Enter your Email Address to subscribe to our newsletters

Kashmir, 08 ജൂലൈ (H.S.)
ജമ്മ്യു കശ്മീരിലെ ഷോപ്പിയാന്‍ ലഷ്‌കര്‍ ഭീകരനെ വധിച്ച് സൈന്യം. സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ്‌ലഷ്‌കറെ ത്വയ്യിബ ഭീകരനെ വധിച്ചത്. കഴിഞ്ഞ അഞ്ചുദിവസമായി തുടരുന്ന സംയുക്ത തിരച്ചിലിനൊടുവിലാണ് ഭീകരനെ വധിച്ചതെന്ന് ജമ്മ്യു കശ്മീര്‍ പൊലീസ് അറിയിച്ചു.
കുല്‍ഗാം ജില്ലക്കാരനായ സാക്കിര്‍ അഹമ്മദ് ഗാനി എന്ന ഭീകരനാണ് കൊല്ലപ്പെട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. 2023 സെപ്റ്റംബര്‍ 27 മുതല്‍ ഇയാളെ കാണാനില്ലായിരുന്നു. പിന്നീട് ഇയാള്‍ ഭീകരസംഘടനയില്‍ ചേരുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ദക്ഷിണ കശ്മീരിലെ കുല്‍ഗാം, ഷോപ്പിയാന്‍ മേഖലകളില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഇയാള്‍ സജീവമായിരുന്നു.
സെയ്ദാപോര ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ കൃത്യമായ വിവരത്തെ തുടര്‍ന്ന് ശനിയാഴ്ചയാണ് സുരക്ഷാസേന പ്രദേശത്ത് പരിശോധന ആരംഭിച്ചത്. ബുധനാഴ്ചയോടെ തിരച്ചില്‍ അഞ്ചാം ദിവസത്തിലേക്ക് കടന്നു. ഇതിനിടെ പ്രദേശത്തുനിന്ന് വെടിയൊച്ച കേട്ടതോടെ സുരക്ഷാസേന ശക്തമായി തിരിച്ചടിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരനെ വധിച്ചത്. ഏറ്റുമുട്ടല്‍ അവസാനിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയില്‍ ഭീകരന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് വന്‍ ആയുധശേഖരവും സ്‌ഫോടകവസ്തുക്കളും സുരക്ഷാസേന പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്ത് മറ്റ് ഭീകരര്‍ ഒളിച്ചിരിപ്പില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി സൈന്യത്തിന്റെ നേതൃത്വത്തില്‍ തിരച്ചിലും ശുചീകരണ പ്രവര്‍ത്തനങ്ങളും ഇപ്പോഴും പുരോഗമിക്കുകയാണ്.
ജമ്മ്യു കശ്മീര്‍ പൊലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും (എസ്.ഒ.ജി) സൈന്യത്തിന്റെ രാഷ്ട്രീയ റൈഫിള്‍സും (ആര്‍.ആര്‍) സി.ആര്‍.പി.എഫും സംയുക്തമായാണ് ഭീകരവിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കിയത്. നിങ്ങള്‍ക്ക് ഓടിയൊളിക്കാന്‍ കഴിഞ്ഞേക്കാം, എന്നാല്‍ പൂര്‍ണ്ണമായി മറഞ്ഞിരിക്കാന്‍ സാധിക്കില്ലെന്ന് ജമ്മ്യു കശ്മീര്‍ പൊലീസ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. ഷോപ്പിയാന്‍ എസ്.ഒ.ജിയും രാഷ്ട്രീയ റൈഫിള്‍സും സി.ആര്‍.പി.എഫും ചേര്‍ന്നാണ് ലഷ്‌കര്‍ ഭീകരനെ വധിച്ചതെന്നും പൊലീസ് സ്ഥിരീകരിച്ചു.
നിലവില്‍ പ്രദേശത്ത് സുരക്ഷാസേനയുടെ ശക്തമായ വലയം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൈനിക നടപടി പൂര്‍ണ്ണമായി അവസാനിക്കുകയും പ്രദേശം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്ത ശേഷം പിടിച്ചെടുത്ത ആയുധങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
---------------
Hindusthan Samachar / Sreejith S