Enter your Email Address to subscribe to our newsletters

New delhi, 10 ഓഗസ്റ്റ് (H.S.)
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രാജ്യത്തിന് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയ കായിക താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മെഡല്‍ ജേതാക്കളുടെ വിജയം വരും തലമുറയിലെ കായികതാരങ്ങള്‍ക്ക് വലിയ പ്രചോദനമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്‌കോട്ട്ലന്‍ഡില്‍ നിന്ന് മടങ്ങിയെത്തിയ കോമണ്‍വെല്‍ത്ത് ടീമുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദനം.
'ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിലെ നമ്മുടെ മികച്ച മെഡല്‍ ജേതാക്കള്‍ക്ക് 7 ലോക് കല്യാണ്‍ മാര്‍ഗില്‍ ആതിഥേയത്വം വഹിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. ഗെയിംസിനിടയിലെ അവരുടെ അനുഭവങ്ങള്‍ ഞാന്‍ ചോദിച്ചറിഞ്ഞു. അസാധാരണമായ പ്രകടനത്തിലൂടെ അവരോരുത്തരും നമ്മുടെ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയിരിക്കുകയാണ്. ഇവരുടെ വിജയം അനേകം യുവാക്കള്‍ക്ക് കായികരംഗത്തേക്ക് കടന്നുവരാന്‍ പ്രചോദനമാകും,' പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സില്‍ കുറിച്ചു.
ഗുസ്തി, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, ഹോക്കി, ഷൂട്ടിംഗ് തുടങ്ങിയ ഇന്ത്യക്ക് സാധാരണയായി കൂടുതല്‍ മെഡലുകള്‍ സമ്മാനിക്കാറുള്ള പ്രധാന മത്സരങ്ങള്‍ ഇത്തവണത്തെ ഗെയിംസില്‍ ഒഴിവാക്കിയിരുന്നു. ചുരുക്കപ്പെട്ട മത്സര ഇനങ്ങള്‍ മാത്രമുണ്ടായിരുന്നിട്ടും, 13 സ്വര്‍ണവും 17 വെള്ളിയും 9 വെങ്കലവുമടക്കം ആകെ 39 മെഡലുകളുമായി മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനം നിലനിര്‍ത്താന്‍ ഇന്ത്യക്ക് കഴിഞ്ഞു. ചടങ്ങില്‍ വച്ച് പ്രധാനമന്ത്രി കായികതാരങ്ങളുമായി വിശദമായ സംഭാഷണം നടത്തി.
ഗെയിംസില്‍ ഇന്ത്യന്‍ ബോക്സിംഗ് ടീം തങ്ങളുടെ എക്കാലത്തെയും മികച്ച പ്രകടനങ്ങളിലൊന്നാണ് പുറത്തെടുത്തത്. ഏഴ് സ്വര്‍ണവും മൂന്ന് വെള്ളിയും ഉള്‍പ്പെടെ 10 മെഡലുകളാണ് റിംഗില്‍ നിന്ന് ഇന്ത്യ സ്വന്തമാക്കിയത്. പ്രീതി പവാര്‍ (54 കിലോഗ്രാം), ജാസ്മിന്‍ ലംബോറിയ (57 കിലോഗ്രാം), സാക്ഷി ചൗധരി (51 കിലോഗ്രാം), പ്രിയ ഗംഗാസ് (60 കിലോഗ്രാം), അരുന്ധതി ചൗധരി (70 കിലോഗ്രാം), സച്ചിന്‍ സിവാച്ച് (60 കിലോഗ്രാം), അങ്കുഷ് പംഗല്‍ (80 കിലോഗ്രാം) എന്നിവരാണ് ഇന്ത്യക്കായി സ്വര്‍ണം നേടിയത്. ജാദുമണി സിംഗ് (55 കിലോഗ്രാം), ലവ്ലിന ബോര്‍ഗോഹെയ്ന്‍ (75 കിലോഗ്രാം), നരേന്ദര്‍ ബെര്‍വാള്‍ (90+ കിലോഗ്രാം) എന്നിവര്‍ വെള്ളി മെഡലുകളും സ്വന്തമാക്കി. വനിതാ ബോക്സിങ് താരങ്ങളുടെ കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണിത്.
---------------
Hindusthan Samachar / Sreejith S