Enter your Email Address to subscribe to our newsletters

Ernakulam , 11 ഓഗസ്റ്റ് (H.S.)
സൗരോർജ ഉപയോഗത്തിലും പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളിലും പുതിയ മാതൃക തീർത്ത് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്). തൃക്കാക്കര കാമ്പസിലെ പ്രധാന അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾ ഇനിമുതൽ പൂർണമായും സൗരോർജത്തിലായിരിക്കും. കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ പ്ലാൻ്റുകളിൽ നിന്നുള്ള പ്രതിദിന വൈദ്യുതി ഉത്പാദനം 320 യൂണിറ്റായി ഉയർന്നതോടെയാണ് ഓഫിസ് ആവശ്യങ്ങൾക്കുള്ള വൈദ്യുതി പൂർണമായും ലഭ്യമായിത്തുടങ്ങിയത്.
സർവകലാശാലയുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും വലിയ മുൻഗണന നൽകുന്ന കുസാറ്റിൻ്റെ ഈ പുതിയ നീക്കം സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് തന്നെ വലിയൊരു പ്രചോദനമായി മാറുകയാണ്. കഴിഞ്ഞ മാസം 17നാണ് കാമ്പസിൽ പുതിയതായി നിർമിച്ച 50 കിലോവാട്ട് ശേഷിയുള്ള ഗ്രിഡ് കണക്റ്റഡ് സോളാർ വൈദ്യുത നിലയം ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചത്.
സർവകലാശാലയിൽ നേരത്തെ തന്നെ 30 കിലോവാട്ട് ശേഷിയുള്ള മറ്റൊരു സോളാർ പ്ലാൻ്റ് വിജയകരമായി പ്രവർത്തിക്കുന്നുണ്ടായിരുന്നു. പുതിയ നിലയം കൂടി പ്രവർത്തനക്ഷമമായതോടെ കുസാറ്റിലെ ആകെ സോളാർ വൈദ്യുതി ഉത്പാദന ശേഷി 80 കിലോവാട്ടായി ഉയർന്നു. നിലവിലെ പ്രതികൂല കാലാവസ്ഥ മാറി മഴക്കാലം പൂർണമായും അവസാനിക്കുന്നതോടെ പ്രതിദിന സോളാർ വൈദ്യുതി ഉത്പാദനത്തിൽ ഇനിയും വലിയ വർധനയുണ്ടാകുമെന്നാണ് സാങ്കേതിക വിദഗ്ധരും സർവകലാശാല അധികൃതരും പ്രതീക്ഷിക്കുന്നത്.
സാമ്പത്തിക സഹായം കൊച്ചിൻ ഷിപ്പ്യാർഡിൽ നിന്ന്
സാങ്കേതിക-സാമ്പത്തിക സഹകരണത്തിൻ്റെ മികച്ചൊരു ഉദാഹരണം കൂടിയാണ് ഈ പദ്ധതി. പ്രമുഖ പൊതുമേഖലാ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് തങ്ങളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആർ) ഫണ്ടിൽ നിന്ന് ലഭ്യമാക്കിയ സാമ്പത്തിക സഹായത്തോടെയാണ് 50 കിലോവാട്ടിൻ്റെ പുതിയ ഗ്രിഡ് കണക്റ്റഡ് സോളാർ പ്ലാൻ്റ് യാഥാർഥ്യമാക്കിയത്. ഏകദേശം 21.68 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്.
പ്രതിവർഷം 73,000 യൂണിറ്റ് ശുദ്ധമായ വൈദ്യുതി ഉത്പാദിപ്പിക്കാൻ പുതിയ പ്ലാൻ്റിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. പൊതുമേഖലാ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള ഇത്തരം കൂട്ടായ്മകൾ സാമൂഹിക വികസനത്തിനും സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും എത്രത്തോളം സഹായകരമാണെന്ന് ഈ സോളാർ പദ്ധതി തെളിയിക്കുന്നു. കുസാറ്റിലെ ദീൻ ദയാൽ ഉപാധ്യായ കൗശൽ കേന്ദ്രയുടെ ഏകോപനത്തിൽ എൻജിനിയറിങ് വിഭാഗമാണ് പദ്ധതി നടപ്പിലാക്കിയത്.
സർവകലാശാലയുടെ വൈദ്യുതി ചെലവ് കുറയുന്നതിനൊപ്പം, കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനും കാമ്പസിൽ പുനരുപയോഗ ഊർജത്തിൻ്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്ന് വൈസ് ചാൻസലർ പ്രൊഫസർ ഡോ. എം ജുനൈദ് ബുഷിരി പറഞ്ഞു. ഇതിനുപുറമേ പഠന ഗവേഷണ ആവശ്യങ്ങൾക്കായി എത്തുന്ന വിദ്യാർഥികൾക്ക് സൗരോർജ സാങ്കേതിക വിദ്യയുടെ പ്രായോഗിക വശങ്ങൾ നേരിട്ട് കണ്ടുമനസ്സിലാക്കാനും ഈ പ്ലാൻ്റ് ഒരു മാതൃകാ കേന്ദ്രമായി പ്രവർത്തിക്കും.
കാമ്പസിനെ ഘട്ടം ഘട്ടമായി പൂർണമായും ഹരിത ഊർജത്തിലേക്ക് നയിക്കാനുള്ള കുസാറ്റിൻ്റെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളിലെ സുപ്രധാനമായൊരു നാഴികക്കല്ലാണ് ഈ നേട്ടം. വരും നാളുകളിൽ കൂടുതൽ പരിസ്ഥിതി സൗഹൃദ പദ്ധതികൾ കാമ്പസിൽ നടപ്പിലാക്കാനും സർവകലാശാല ലക്ഷ്യമിടുന്നുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR