Enter your Email Address to subscribe to our newsletters

Ranchi, 10 ഓഗസ്റ്റ് (H.S.)
പരീക്ഷ ക്രമക്കേടുകള്‍ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര്‍ഥി സമരം തുടരുന്നു. പ്രതിഷേധം 17-ാം ദിവസത്തിലേക്ക് കടന്നു്. സമരത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ ഇന്ന് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തി. വിദ്യാര്‍ഥികളുമായി ഇന്നലെ സര്‍ക്കാര്‍ നടത്തിയ ആറാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടത്തിന് പിന്നാലെയാണ് വിധാന്‍സഭയിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്.
മാര്‍ച്ചിനെ തുടര്‍ന്ന് നിരവധി വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പലരും ബാരിക്കേഡുകള്‍ തകര്‍ത്താണ് വിധാന്‍സഭയിലേക്ക് മാര്‍ച്ച് നടത്തിയത്. പ്രതിഷേധത്തില്‍ ഒന്‍പത് ദിവസമായി നിരാഹാര സമരം നടത്തുന്ന ജെഎല്‍കെഎം നേതാവ് ദേവേന്ദ്രനാഥ് മഹ്‌തോയും മാര്‍ച്ചില്‍ പങ്കുചേര്‍ന്നു.
മുന്‍ മുഖ്യമന്ത്രി ഷിബു സോറന്റെ ഛായചിത്രം വഹിച്ചുകൊണ്ടാണ് ദേവന്ദ്രനാഥ് മാര്‍ച്ചിന് എത്തിയത്. പഴയ നിയസഭാ സമുച്ചയത്തിന് പുറത്ത് നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ചിനെ തുടര്‍ന്ന് റാഞ്ചി നഗരത്തിലുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വിധാന്‍സഭയിലെ 750 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
സുരക്ഷക്കായി റാപ്പിഡ് ആക്ഷന്‍ ഫോഴ്സ്, ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍, ജില്ലാ പൊലീസ്, ക്യുആര്‍ടി എന്നീ വിഭാഗങ്ങളില്‍ നിന്നായി 1,500 ലധികം ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. റാഞ്ചിയിലെ ഭൂരിഭാഗം സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
'ഞാന്‍ ഇവിടെ വന്നത് ഒരു ആംബുലന്‍സിലാണ്. സര്‍ക്കാര്‍ ഞങ്ങളുടെ ആവശ്യം കേള്‍ക്കേണ്ടി വരും. ഞാന്‍ ദൈവമോ മിശിഹയോ അല്ല. ഒരു സാധാരണക്കാരനാണ്. എന്റെ വ്യക്തി ജീവിതത്തില്‍ ഒരു മാറ്റവും ഉണ്ടാകില്ല. എന്നാല്‍ ഞങ്ങളെ തകര്‍ക്കാനായി കെട്ടുന്ന മുള്ളുകമ്പികള്‍ നിരാഹാര സമരത്തേക്കാള്‍ കൂടുതല്‍ വേദനിപ്പിച്ചു. വിദ്യാര്‍ഥികള്‍ ബാരിക്കേഡുകള്‍ കടന്നാണ് പ്രതഷേധം നടത്തുന്നത്. സര്‍ക്കാര്‍ എന്തുകൊണ്ടാണ് വിദ്യാര്‍ഥികളുടെ ആവശ്യം അംഗീകരിക്കാത്തത്?', എന്നും ദേവേന്ദ്രനാഥ് ചോദിച്ചു.
ഇന്ന് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ജന്മദിനമാണ്. ജന്തര്‍ മന്തറില്‍ നടന്നതുപോലുള്ള ചില ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഇവിടെ നടക്കരുത്. ആരുടെയും ചോര വിഴുന്നതോ പരിക്കേല്‍പ്പിക്കുകയോ ജനക്കൂട്ടത്തെ കൂടുതല്‍ പ്രകോപിപ്പിക്കുകയോ ചെയ്യുന്ന ഒരു നടപടിയും സ്വീകരിക്കരുത്. സര്‍ക്കാര്‍ വിദ്യാര്‍ഥികളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ അത് ജനാധിപത്യത്തെ നശിപ്പിക്കുന്നതിന് സമമാണ്. താന്‍ നിരാഹാരം അവസാനിപ്പിക്കില്ലെന്നും ദേവേന്ദ്രനാഥ് പറഞ്ഞു.
അതേസമയം പരീക്ഷ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് ആരോപിച്ച് വിഷയത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ആരംഭിച്ചു. എഫ്ഐആറും മറ്റ് ചില പരാതികളും കണക്കിലെടുത്ത് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
14-ാമത് ജെപിഎസ്സി സിവില്‍ സര്‍വീസ് പരീക്ഷ റദ്ദാക്കുക, ജെപിഎസ്സി, ജെഎസ്എസ്സി കമ്മീഷനുകളില്‍ മാറ്റങ്ങള്‍ വരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാര്‍ഥികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. പരീക്ഷാ ക്രമക്കേടില്‍ സിബിഐ അന്വേഷണമോ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വിരമിച്ച ഹൈക്കോടതി ജഡ്ജിമാരുടെ സമിതിയുടെ അന്വേഷണമോ വേണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം.
ഇന്നലെ നടന്ന ചര്‍ച്ചയില്‍ വിദ്യാര്‍ഥികളുടെ 98 ശതമാനം ആവശ്യങ്ങളും അംഗീകരിച്ചതായി സംസ്ഥാന സര്‍ക്കാര്‍ ആവകാശപ്പെടുന്നു. എന്നാല്‍ ഇത് തെറ്റാണെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. സിബിഐ അന്വേഷണം എന്ന തങ്ങളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്നാണ് വിദ്യാര്‍ഥി സംഘടനകള്‍ പറയുന്നത്.
---------------
Hindusthan Samachar / Sreejith S