Enter your Email Address to subscribe to our newsletters

Newyork , 11 ഓഗസ്റ്റ് (H.S.)
അദാനിക്കും ബന്ധു സാഗർ അദാനിക്കുമെതിരായ സാമ്പത്തിക തട്ടിപ്പ്, കൈക്കൂലി കേസുകൾ യുഎസ് കോടതി തള്ളി. നീതിന്യായ വ്യവസ്ഥയിൽ ഉറച്ച വിശ്വാസമുണ്ടെന്ന് ഗൗതം അദാനി.
ന്യൂയോർക്ക്: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനി എന്നിവർക്കെതിരെ യുഎസിൽ നിലനിന്നിരുന്ന ക്രിമിനൽ കേസ് തള്ളി അമേരിക്കൻ ഫെഡറൽ കോടതി. അഴിമതി, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ ആരോപണങ്ങളെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസ് തുടരാൻ താല്പര്യമില്ലെന്ന യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ (DOJ) അപേക്ഷ അംഗീകരിച്ചാണ് ബ്രൂക്ലിനിലെ ഡിസ്ട്രിക്റ്റ് ജഡ്ജ് നിക്കോളാസ് ഗരാഫസ് ഉത്തരവിട്ടത്.
'വിത്ത് പ്രെജുഡീസ്' (With Prejudice) എന്ന വ്യവസ്ഥയോടെയാണ് കോടതി കേസ് തള്ളിയിരിക്കുന്നത്. ഇതനുസരിച്ച് ഈ വിഷയത്തിൽ അദാനിക്കെതിരെ വീണ്ടും കേസെടുക്കാനോ ക്രിമിനൽ നടപടികൾ പുനരാരംഭിക്കാനോ യുഎസ് പ്രോസിക്യൂഷന് സാധിക്കില്ല. അമേരിക്കയിലെ നിയമപോരാട്ടത്തിൽ വലിയ വിജയമാണ് ഇതോടെ അദാനി ഗ്രൂപ്പിന് ലഭിച്ചിരിക്കുന്നത്.
കോടതി വിധിയിൽ പ്രതികരിച്ച് ഗൗതം അദാനി
യുഎസ് കോടതി വിധി പുറത്തുവന്നതിന് പിന്നാലെ വിനീതമായി വിധി സ്വാഗതം ചെയ്യുന്നുവെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ (X) കുറിച്ചു.
യുഎസ് കോടതിയുടെ തീരുമാനത്തെ വളരെ വിനയത്തോടും നീതിന്യായ വ്യവസ്ഥയോടുള്ള ആഴത്തിലുള്ള ബഹുമാനത്തോടും കൂടി ഞാൻ സ്വാഗതം ചെയ്യുന്നു. പ്രതിസന്ധികൾ നിറഞ്ഞ ഈ കാലയളവിലുടനീളം സത്യത്തിലും നീതിയിലും നിയമവാഴ്ചയിലുമുള്ള ഞങ്ങളുടെ വിശ്വാസം അചഞ്ചലമായി നിലനിന്നു. ഞങ്ങളിലും ഭരണഘടനാ സ്ഥാപനങ്ങളിലും ഇന്ത്യയുടെ നീതിന്യായ ശേഷിയിലും വിശ്വസിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. രാജ്യനിർമ്മാണത്തിനും ശാശ്വതമായ മൂല്യങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള ഞങ്ങളുടെ ദൗത്യം തുടരും, എന്ന് അദാനി വ്യക്തമാക്കി.
കേസിന്റെ പശ്ചാത്തലം
2024 നവംബറിലാണ് ജോ ബൈഡൻ ഭരണകൂടത്തിന്റെ അവസാന കാലയളവിൽ അദാനിക്കും സാഗർ അദാനിക്കുമെതിരെ യുഎസ് പ്രോസിക്യൂഷൻ കുറ്റപത്രം സമർപ്പിച്ചത്. ഇന്ത്യയിൽ 12 ഗിഗാവാട്ട് ശേഷിയുള്ള സൗരോർജ്ജ പദ്ധതികളുടെ കരാറുകൾ സ്വന്തമാക്കുന്നതിനായി ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് 250 ദശലക്ഷത്തിലധികം ഡോളർ (ഏകദേശം 2100 കോടി രൂപ) കോഴ നൽകാൻ ഗൂഢാലോചന നടത്തിയെന്നായിരുന്നു പ്രധാന ആരോപണം.
ഇതുകൂടാതെ, കമ്പനിയുടെ അഴിമതിവിരുദ്ധ നിലപാടുകളെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകി അമേരിക്കൻ നിക്ഷേപകരിൽ നിന്ന് വായ്പയായും ബോണ്ടുകളായും കോടിക്കണക്കിന് ഡോളർ സമാഹരിച്ചുവെന്നും ആരോപണമുണ്ടായിരുന്നു. എന്നാൽ, ഈ ആരോപണങ്ങളെല്ലാം പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് അദാനി ഗ്രൂപ്പ് തുടക്കം മുതൽ വ്യക്തമാക്കിയിരുന്നു.
കേസ് പിൻവലിച്ച് യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ്
കേസ് തുടരുന്നതിൽ നിന്ന് പിന്മാറുകയാണെന്ന് യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് കോടതിയെ അറിയിക്കുകയായിരുന്നു. കേസ് പ്രധാനമായും വിദേശ രാജ്യവുമായി ബന്ധപ്പെട്ടതാണെന്നും, തെളിയിക്കാൻ ബുദ്ധിമുട്ടുള്ളതാണെന്നും, നിലവിലെ വകുപ്പിന്റെ മുൻഗണനകൾക്ക് നിരക്കുന്നതല്ലെന്നും കാട്ടിയാണ് പ്രോസിക്യൂഷൻ കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയത്. ജഡ്ജ് ഗരാഫസ് തുടക്കത്തിൽ ചില ചോദ്യങ്ങളും വിശദീകരണങ്ങളും ചോദിച്ചെങ്കിലും, പ്രോസിക്യൂഷന്റെ വാദങ്ങൾ പരിഗണിച്ച് കേസ് അവസാനിപ്പിക്കാൻ ഉത്തരവിടുകയായിരുന്നു.
സിവിൽ കേസുകളിലെ ഒത്തുതീർപ്പ്
ക്രിമിനൽ കേസ് തള്ളിയതിന് പുറമേ, യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനുമായി (SEC) നിലനിന്നിരുന്ന സിവിൽ തർക്കങ്ങളും ഒത്തുതീർപ്പിലായിട്ടുണ്ട്. കുറ്റം സമ്മതിക്കാതെ തന്നെ ഗൗതം അദാനി 6 ദശലക്ഷം ഡോളറും സാഗർ അദാനി 12 ദശലക്ഷം ഡോളറും പിഴയായി നൽകാൻ ധാരണയായി. കൂടാതെ, ഇറാൻ ഉപരോധവുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിപ്പിക്കുന്നതിനായി അദാനി എന്റർപ്രൈസസ് യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റിന് 275 ദശലക്ഷം ഡോളർ നൽകാനും ധാരണയിലെത്തിയിട്ടുണ്ട്.
യുഎസിലെ നിയമപ്രതിസന്ധികൾ പൂർണ്ണമായും ഒഴിവായിക്കിട്ടിയതോടെ അന്താരാഷ്ട്ര തലത്തിൽ തങ്ങളുടെ ബിസിനസ് ശൃംഖല വിപുലീകരിക്കാനും ആഗോള നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനും അദാനി ഗ്രൂപ്പിന് വഴിയൊരുങ്ങിയിരിക്കുകയാണ്.
---------------
Hindusthan Samachar / Roshith K