Enter your Email Address to subscribe to our newsletters

New delhi, 29 ജൂലൈ (H.S.)
സി.പി.എം കേന്ദ്രകമ്മറ്റി ഓഫീസായ ഡല്‍ഹി എ.കെ.ജി ഭവനിലേക്ക് ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ ഇരച്ചുകയറിയ സംഭവം രാജ്യസഭയില്‍ ഉന്നയിച്ച് ജോണ്‍ ബ്രിട്ടാസ് എം.പി. സി.ജെ.പി പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര നടപടിയുടെ ഭാഗമായാണ് ഈ പൊലീസ് വേട്ടയെന്ന് ജോണ്‍ ബ്രിട്ടാസ് രാജ്യസഭയില്‍ കുറ്റപ്പെടുത്തി.
നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് ജന്തര്‍ മന്ദിറില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ മുന്‍ ജെ.എന്‍.യു യൂണിയന്‍ പ്രസിഡന്റും എസ്.എഫ്.ഐ നേതാവുമായ ഐഷി ഘോഷിനെ കസ്റ്റഡിയിലെടുക്കാനാണ് ഡല്‍ഹി പൊലീസ് സംഘം പാര്‍ട്ടി ഓഫീസില്‍ എത്തിയത്. ഔദ്യോഗിക യൂണിഫോമോ നെയിംപ്ലേറ്റോ ധരിക്കാതെ, സിവിലിയന്‍ വേഷത്തിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ എത്തിയത്. ഇതിനെയാണ് ബ്രിട്ടാസ് ചോദ്യം ചെയ്തത്.
'ഫോണിലൂടെ അറിയിച്ച വാറന്റുമായാണ് പൊലീസ് വന്നത്. ഫോണിലൂടെ വാറന്റ് കൈമാറാന്‍ നിയമമില്ല. അത് നേരിട്ട് കൈമാറണം. സമരം ചെയ്ത വിദ്യാര്‍ഥികളെ ഭയപ്പെടുത്താനാണ് കേന്ദ്രം പോലീസിനെ ഉപയോഗിക്കുന്നത്.' - ജോണ്‍ ബ്രിട്ടാസ് എം.പി പറഞ്ഞു. എന്നാല്‍ പൊലീസിന്റേത് സ്വാഭാവിക നടപടിയെന്ന് കേന്ദ്രമന്ത്രി ജെപി നദ്ദ പ്രതികരിച്ചു.
ചൊവ്വാഴ്ചയാണ് വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഗോള്‍ മാര്‍ക്കറ്റിലെ എ.കെ.ജി ഭവനിലേക്ക് എത്തിയത്. എന്നാല്‍ ഔദ്യോഗിക യൂണിഫോമോ നെയിംപ്ലേറ്റോ ധരിക്കാതെ, സിവിലിയന്‍ വേഷത്തിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ എത്തിയത്. ഇതറിഞ്ഞ് പാര്‍ലമെന്റില്‍ നിന്ന് നേരിട്ടെത്തിയ ജോണ്‍ ബ്രിട്ടാസ് എം.പി ഡല്‍ഹി പൊലീസിനെ പാര്‍ട്ടി ഓഫീസിനുള്ളില്‍ തടയുകയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
യൂണിഫോമും ബാഡ്ജുമില്ലാതെ ഒരു ദേശീയ പാര്‍ട്ടിയുടെ ഓഫീസിലേക്ക് അതിക്രമിച്ചു കയറാന്‍ എന്ത് ധൈര്യമാണ് ഉള്ളതെന്ന് ബ്രിട്ടാസ് ചോദിച്ചു. ഡല്‍ഹിയില്‍ പെയ്യുന്ന കനത്ത മഴ കാരണമാണ് യൂണിഫോം ഒഴിവാക്കിയതെന്ന പൊലീസിന്റെ ന്യായീകരണം അദ്ദേഹം തള്ളി. പൊലീസ് നടപടികളുമായി ബന്ധപ്പെട്ട 1997-ലെ ചരിത്രപരമായ സുപ്രീം കോടതി വിധി ഓര്‍മ്മിപ്പിച്ച ബ്രിട്ടാസ്, നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെ അറസ്റ്റ് അനുവദിക്കില്ലെന്ന് വ്യക്തമാക്കി.
ഡല്‍ഹി പൊലീസ് നേരിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് വരുന്നത്. അതിനാല്‍ സിവിലിയന്‍ വേഷത്തിലെത്തി വിദ്യാര്‍ഥികളെ വേട്ടയാടുന്ന ഡല്‍ഹി പൊലീന്റെ നടപടിക്ക് പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ അജണ്ടയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് പാര്‍ലമെന്റില്‍ എത്തി മറുപടി പറയണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രധാന ആവശ്യം.
---------------
Hindusthan Samachar / Sreejith S