എന്ഡിഎയിലേക്ക് പോയ തൃണമൂല് വിമത എംപിമാരില് വിള്ളല്; 3 പേര് യോഗങ്ങളില് പങ്കെടുക്കുന്നില്ല
New delhi, 10 ഓഗസ്റ്റ് (H.S.) എന്‍ഡിഎയുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ച തൃണമൂല്‍ കോണ്‍ഗ്രസിലെ എംപിമാര്‍ക്കിടയില്‍ വിള്ളല്‍. 20 വിമത ലോക്സഭാ എംപിമാര്‍ക്കിടയിലാണ് അതൃപ്തിയുളളതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളെ പ്
Trinamool Congress MP Yusuf Pathan


New delhi, 10 ഓഗസ്റ്റ് (H.S.)

എന്‍ഡിഎയുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ച തൃണമൂല്‍ കോണ്‍ഗ്രസിലെ എംപിമാര്‍ക്കിടയില്‍ വിള്ളല്‍. 20 വിമത ലോക്സഭാ എംപിമാര്‍ക്കിടയിലാണ് അതൃപ്തിയുളളതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന മൂന്ന് എംപിമാര്‍ യോഗങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയും അതൃപ്തി പ്രകടിപ്പിക്കും ചെയ്തു. അബു താഹിര്‍ ഖാന്‍, ഖലീലുറഹ്‌മാന്‍, യൂസുഫ് പത്താന്‍ എന്നിവരാണ് വിമതര്‍ക്കിടയില്‍ വിമതസ്വരം ഉയര്‍ത്തിയത്. എന്നാല്‍, ഇത് സ്വന്തം മണ്ഡലങ്ങളിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള തന്ത്രപരമായ നീക്കമാണെന്ന് മമത ബാനര്‍ജിയോട് അനുഭാവം പുലര്‍ത്തുന്ന തൃണമൂല്‍ നേതാക്കള്‍ ആരോപിച്ചു.

ബംഗാളിലെ തിരഞ്ഞെടുപ്പിന് പിന്നാലെ തൃണമൂലിന്റെ 20 ലോക്സഭാ എംപിമാരാണ് എന്‍സിപിഐ എന്ന പാര്‍ട്ടിയില്‍ ചേര്‍ന്ന് എന്‍ഡിഎയുടെ ഭാഗമായത്. ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ചത് തങ്ങളുടെ മണ്ഡലങ്ങളിലെ വോട്ട് ബാങ്കുകള്‍ നഷ്ടപ്പെടാനിടയാക്കുമെന്ന് ഇവരില്‍ ചില എംപിമാര്‍ ആശങ്കപ്പെടുന്നതായാണ് റിപ്പോര്‍ട്ട്. ആദ്യം വിമത യോഗങ്ങളില്‍ പങ്കെടുത്തിരുന്ന ഈ എംപിമാര്‍ ഇപ്പോള്‍ എന്‍സിപിഐ-എന്‍ഡിഎ യോഗങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്.

ഇതിനിടെ ശനിയാഴ്ച മുര്‍ഷിദാബാദ് എംപിയായ അബു താഹിര്‍ ഖാന്‍ തന്റെ മണ്ഡലത്തിലെ എസ്ഐആര്‍ നടപടികളില്‍ ക്രമക്കേടുണ്ടെന്ന പരാതിയുമായി മുഖ്യമന്ത്രി സുവേന്ദു അധികാരിയെ സമീപിക്കുകയും ചെയ്തു. തങ്ങള്‍ ബിജെപിക്കൊപ്പം പോകില്ലെന്നും എന്‍ഡിഎയുടെ ഭാഗമാകില്ലെന്നും ഇതിനകം വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചിട്ടുമുണ്ട്.

എന്നാല്‍, ഇതൊരു നാടകമാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നത്. 'അവര്‍ എല്ലാവരെയും തെറ്റിധരിപ്പിക്കുകയാണ്. തങ്ങള്‍ എന്‍സിപിഐയുടെ ഭാഗമാണെന്ന കാണിച്ച് അവര്‍ ഒരു കത്ത് സമര്‍പ്പിച്ചിരുന്നു. ആ കത്ത് സ്പീക്കറുടെ കൈവശവുമുണ്ട്. മാത്രമല്ല, എന്‍സിപിഐ എന്‍ഡിഎയുടെ സഖ്യകക്ഷിയാണെന്ന് അവരുടെ പാര്‍ട്ടിയുടെ നേതാക്കള്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുള്ളതുമാണ്. എന്‍സിപിഐയില്‍ ചേര്‍ന്നതിനുശേഷം അവര്‍ക്ക് അവരുടെ സ്വന്തം മണ്ഡലങ്ങളില്‍ പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. മുര്‍ഷിദാബാദില്‍ 60 മുതല്‍ 65 ശതമാനം വരെ വോട്ടര്‍മാര്‍ ന്യൂനപക്ഷ വിഭാഗക്കാരാണ്. അവരെ വഞ്ചിച്ചിരിക്കുകയാണ്', തൃണമൂല്‍ നേതാവ് കല്യാണ്‍ ബാനര്‍ജി പറഞ്ഞു.

ബിജെപിയുമായി സഖ്യമില്ലെന്ന് പറയുന്നുണ്ടെങ്കിലും ഈ എംപിമാര്‍ കഴിഞ്ഞദിവസവും അമിത് ഷായെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കണ്ടിട്ടുണ്ടെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി തൃണമൂല്‍-ശിവസേന വിമത എംപിമാര്‍ക്കായി നടത്തിയ പ്രഭാതവിരുന്നില്‍ ഈ എംപിമാര്‍ പങ്കെടുത്തതായാണ് വിവരം.

ബിജെപിയുടെ രാഷ്ട്രീയവുമായി യോജിക്കുന്നില്ലെന്നും എന്നാല്‍ തങ്ങളുടെ മണ്ഡലങ്ങളിലെ ജനങ്ങളുടെ നന്മയ്ക്കായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിക്കുമെന്നുമാണ് ഈ മൂന്ന് എംപിമാരും നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. ഇതിനിടെ വിമത എംപിമാരില്‍ ചിലര്‍ മമത ബാനര്‍ജിയുടെ പക്ഷത്തേക്ക് തിരിച്ചുവരാന്‍ ആഗ്രഹിച്ചുകൊണ്ട് തന്നെ ബന്ധപ്പെട്ടിരുന്നതായി തൃണമൂല്‍ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് സൗഗത റോയ് അവകാശപ്പെട്ടിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News