Enter your Email Address to subscribe to our newsletters

Nagpur , 05 ജൂലൈ (H.S.)
നാഗ്പൂർ: അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ കാണിക്കപ്പെട്ടിയിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ പ്രതികരണവുമായി രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) സർസംഘചാലക് മോഹൻ ഭാഗവത്. വിഷയത്തിൽ ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ നേരത്തെ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലെ നിലപാട് തന്നെയാണ് സംഘടനയ്ക്കുള്ളതെന്ന് മോഹൻ ഭാഗവത് വ്യക്തമാക്കി. നാഗ്പൂരിൽ ഒരു ചടങ്ങിൽ പങ്കെടുക്കവേ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കേസിൽ നിലവിൽ നടക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) അന്വേഷണത്തിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാമഭക്തരുടെ വികാരം വ്രണപ്പെട്ടു: ദത്താത്രേയ ഹൊസബാളെ
ക്ഷേത്രത്തിലെ കാണിക്കപ്പണം തട്ടിയെടുത്ത സംഭവം രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് രാമഭക്തരുടെ വികാരങ്ങളെയും വിശ്വാസങ്ങളെയും ആഴത്തിൽ മുറിവേൽപ്പിച്ചതായി ആർഎസ്എസ് സർകാര്യവാഹ് (ജനറൽ സെക്രട്ടറി) ദത്താത്രേയ ഹൊസബാളെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തലമുറകളുടെ പോരാട്ടങ്ങളുടെയും കോടിക്കണക്കിന് ഭക്തരുടെ ത്യാഗത്തിന്റെയും ഫലമായാണ് അയോധ്യയിൽ ഭവ്യമായ മന്ദിരം ഉയർന്നത്. അവിടെയുണ്ടായ ഈ നിർഭാഗ്യകരമായ സംഭവം ഹിന്ദുസമൂഹത്തിൽ വലിയ വേദനയും അമർഷവും ഉണ്ടാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ അഭ്യർത്ഥനപ്രകാരം ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയമിച്ചതിനെ ആർഎസ്എസ് സ്വാഗതം ചെയ്തു.
അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്ന ഏതൊരാൾക്കും മാതൃകാപരമായ കഠിനശിക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. നിലവിലുള്ള ആശയക്കുഴപ്പങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും അടിയന്തരമായി അറുതിവരുത്തണം. - ഹൊസബാളെ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
സുതാര്യത ഉറപ്പാക്കാൻ ട്രസ്റ്റിനോട് ആവശ്യം
ഈ അപലപനീയമായ സംഭവത്തെ അസാധാരണമായ ഒരു സാഹചര്യമായി കണ്ട് ക്ഷേത്ര ഭരണനിർവഹണത്തിലും പ്രവർത്തനങ്ങളിലുമുള്ള എല്ലാ വീഴ്ചകളും പരിഹരിക്കാൻ ട്രസ്റ്റ് ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് ആർഎസ്എസ് ആവശ്യപ്പെട്ടു. കുറ്റമറ്റതും സുതാര്യവുമായ സാമ്പത്തിക മാനേജ്മെന്റിലൂടെയും, പവിത്രതയും ഉത്തരവാദിത്തവുമുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെയും ഭക്തരുടെ വിശ്വാസം കൂടുതൽ ശക്തമാക്കാൻ ട്രസ്റ്റിന് സാധിക്കുമെന്ന ആത്മവിശ്വാസവും സംഘടന പങ്കുവെച്ചു.
ഹൈന്ദവ വിരുദ്ധ ശക്തികൾക്കെതിരെ ജാഗ്രത വേണം
ഈ വിഷമഘട്ടത്തിൽ ഹിന്ദുസമൂഹം ആവശ്യമായ ക്ഷമയും വിവേകവും കാണിക്കണമെന്ന് ആർഎസ്എസ് അഭ്യർത്ഥിച്ചു. ഈ നിർഭാഗ്യകരമായ സംഭവത്തെ മുൻനിർത്തി ഹൈന്ദവധർമ്മത്തെയും സമൂഹത്തെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്ന ഹൈന്ദവ വിരുദ്ധ, വിഘടനവാദ ശക്തികളുടെ ഗൂഢാലോചനകളെ ചെറുത്തുതോൽപ്പിക്കണമെന്നും പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.
അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതിനകം എട്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്, മുൻ ട്രസ്റ്റി അനിൽ മിശ്ര എന്നിവർ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ചിരുന്നു. കേസിന്റെ വ്യാപ്തി കണക്കിലെടുത്ത് സമഗ്രമായ അന്വേഷണത്തിനായി ഉത്തർപ്രദേശ് സർക്കാർ അന്വേഷണ സംഘത്തിന് (SIT) 15 ദിവസത്തെ സമയം കൂടി നീട്ടിനൽകിയിട്ടുണ്ട്.
---------------
Hindusthan Samachar / Roshith K