Enter your Email Address to subscribe to our newsletters

Pathanamthitta, 05 ജൂലൈ (H.S.)
പത്തനംതിട്ടയില് പെണ്കുട്ടി നല്കിയ വ്യാജ പീഡനപരാതിയില് പോലീസ് നടപടിക്കെതിരെ ആരോപണം. പെണ്കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില് കസ്റ്റഡിയില് എടുത്ത ഇരുപതുകാരന് പോലീസില് നിന്ന് ക്രൂരമര്ദനമേറ്റതായാണ് പരാതി. 2 വര്ഷം മുന്പ് ബൈപാസ് സര്ജറി കഴിഞ്ഞ യുവാവിനാണ് കൂടല് പൊലീസിന്റെ മര്ദനമേറ്റത്.
പെണ്കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ കസ്റ്റഡിയില് എടുത്ത യുവാവിനെ പൊലീസ് ക്വാര്ട്ടേഴ്സിലാണ് എത്തിച്ചത്. തറയില് മുട്ടുകുത്തി ഇരുത്തിക്കുകയും കാല്വെള്ളയില് ചൂരല് കൊണ്ട് തുടരെ അടിക്കുകയും ചെയ്തു എന്നാണ് യുവാവ് പറയുന്നത്. യുവാവിന്റെ സഹോദരനെയാണ് ആദ്യം ആളുമാറി പൊലീസ് കസ്റ്റഡിയില് എടുത്തത്. പിന്നീട് വിട്ടയച്ചു. 3ന് രാത്രി കസ്റ്റഡിയില് എടുത്ത ഇരുപതുകാരനെ അടുത്ത ദിവസം വൈകിട്ടാണ് വിട്ടയച്ചത്. ഇത്രയും സമയം പോലീസില് നിന്നും ശാരീരികവും മാനസികവുമായ പീഡനം ഏറ്റു എന്നാണ് .യുവാവ് ആരോപിക്കുന്നത്. മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഉള്പ്പെടെ പരാതി നല്കുമെന്ന് ബന്ധുക്കള് പറഞ്ഞു.
ഒന്പതാം ക്ലാസ് വിദ്യാര്ഥിനിയെ സഹപാഠികള് പീഡിപ്പിച്ചെന്ന പരാതിയില് കൂടല് പൊലീസ് കേസെടുത്തിരുന്നു. സ്കൂളിലും സഹപാഠിയായ പെണ്കുട്ടിയുടെ വീട്ടിലും സ്കൂളിലെ ശുചിമുറിയിലും തന്നെ പീഡിപ്പിച്ചെന്നാണ് വിദ്യാര്ഥിനി മൊഴി നല്കിയത്. 11 പേര്ക്കെതിരെയായിരുന്നു മൊഴി. ഇതനുസരിച്ച് മറ്റൊരു പെണ്കുട്ടി ഉള്പ്പെടെ പ്രായപൂര്ത്തിയാകാത്ത 6 പേരെ രക്ഷാകര്ത്താക്കളുടെ സാന്നിധ്യത്തില് പൊലീസ് ചോദ്യം ചെയ്തിരുന്നു.
എന്നാല് കുട്ടി പീഡിപ്പിക്കപ്പെട്ടതായി വൈദ്യ പരിശോധനയില് കണ്ടെത്തിയില്ല. പെണ്കുട്ടിയുടെ മൊഴിയിലും സാഹചര്യങ്ങളിലും പൊരുത്തക്കേട് കണ്ടതിനെ തുടര്ന്നാണ് വിശദമായ വൈദ്യ പരിശോധന നടത്തിയത്. ഫലം ലഭിച്ചതിനു ശേഷം പൊലീസ് നടത്തിയ ചോദ്യം ചെയ്യലില് സഹപാഠികള് പീഡിപ്പിച്ചിട്ടില്ലെന്ന് പെണ്കുട്ടി മൊഴി മാറ്റി. കുട്ടികള് തമ്മിലുണ്ടായ തര്ക്കമാണോ ഇത്തരം ഒരു പരാതിക്ക് കാരണമെന്നാണ് പോലീസ് നിഗമനം.
ചൈല്ഡ് ലൈനിലേക്കു വിളിച്ചാണു കുട്ടി ആദ്യം പീഡനവിവരം പറഞ്ഞത്. വിവരങ്ങള് ചൈല്ഡ് വെല്ഫെയര് കമ്മിറ്റിയെ അറിയിക്കുകയും കേസ് പൊലീസിനു നല്കുകയുമായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില് പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പെണ്കുട്ടി ചൈല്ഡ് വെല്ഫെയര് കമ്മിറ്റിയുടെ സംരക്ഷണത്തിലാണ്.
സംഭവത്തില് ബാലാവകാശ സംരക്ഷണ കമ്മിഷന് ചെയര്പഴ്സന് കെ.വി മനോജ് കുമാര് സ്വമേധയാ കേസെടുത്തിരുന്നു. മാധ്യമ വാര്ത്തകളുടെ അടിസ്ഥാനത്തില് ആയിരുന്നു ഇത്. ജില്ലാ ശിശു സംരക്ഷണ ഓഫിസര്, ജില്ലാ പൊലീസ് മേധാവി, ചൈല്ഡ് വെല്ഫെയര് കമ്മിറ്റി എന്നിവരില് നിന്നും കമ്മിഷന് റിപ്പോര്ട്ട് ആവശ്യപ്പെട്ടിരുന്നു
---------------
Hindusthan Samachar / Sreejith S