Enter your Email Address to subscribe to our newsletters

Ernakulam , 05 ജൂലൈ (H.S.)
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ പ്രശ്നങ്ങളില് പ്രതികരണവുമായി ബിജെപി. സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങളിലേക്ക് ബി ജെ പിയെ വലിച്ചിഴയ്ക്കരുത് എന്ന് സംസ്ഥാന സെക്രട്ടറി എസ് സുരേഷ് പറഞ്ഞു.
അമ്മയുടെ ആഭ്യന്തര പ്രശ്നത്തില് ഇടപെടാനില്ലെന്നും അദ്ദേഹം പറഞ്ഞു. ശ്വേത മേനോന് ബിജെപിക്കാരിയല്ല എന്നും എന്നാല് അവര് മോദി ഭക്തയാണ് എന്നും സുരേഷ് വ്യക്തമാക്കി.
'ശ്വേത മേനോന് ബിജെപി പ്രതിനിധി അല്ല. അവര് ഒരു ദേശീയ വാദിയാണ്, മോദി ഭക്തയുമാണ്. പക്ഷേ ബിജെപിക്കാരിയല്ല,' സുരേഷ് പറഞ്ഞു. സിനിമാ വേഷധാരികളായ ചില രാഷ്ട്രീയക്കാരാണ് വിവാദത്തിലേക്ക് ബിജെപിയെ വലിച്ചിഴയ്ക്കാന് ശ്രമിക്കുന്നത് എന്നും സിനിമ മേഖലയില് ബിജെപി ഇടപെടല് എന്ന വാര്ത്ത ശരിയല്ല എന്നും അദ്ദേഹം വ്യക്തമാക്കി. സമീപകാലത്ത് അമ്മയില് ഉടലെടുത്ത പ്രശ്നങ്ങളുടെ പശ്ചാത്തലത്തില് ആണ് ബി ജെ പിയുടെ പ്രതികരണം.
ശ്വേത മേനോന് ബിജെപി സ്ഥാനാര്ത്ഥികളെ ഉണ്ടാക്കാന് വേണ്ടി പണം വാങ്ങാന് ശ്രമിച്ചു എന്ന ആരോപണം അന്സിബ പക്ഷം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി സുരേഷ് രംഗത്തെത്തിയത്. ഇടനിലക്കാരെ വെച്ച് കോടികള് കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാര്ട്ടിക്ക് ഇല്ലെന്നും സുരേഷ് ഗോപിയെ പോലൊരു സൂപ്പര്താരം ബിജെപിയിലേക്ക് എത്തിയത് ദേശീയതയില് വിശ്വസിക്കുന്നത് കൊണ്ടാണ് എന്നും അദ്ദേഹം പറഞ്ഞു.
സിനിമയില് തന്നെ നിന്നിരുന്നെങ്കില് സുരേഷ് ഗോപിക്ക് കോടികള് കിട്ടിയേനെ. എന്നാല് അദ്ദേഹം ദേശീയത ഉയര്ത്തി പിടിച്ച് ബിജെപിക്കൊപ്പം വരികയായിരുന്നു. അമ്മയെ ഹൈജാക്ക് ചെയ്യാന് ബിജെപി ശ്രമിക്കുന്നില്ല. ഇന്നസെന്റ് അമ്മ പ്രസിഡന്റ് ആയപ്പോള് സിപിഎം അമ്മ പിടിച്ചെടുക്കാന് ശ്രമിക്കുകയാണെന്ന് ബിജെപി പറഞ്ഞിരുന്നില്ല. രമേശ് പിഷാരടി അഡ്ഹോക്ക് കമ്മിറ്റിയുടെ തലവനായി വന്നപ്പോഴും ബിജെപി കോണ്ഗ്രസിനെതിരെ ആരോപണം ഉന്നയിച്ചിട്ടില്ല.
അതാണ് തങ്ങളുടെ രാഷ്ട്രീയ മാന്യത എന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. ശ്വേതയ്ക്കെതിരെ ഗുരുതരമായ ആരോപണവുമായാണ് നടിമാരായ അന്സിബ ഹസന്, മാലാ പാര്വതി, ഉഷ ഹസീന എന്നിവര് രംഗത്തെത്തിയത്. അന്സിബയെ ജിഹാദി എന്ന് വിളിച്ചു എന്നും മതപരിവര്ത്തനത്തിന് ശ്രമിച്ചു എന്നുമുള്ള വ്യാജ ആരോപണങ്ങള് ശ്വേതയും കൂട്ടരും ഉയര്ത്തി എന്നായിരുന്നു ഇവര് പറഞ്ഞത്.
അമ്മയില് നടക്കുന്നത് കഴിഞ്ഞ 32 വര്ഷത്തിനിടെ കേട്ടു കേള്വി പോലും ഇല്ലാത്തതാണ് എന്നും കലാകാരന്മാര്ക്ക് ഇടയില് ധ്രുവീകരണം നടത്തുന്ന ഒരാള് അല്ല അമ്മ ഭരിക്കേണ്ടത് എന്നും മാലാ പാര്വതി പറഞ്ഞിരുന്നു. അതേസമയം അമ്മയിലെ സാമ്പത്തിക തട്ടിപ്പ് താന് കണ്ടെത്തിയതിനാലാണ് തന്നെ അപമാനിക്കാനുള്ള ശ്രമം നടക്കുന്നത് എന്നായിരുന്നു ശ്വേത മേനോന്റെ അവകാശവാദം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR