Enter your Email Address to subscribe to our newsletters

New delhi, 29 ജൂലൈ (H.S.)
പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരായി നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് നേരെ വെടിവയ്ക്കാന് ഉത്തരവിട്ടത് ആഭ്യന്തരമന്ത്രി അമിത് ഷായെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റിലാണ് രാഹുല്‍ ഗാന്ധി ഈ ആരോപണം ഉന്നയിച്ചത്. ആഭ്യന്തര മന്ത്രി നമ്മുടെ വിദ്യാര്‍ത്ഥികളെ വെടിവെക്കാന്‍ ഉത്തരവിട്ടു. അദ്ദേഹം നമ്മുടെ വിദ്യാര്‍ത്ഥികളുടെ ദേഹത്ത് പെല്ലറ്റുകള്‍ നിറച്ചു. ഇന്ത്യയിലെ വിദ്യാര്‍ത്ഥികളെ വെടിവെക്കാന്‍ അദ്ദേഹം ഉത്തരവിട്ടതായി രാഹുല്‍ ഗാന്ധി പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ ഈ ആരോപണം ലോക്‌സഭയില്‍ വലിയ പ്രതിഷേധത്തിന് വഴിയൊരുക്കി. ആരോപണങ്ങളെ സാധൂകരിക്കാന്‍ കോണ്‍ഗ്രസ് നേതാവിന്റെ പക്കല്‍ എന്തെങ്കിലും തെളിവുകളുണ്ടോ എന്ന് ചോദിച്ചാണ് ബിജെപി നേതാക്കള്‍ ബഹളമുണ്ടാക്കിയത്.
ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ആത്മാവിനെ ആര്‍എസ്എസ് കൈയടക്കിയിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. രാജ്യത്തെ എല്ലാ സര്‍വ്വകലാശാലകളിലും ആര്‍.എസ്.എസ് പശ്ചാത്തലമുള്ളവരാണ് വൈസ് ചാന്‍സലര്‍മാരായി ഇരിക്കുന്നതെന്നും ഇത് വിദ്യാര്‍ത്ഥികളുടെ സ്വതന്ത്ര ചിന്തയെ തടയുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആര്‍എസ്എസ് വലിയ തോതില്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ആര്‍എസ്എസ് പ്രോത്സാഹിപ്പിക്കുന്ന പ്രത്യയശാസ്ത്രം വിദ്യാര്‍ത്ഥികള്‍ക്കിടയിലുള്ള സ്വതന്ത്ര ചിന്തയെ നിരുത്സാഹപ്പെടുത്തുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു. വിദ്യാര്‍ത്ഥികളെ 'അന്ധഭക്തര്‍' ആക്കി മാറ്റാനാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ രാജ്യത്തെ യുവജനങ്ങളും വിദ്യാര്‍ത്ഥികളും തെരുവിലിറങ്ങി നടത്തുന്ന പ്രതിഷേധങ്ങള്‍ തന്നെ ആവേശഭരിതനാക്കിയെന്നും വലിയ ആത്മവിശ്വാസം നല്‍കിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഈ പ്രതിഷേധങ്ങള്‍ ദേഷ്യമോ അക്രമമോ വെറുപ്പോ അല്ലെന്നും മറിച്ച് രാജ്യത്തെ യുവതലമുറയുടെ ശുഭാപ്തിവിശ്വാസത്തിന്റെ പ്രകടനമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ബിജെപി നേതാക്കള്‍ അവരുടെ മക്കളോട് സംസാരിക്കുകയാണെങ്കില്‍, തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന സഹോദരങ്ങളോടും സുഹൃത്തുക്കളോടും അവര്‍ക്കും യോജിപ്പാണെന്ന് മനസ്സിലാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പരിഹസിച്ചു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും യുവജനങ്ങളുടെ ഈ വികാരത്തെ ബഹുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ഒരു തീരുമാനമെടുക്കാന്‍ അധികാരമില്ലാത്ത വ്യക്തിയാണെന്നും മന്ത്രാലയം യഥാര്‍ത്ഥത്തില്‍ നിയന്ത്രിക്കുന്നത് ആര്‍.എസ്.എസ് ആണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു . പൊതുപരീക്ഷകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ വെറും പേപ്പര്‍ ചോര്‍ച്ചയില്‍ ഒതുങ്ങുന്നതല്ലെന്നും അത് സംവിധാനത്തിലെ ആഴത്തിലുള്ള പ്രശ്നങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം വാദിച്ചു.
പ്രസംഗത്തിനിടെ 'വിഡ്ഢി' എന്ന വാക്ക് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ച് ഉപയോഗിച്ചത് സഭയില്‍ വലിയ ബഹളത്തിന് കാരണമായി. വിദ്യാര്‍ത്ഥികള്‍ എന്നാല്‍ അറിവിനായി ദാഹിക്കുന്ന സ്പോഞ്ച് പോലെയാണെന്നും എന്നാല്‍ മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറാകാത്ത ചില വിഡ്ഢികള്‍' ഉണ്ടെന്നും ഒരു വിദ്യാര്‍ത്ഥി തന്നോട് പറഞ്ഞതായി അദ്ദേഹം ഉദ്ധരിച്ചു. അത്തരക്കാര്‍ക്ക് ദൈവത്തെപ്പോലെ നടിക്കാനും വലിയ പ്രതിച്ഛായ നിര്‍മ്മിക്കാനും ആഗ്രഹം ഉണ്ടാകുമെന്നും അദ്ദേഹം വിദ്യാര്‍ത്ഥിയെ ഉദ്ധരിച്ച് പറഞ്ഞു. സ്വയം എല്ലാമറിയാമെന്ന് ധരിക്കുന്നവര്‍ വിഡ്ഢികളാണെന്നും അദ്ദേഹം പരിഹസിച്ചു.
---------------
Hindusthan Samachar / Sreejith S