Enter your Email Address to subscribe to our newsletters

New delhi, 29 ജൂലൈ (H.S.)
പൊതുപരീക്ഷകളിലെ ക്രമക്കേടുകളും ചോദ്യക്കടലാസ് ചോര്‍ച്ചയും തടയാന്‍ ഭേദഗതി ബില്‍ പാസാക്കി ലോക്‌സഭ. ക്രമക്കേടുകളില്‍ ശിക്ഷ കര്‍ശനമാക്കുന്ന ബില്ലാണ് ലോക്‌സഭയില്‍ പാസായത്. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്. പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗതികള്‍ സര്‍ക്കാര്‍ വോട്ടിനിട്ട് തള്ളി.
കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങാണ് പൊതുപരീക്ഷാ ഭേദഗതി ബില്‍ തിങ്കളാഴ്ച അവതരിപ്പിച്ചത്. അന്യായ മാര്‍ഗങ്ങള്‍ സംബന്ധിച്ച കുറ്റത്തിന് നിലവില്‍ മൂന്നുമുതല്‍ അഞ്ചുവര്‍ഷംവരെയാണ് തടവുശിക്ഷ. ഇത് അഞ്ചുമുതല്‍ പത്തുവര്‍ഷംവരെയായി ഉയര്‍ത്തും. പിഴ പത്തുലക്ഷം രൂപയില്‍നിന്ന് 50 ലക്ഷം രൂപ വരെയാക്കും. പരീക്ഷാ നടത്തിപ്പിന്റെ സേവനദാതാക്കള്‍ നടത്തുന്ന ഗുരുതര ക്രമക്കേടുകള്‍ക്കുള്ള പിഴ ഒരു കോടി രൂപയില്‍നിന്ന് അഞ്ചുകോടിയാക്കും. ഇത്തരം സ്ഥാപനങ്ങള്‍ക്ക് പൊതുപരീക്ഷകളുടെ ചുമതലയില്‍നിന്നുള്ള വിലക്കിന്റെ കാലാവധി നാലില്‍നിന്ന് എട്ടു വര്‍ഷമായി ഉയര്‍ത്തും. അന്വേഷണം രണ്ടുമാസത്തിനകം പൂര്‍ത്തിയാക്കണം.
സംഘടിത പരീക്ഷാക്രമക്കേടുകള്‍ നടത്തുന്നവര്‍ക്ക് നിലവിലെ മൂന്നു വര്‍ഷത്തെ തടവ് അഞ്ചുവര്‍ഷമായും ഒരു കോടി രൂപ പിഴ അഞ്ചുകോടി രൂപയായും ഉയര്‍ത്തും. സംഘടിത കുറ്റകൃത്യങ്ങള്‍ക്ക് പരമാവധി തടവ് അഞ്ചുവര്‍ഷത്തില്‍നിന്ന് ഏഴുവര്‍ഷമായും പിഴ ഒരു കോടിയില്‍നിന്ന് പത്തുകോടിയായും ഉയര്‍ത്തും.
പരീക്ഷാ തട്ടിപ്പ് തടയുന്നതിനുള്ള ഭേദഗതി ബില് ലോക്സഭ പാസാക്കിയതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.പി കാര്‍ത്തി ചിദംബരം. ബില്‍ പാസാക്കിയതുകൊണ്ട് മാത്രം നിലവിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച എന്ന വലിയ പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ പിന്നില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കുറവുകളും 'ഇന്നൊവേറ്റീവ് വ്യൂ' എന്ന സ്വകാര്യ കമ്പനിയുമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
ബില്ലിലെ പ്രധാന ശിക്ഷാ വ്യവസ്ഥകള്‍
പരീക്ഷാ ക്രമക്കേടുകളില്‍ ഏര്‍പ്പെടുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള ശിക്ഷ പുതിയ ബില്ലിലൂടെ വലിയ തോതില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.
തടവുശിക്ഷ: ചോദ്യപേപ്പര്‍ ചോര്‍ത്തുന്ന വ്യക്തികള്‍ക്കുള്ള പരമാവധി തടവ് ശിക്ഷ 5 വര്‍ഷത്തില്‍ നിന്നും 10 വര്‍ഷമായി ഉയര്‍ത്തി. കുറഞ്ഞ ശിക്ഷ 5 വര്‍ഷമായിരിക്കും.
പിഴ ശിക്ഷ: വ്യക്തികള്‍ക്കുള്ള പിഴ തുക 10 ലക്ഷത്തില്‍ നിന്നും 50 ലക്ഷം രൂപയായി വര്‍ധിപ്പിച്ചു.
സംഘടിത കുറ്റകൃത്യങ്ങള്‍ക്ക്: പരീക്ഷാ തട്ടിപ്പ് നടത്തുന്ന വലിയ റാക്കറ്റുകള്‍ക്കും സംഘങ്ങള്‍ക്കും 7 മുതല്‍ 10 വര്‍ഷം വരെ തടവും 10 കോടി രൂപ വരെ പിഴയും ഈടാക്കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്. കൂടാതെ കുറ്റക്കാരായ ഉദ്യോഗസ്ഥരുടെ സ്വത്ത് കണ്ടുകെട്ടാനും വ്യവസ്ഥയുണ്ട്.
സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്ക് പൂട്ടുവീഴും: പരീക്ഷ നടത്തുന്ന സ്വകാര്യ ഏജന്‍സികള്‍ ക്രമക്കേട് കാണിച്ചാല്‍ 5 കോടി രൂപ വരെ പിഴയും അവരെ 8 വര്‍ഷത്തേക്ക് പരീക്ഷാ നടത്തിപ്പില്‍ നിന്ന് വിലക്കാനും ബില്‍ അനുശാസിക്കുന്നു
---------------
Hindusthan Samachar / Sreejith S