ഒരേ റണ്വേയില് രണ്ട് വിമാനങ്ങള്; മുംബൈ വിമാനത്താവളത്തില് ഒഴിവായത് വന്ദുരന്തം
mumbai, 08 ജൂലൈ (H.S.) മുംബൈ വിമാനത്താവളത്തില് തലനാരിഴയ്ക്ക് വന്ദുരന്തം ഒഴിവായി. ഒരേ റണ്വേയില് രണ്ട് വിമാനങ്ങള് നേര്ക്കുനേര് വന്നതാണ് പരിഭ്രാന്തി പരത്തിയത്. എയര് ഇന്ത്യ, എയര് ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് ഒരേ റണ്വേയില് എത്തിയത്. എയര് ട്രാഫിക് കണ
AIR INDIA


mumbai, 08 ജൂലൈ (H.S.)

മുംബൈ വിമാനത്താവളത്തില് തലനാരിഴയ്ക്ക് വന്ദുരന്തം ഒഴിവായി. ഒരേ റണ്വേയില് രണ്ട് വിമാനങ്ങള് നേര്ക്കുനേര് വന്നതാണ് പരിഭ്രാന്തി പരത്തിയത്. എയര് ഇന്ത്യ, എയര് ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് ഒരേ റണ്വേയില് എത്തിയത്. എയര് ട്രാഫിക് കണ്ട്രോളറുടെ (എടിസി) സമയോചിതമായ ഇടപെടലിനെ തുടര്ന്ന് എയര് ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യുന്നത് അടിയന്തരമായി നിര്ത്തിയതിനാല് വന് ദുരന്തമാണ് ഒഴിവായത്.

ചൊവ്വാഴ്ച രാത്രി 10ഓടെയാണ് യാത്രക്കാരുടെ ജീവന് അപകടത്തിലാക്കുന്ന സംഭവം നടന്നത്. സിലിഗുരിയില്നിന്നും വന്ന എയര് ഇന്ത്യ എക്സ്പ്രസ് വിമാനം ലാന്ഡ് ചെയ്തതിന് ശേഷം റണ്വേയില്നിന്നും പൂര്ണമായി മാറിയിരുന്നില്ല. ഈ സമയത്താണ് ന്യൂഡല്ഹിയിലേക്ക് പോകേണ്ടിയിരുന്ന എയര് ഇന്ത്യ വിമാനം ഇതേ റണ്വേയില്നിന്ന് ടേക്ക് ഓഫ് ചെയ്യാന് തയാറെടുത്തത്. രണ്ട് വിമാനങ്ങളും ഒരേ റണ്വേയില് നേര്ക്കുനേര് വന്നതോടെ എയര് ട്രാഫിക് കണ്ട്രോളര് അടിയന്തരമായി ഇടപെടുകയായിരുന്നു. ടേക്ക് ഓഫ് ചെയ്യാന് തുടങ്ങുകയായിരുന്ന എയര് ഇന്ത്യ വിമാനത്തിന് ഉടന് തന്നെ നിര്ദേശം നല്കുകയും, വിമാനം നിര്ത്തുകയുമായിരുന്നു.

മുംബൈയില്നിന്നും ന്യൂഡല്ഹിയിലേക്ക് പോകുകയായിരുന്ന എയര് ഇന്ത്യയുടെ എഐ 816 വിമാനവും, സിലിഗുരിയില്നിന്നും എത്തിയ എയര് ഇന്ത്യ എക്സ്പ്രസിന്റെ എഐഎക്സ് 1547 വിമാനവുമാണ് അപകടത്തില്നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. എയര് ഇന്ത്യയുടേത് വലിയ ബോയിങ് 777-300 ഇആര് വിമാനവും, എയര് ഇന്ത്യ എക്സ്പ്രസിന്റേത് ചെറിയ ബോയിങ് 737 മാക്സ് എട്ട് വിമാനവുമായിരുന്നു. രണ്ട് വിമാനങ്ങളിലുമായി എത്ര യാത്രക്കാര് ഉണ്ടായിരുന്നു എന്നതിന്റെ കൃത്യമായ വിവരങ്ങള് ഇതുവരെ പുറത്തുവന്നിട്ടില്ല. എങ്കിലും വലിയൊരു ദുരന്തമാണ് ഒഴിവായതെന്ന് അധികൃതര് വ്യക്തമാക്കി.

എയര് ട്രാഫിക് കണ്ട്രോളറുടെ നിര്ദേശത്തെ തുടര്ന്നാണ് ടേക്ക് ഓഫ് ചെയ്യുന്നത് നിര്ത്തിയതെന്ന് എയര് ഇന്ത്യ വക്താവ് വ്യക്തമാക്കി. ജൂലൈ ഏഴിന് മുംബൈയില്നിന്നും ന്യൂഡല്ഹിയിലേക്ക് പോകുകയായിരുന്ന എഐ 816 വിമാനത്തിലെ ജീവനക്കാര് എടിസിയുടെ നിര്ദേശം ലഭിച്ചയുടന് ടേക്ക് ഓഫ് ചെയ്യുന്നത് നിര്ത്തുകയും വിമാനം തിരികെ ബേയിലേക്ക് മാറ്റുകയും ചെയ്തു.

വിമാനം പറന്നുയരുന്നതിന് മുന്പ് റണ്വേയിലൂടെ വേഗത്തില് സഞ്ചരിക്കുന്നതിനിടെയാണ് നിര്ദേശം ലഭിച്ചത്. സുരക്ഷാ മാനദണ്ഡങ്ങള് അനുസരിച്ച് വിമാനത്തില് ആവശ്യമായ പരിശോധനകള് നടത്തുമെന്നും വക്താവ് അറിയിച്ചു. യാത്രക്കാരെ എത്രയും വേഗം അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനായി പകരം സംവിധാനങ്ങള് ഏര്പ്പെടുത്തിയിട്ടുണ്ടെന്നും എയര് ഇന്ത്യ വ്യക്തമാക്കി.

---------------

Hindusthan Samachar / Sreejith S


Latest News