Enter your Email Address to subscribe to our newsletters

New delhi, 01 ഓഗസ്റ്റ് (H.S.)
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ വന്‍ കുറവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍. ഡല്‍ഹിയിലും കൊല്‍ക്കത്തയിലുമായി 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് ഇരുന്നൂറ് രൂപയിലധികമാണ് കുറച്ചത്. എന്നാല്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.
പുതുക്കിയ നിരക്കുകള്‍ പ്രകാരം ഡല്‍ഹിയില്‍ 202 രൂപയും കൊല്‍ക്കത്തയില്‍ 209 രൂപയുമാണ് വാണിജ്യ സിലിണ്ടറുകള്‍ക്ക് കുറഞ്ഞത്. ഇതോടെ കൊല്‍ക്കത്തയില്‍ ഒരു വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില 2,872.50 രൂപയായി മാറിയെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ പ്രധാന നഗരങ്ങളായ മുംബൈയിലും ചെന്നൈയിലും സമാനമായ രീതിയില്‍ വിലക്കുറവ് പ്രതിഫലിച്ചിട്ടുണ്ട്. പുതുക്കിയ നിരക്കുകള്‍ ശനിയാഴ്ച മുതല്‍ തന്നെ പ്രാബല്യത്തില്‍ വന്നു.
ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവ ഉപയോഗിക്കുന്ന 19 കിലോഗ്രാം സിലിണ്ടറുകള്‍ക്ക് മാത്രമാണ് ഈ വിലക്കുറവ് ബാധകമാകുക. വീടുകളില്‍ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല എന്നത് സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണ വിപണന കമ്പനികളാണ് എല്ലാ മാസവും ഒന്നാം തീയതി പാചകവാതക വില പുതുക്കി നിശ്ചയിക്കുന്നത്.
വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് കുറവ് രേഖപ്പെടുത്തുന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തിന്റെയും പശ്ചിമേഷ്യന്‍ പ്രതിസന്ധിയുടെയും പശ്ചാത്തലത്തില്‍ ആഗോള തലത്തില്‍ എല്‍പിജി വില കുതിച്ചുയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്ന് കഴിഞ്ഞ മെയ്, ജൂണ്‍ മാസങ്ങളില്‍ എണ്ണക്കമ്പനികള്‍ പാചകവാതക വില കുത്തനെ കൂട്ടിയിരുന്നു. എന്നാല്‍ ജൂലൈ മാസത്തില്‍ വില നേരിയ തോതില്‍ കുറച്ചതിന് പിന്നാലെയാണ് ഓഗസ്റ്റ് ഒന്നാം തീയതി വീണ്ടും വലിയ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ വിലക്കുറവ് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഹോട്ടല്‍ വ്യവസായ മേഖലയ്ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. വാണിജ്യ സിലിണ്ടറുകളുടെ വില കുറയുന്നത് ഹോട്ടല്‍ ഭക്ഷണവില നിയന്ത്രിച്ചു നിര്‍ത്താനും പരോക്ഷമായി സഹായിക്കും.
---------------
Hindusthan Samachar / Sreejith S