Enter your Email Address to subscribe to our newsletters

Newdelhi, 08 ജൂലൈ (H.S.)
ന്യൂഡൽഹി: പെട്രോളിൽ എഥനോൾ കലർത്തുന്ന ഇ20 (E20) പദ്ധതിയെക്കുറിച്ചുള്ള വ്യാജ പ്രചാരണങ്ങൾക്കെതിരെയും തനിക്കും കുടുംബത്തിനും ഇതിൽ സാമ്പത്തിക താൽപര്യങ്ങളുണ്ടെന്ന ആരോപണങ്ങൾക്കെതിരെയും കടുത്ത ഭാഷയിൽ പ്രതികരിച്ച് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. എഥനോൾ മിശ്രിതം മൂലം വാഹനങ്ങളുടെ എഞ്ചിൻ കേടാകുന്നുവെന്ന പ്രചാരണങ്ങൾ പൂർണ്ണമായും തെറ്റാണെന്നും ഇത്തരത്തിൽ വാഹനം കേടായ ഒരൊറ്റ വ്യക്തിയെങ്കിലും പരാതിയുമായി മുന്നോട്ട് വരാൻ താൻ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തകരുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
അമേരിക്ക, ബ്രസീൽ, ഫ്രാൻസ്, ജർമ്മനി, സ്വീഡൻ, കാനഡ തുടങ്ങിയ ലോകത്തിലെ വൻകിട രാജ്യങ്ങളെല്ലാം വർഷങ്ങളായി പെട്രോളിൽ എഥനോൾ വിജയകരമായി ഉപയോഗിക്കുന്നുണ്ടെന്ന് ഗഡ്കരി ചൂണ്ടിക്കാട്ടി. ആഗോള കമ്പനികളായ ടൊയോട്ട, ഹ്യുണ്ടായ്, മാരുതി സുസുക്കി തുടങ്ങിയ കമ്പനികളുടെ ഇതേ വണ്ടികളാണ് അവിടെയും ഓടുന്നത്. 2001 മുതൽ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതും അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ടതുമായ ഈ പ്രോഗ്രാമിനെതിരെ ഇന്ത്യയിൽ ചിലർ പെയ്ഡ് ക്യാമ്പയിനുകൾ നടത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വൻകിട കമ്പനികൾ 4 വർഷം പരീക്ഷിച്ച സാങ്കേതികവിദ്യ
എഥനോൾ ഇന്ധനം ഒരു ദിവസം കൊണ്ട് പെട്ടെന്ന് നടപ്പിലാക്കിയതല്ലെന്ന് മന്ത്രി വ്യക്തമാക്കി. ഡിസൈൻ വാലിഡേഷൻ, സർട്ടിഫിക്കേഷൻ, ഹോമോലോഗേഷൻ, പ്രൊഡക്ഷൻ കൺഫർമിറ്റി ടെസ്റ്റുകൾ തുടങ്ങി 4 വർഷത്തോളം നീണ്ട കഠിനമായ പരീക്ഷണങ്ങൾക്കും ഗവേഷണങ്ങൾക്കും ശേഷമാണ് ഓട്ടോമൊബൈൽ കമ്പനികൾ ഇത് വിപണിയിൽ ഇറക്കുന്നത്.
ഇന്ത്യയിൽ ഡെറാഡൂണിലെ പെട്രോളിയം ഇൻസ്റ്റിറ്റ്യൂട്ടും എആർഎഐയും (ARAI) ചേർന്ന് രണ്ട് ലക്ഷം കിലോമീറ്ററിലധികം വാഹനങ്ങൾ ഓടിച്ച് സർട്ടിഫൈ ചെയ്ത ശേഷമാണ് തന്റെ മന്ത്രാലയം ഇതിന്റെ മാനദണ്ഡങ്ങൾ നിശ്ചയിച്ചത്. മാരുതി സുസുക്കി, ടൊയോട്ട തുടങ്ങിയ വൻകിട കമ്പനികളൊന്നും ഇതുവരെ എഥനോൾ കാരണം തങ്ങളുടെ എഞ്ചിൻ കേടായതായി പരാതിപ്പെട്ടിട്ടില്ലെന്നും മാരുതി സുസുക്കി ചെയർമാൻ തന്നെ ഇത് പരസ്യമായി പറഞ്ഞിട്ടുണ്ടെന്നും ഗഡ്കരി വ്യക്തമാക്കി. പട്നയിലെ ഒരു യൂട്യൂബർ തന്റെ വാഹനം കേടായെന്ന് കാണിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചപ്പോൾ ടൊയോട്ട കമ്പനി നടത്തിയ പരിശോധനയിൽ പെട്രോളിൽ വെള്ളവും മറ്റ് വസ്തുക്കളും ചേർത്തതായി കണ്ടെത്തി അവർ അയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഇന്ധന ഇറക്കുമതി ലോബിയുടെ 'പെയ്ഡ് ക്യാമ്പയിൻ'
ഇത്തരം വ്യാജ പ്രചാരണങ്ങൾക്ക് പിന്നിൽ ഇന്ത്യ സ്വയംപര്യാപ്തത കൈവരിക്കുന്നതിൽ അസ്വസ്ഥരായ വലിയൊരു ഇറക്കുമതി ലോബിയാണെന്ന് നിതിൻ ഗഡ്കരി ആരോപിച്ചു.
ഇന്ത്യ പ്രതിവർഷം 22 ലക്ഷം കോടി രൂപയുടെ ഇന്ധനമാണ് ഇറക്കുമതി ചെയ്യുന്നത്. ഈ ഓയിൽ സപ്ലൈ ചെയ്യുന്ന വലിയൊരു ലോബിക്ക് ഇന്ത്യ സ്വാശ്രയത്വം നേടുന്നത് തങ്ങളുടെ ബിസിനസ്സ് പൂട്ടാൻ കാരണമാകുമെന്ന് ഭയമുണ്ട്. രാജ്യം മലിനീകരണ മുക്തമാകുകയും ഇലക്ട്രിക്, എഥനോൾ, മെഥനോൾ, ബയോഡീസൽ, ഹൈഡ്രജൻ എന്നിവയിലേക്ക് മാറുകയും ചെയ്യുമ്പോൾ ഇവരുടെ കച്ചവടം അവസാനിക്കും. അതുകൊണ്ടാണ് ഇത്തരം പെയ്ഡ് ക്യാമ്പയിനുകൾ ഇവർ നടത്തുന്നത്.
തന്റെ മക്കൾക്ക് പഞ്ചസാര മില്ലും എഥനോൾ ഫാക്ടറിയുമുണ്ട് എന്ന ആരോപണത്തിനും അദ്ദേഹം വ്യക്തമായ മറുപടി നൽകി. രാജ്യത്തുടനീളമുള്ള 550-ലധികം കമ്പനികളിൽ ടെൻഡർ വഴിയാണ് എഥനോൾ സംഭരിക്കുന്നത്. ക്യാബിനറ്റ് ആണ് ഇതിന്റെ വില തീരുമാനിക്കുന്നത്. ഇതിൽ തന്റെ മക്കളുടെ കമ്പനിയുടെ വിഹിതം വെറും 0.07% മാത്രമാണ്. എഥനോൾ കൂടാതെ മദ്യ നിർമ്മാണത്തിനുള്ള പ്ലാന്റുകൾ ഉള്ളതിനാൽ തങ്ങൾ ഇതിനെ മാത്രം ആശ്രയിച്ചല്ല ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. താൻ ഹൈഡ്രജനെക്കുറിച്ചും ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ചും സംസാരിക്കുമ്പോൾ താൻ അതിന്റെയും പങ്കാളിയാണെന്ന് പറയുമോ എന്ന് അദ്ദേഹം പരിഹസിച്ചു.
ലക്ഷ്യം കർഷകരുടെ സമൃദ്ധി
എഥനോൾ ഉൽപ്പാദനം തുടങ്ങിയതോടെ രാജ്യത്തെ കർഷകരുടെ വരുമാനത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായതെന്ന് കേന്ദ്രമന്ത്രി കണക്കുകൾ നിരത്തി വ്യക്തമാക്കി. മുൻപ് ക്വിന്റലിന് 1200 രൂപ മാത്രം വിപണി വിലയുണ്ടായിരുന്ന ചോളത്തിന് എഥനോൾ നിർമ്മാണം ആരംഭിച്ചതോടെ 2600 മുതൽ 2800 രൂപ വരെ വില ലഭിക്കാൻ തുടങ്ങി. ഇതിലൂടെ ഉത്തർപ്രദേശിലെയും ബിഹാറിലെയും പാവപ്പെട്ട കർഷകരുടെ കൈകളിലേക്ക് 45,000 കോടി രൂപയാണ് എത്തിയത്.
അതുപോലെ അസമിലെ മുളകളിൽ നിന്ന് എഥനോൾ ഉൽപ്പാദിപ്പിച്ച് ബംഗ്ലാദേശിലേക്ക് കയറ്റുമതി ചെയ്യാനുള്ള പദ്ധതികൾ നടപ്പിലാക്കുമ്പോൾ ലക്ഷക്കണക്കിന് യുവാക്കൾക്കാണ് തൊഴിൽ ലഭിക്കുന്നത്. ഇതൊന്നും തന്റെ സ്വന്തം പോക്കറ്റിലേക്കല്ല പോകുന്നതെന്നും പാവപ്പെട്ട കർഷകർ സമൃദ്ധിയിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്നത് കുറ്റമാണെങ്കിൽ താൻ ആ കുറ്റം ചെയ്യുമെന്നും അദ്ദേഹം വൈകാരികമായി പറഞ്ഞു.
ഏതെങ്കിലും കമ്പനിയുടെ വാഹനം എഥനോൾ കാരണം കേടായിട്ടുണ്ടെങ്കിൽ അതിന്റെ ഡീലർക്ക് പരാതി നൽകുന്നതിനൊപ്പം ഒരു കോപ്പി തന്റെ മന്ത്രാലയത്തിനും അയക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. അതിന്മേൽ കൃത്യമായ അന്വേഷണം നടത്തി നടപടിയെടുക്കാൻ തന്റെ വകുപ്പ് തയ്യാറാണ്. പരിസ്ഥിതിക്കും, രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കും, കർഷകർക്കും വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഈ സുപ്രധാന ചുവടുവെപ്പുകളുമായി മുന്നോട്ട് പോകുന്നതെന്നും വ്യാജപ്രചാരണങ്ങളെ ഭയപ്പെടുന്നില്ലെന്നും പറഞ്ഞാണ് അദ്ദേഹം തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.
---------------
Hindusthan Samachar / Roshith K