന്ധപ്പെട്ട് എല്ലാ ട്രേഡ് യൂണിയനുകളുമായും സർക്കാർ ഉടൻ ചർച്ച നടത്തും. നിലവിൽ കൃത്യമായ തൊഴിൽ നിയമങ്ങൾ ഇല്ലാത്തതിനാൽ തൊഴിലാളികൾക്ക് സംരക്ഷണം നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കാനാണിത്. സംസ്ഥാനത്തെ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ സജീവമായി ഇടപെടുന്നുണ്ട്. ഇതിൻ്റെ ഭാഗമായി മൂന്ന് ജില്ലകളിൽ ഓണം മെഗാ ട്രേഡ് ഫെയറുകൾ സംഘടിപ്പിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഫണ്ടിൻ്റെ ഒന്നാം ഗഡു ഉടൻ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കർശന നടപടികളുമായി സർക്കാർസ്കൂളുകളിലെ മയക്കുമരുന്ന് ഉപയോഗത്തിൽ അധ്യാപകർ ഉൾപ്പെട്ട സംഭവം അങ്ങേയറ്റം ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഇത്തരം സംഭവങ്ങളിൽ കർശന നടപടിയുണ്ടാകും. എ ഡി ജി പി എം ആർ അജിത് കുമാറിൻ്റെ സസ്പെൻഷനുമായി ബന്ധപ്പെട്ടും അദ്ദേഹം വിശദീകരണം നൽകി. സമചിത്തതയോടും ഏകാഗ്രതയോടും കൂടി കാര്യങ്ങൾ വിലയിരുത്തി, കൃത്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് സസ്പെൻഷൻ നടപടി സ്വീകരിച്ചത്. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതുകൊണ്ടാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നിന്ന് അദ്ദേഹത്തിന് സ്റ്റേ ലഭിക്കാതിരുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News