Enter your Email Address to subscribe to our newsletters

New delhi, 01 ഓഗസ്റ്റ് (H.S.)
പരീക്ഷകളിലെ ക്രമക്കേടുകളില്‍ കഠിനമായ ശിക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ചോദ്യപേപ്പര്‍ ചോര്‍ച്ചയും തടയുന്നത് ലക്ഷ്യമിട്ടുള്ള 'പബ്ലിക് എക്‌സാമിനേഷന്‍സ് (പ്രിവന്‍ഷന്‍ ഓഫ് അണ്‍ഫെയര്‍ മീന്‍സ്) ഭേദഗതി ബില്‍, 2026'-ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്‍കി. ഈ ആഴ്ച പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ബില്ലിനാണ് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചത്. ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കേന്ദ്ര നിയമ മന്ത്രാലയം പുറപ്പെടുവിച്ചു.
പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചതോടെ ഇത് ശക്തമായ നിയമമായി രാജ്യത്ത് നിലവില്‍ വന്നിരിക്കുകയാണ്. പരീക്ഷാ തട്ടിപ്പുകള്‍ തടയുന്നതിനും കുറ്റക്കാര്‍ക്കെതിരെ വേഗത്തില്‍ നടപടിയെടുക്കുന്നതിനും ലക്ഷ്യമിട്ട് കര്‍ശന വ്യവസ്ഥകളാണ് പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരീക്ഷാ തട്ടിപ്പുകാര്‍ക്ക് വിട്ടുവീഴ്ചയില്ലാത്ത ശിക്ഷയും അതിവേഗ നീതിയും ഉറപ്പാക്കുന്നതാണ് പുതിയ നിയമ ഭേദഗതി.
മെറിറ്റ് അടിസ്ഥാനമാക്കിയുള്ള മത്സരപരീക്ഷകളുടെ സുതാര്യത തിരിച്ചുപിടിക്കുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം. കഴിഞ്ഞ കുറച്ചുകാലങ്ങളായി രാജ്യത്തുണ്ടായ വലിയ പരീക്ഷാ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നിയമം കൂടുതല്‍ കര്‍ശനമാക്കിയത്. ഇടനിലക്കാരെയും പരീക്ഷാ മാഫിയകളെയും പൂര്‍ണമായി ഭയപ്പെടുത്താനും, കഠിനാധ്വാനം ചെയ്യുന്ന ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നീതി ഉറപ്പാക്കാനും ഈ ഭേദഗതിക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍.
ഇനി മുതല്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസുകളിലെ വിചാരണ വേഗത്തിലാക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലും അതിവേഗ കോടതികള്‍ സ്ഥാപിക്കും. ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ രണ്ടു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് നിയമം അനുശാസിക്കുന്നു. പരീക്ഷാ തട്ടിപ്പുകളിലോ ചോദ്യപേപ്പര്‍ ചോര്‍ച്ചയിലോ വ്യക്തിപരമായി പങ്കാളികളാകുന്നവര്‍ക്ക് കുറഞ്ഞത് 5 വര്‍ഷം മുതല്‍ പരമാവധി 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. കൂടാതെ 50 ലക്ഷം രൂപ വരെ പിഴയും ഈടാക്കാം. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സംഘടിത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കുറഞ്ഞത് 7 വര്‍ഷം തടവും 10 കോടി രൂപ വരെ പിഴയും നിര്‍ദേശിക്കുന്നു.
കേന്ദ്ര സര്‍ക്കാര്‍ 2024-ല്‍ പാസാക്കിയ പബ്ലിക് എക്‌സാമിനേഷന്‍സ് നിയമത്തിന്റെ കൂടുതല്‍ കര്‍ശനമായ പരിഷ്‌കരിച്ച രൂപമാണിത്. യുപിഎസ്സി (യുപിഎസ്സി), എസ്എസ്സി (എസ്എസ്സി), റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകള്‍, നീറ്റ്, ജെഇഇ പോലുള്ള പ്രവേശന പരീക്ഷകള്‍ നടത്തുന്ന നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) എന്നിവയുടെ കീഴില്‍ വരുന്ന എല്ലാ പൊതുപരീക്ഷകള്‍ക്കും ഈ നിയമം ബാധകമാണ്. പരീക്ഷാ അട്ടിമറികളില്‍ ഉള്‍പ്പെടുന്ന വ്യക്തികള്‍ക്കും വലിയ മാഫിയ സംഘങ്ങള്‍ക്കും കഠിനമായ ശിക്ഷ ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
---------------
Hindusthan Samachar / Sreejith S