Enter your Email Address to subscribe to our newsletters

Thiruvananthapuram, 11 ഓഗസ്റ്റ് (H.S.)
കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷത്തിനിടെ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൽ നിന്ന് പ്രവർത്തന മിച്ചമായി സർക്കാരിലേക്ക് എത്തിയത് അയ്യായിരത്തിലധികം കോടി രൂപ. എറണാകുളം കാക്കനാട് സ്വദേശി രാജു വാഴക്കാല സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റ് നൽകിയ മറുപടിയിലാണ് നികുതിയേതര വരുമാനത്തിലെ ഈ നിർണായക കണക്കുകൾ വ്യക്തമാക്കിയത്. 2021-22 മുതൽ 2025-26 വരെയുള്ള കാലയളവിൽ 5,658.05 കോടി രൂപയാണ് ലോട്ടറിയിൽ നിന്നുള്ള ലാഭവിഹിതമായി സർക്കാരിൻ്റെ പൊതു അക്കൗണ്ടിലേക്ക് അടച്ചത്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏറ്റവും കൂടുതൽ ലാഭവിഹിതം ലഭിച്ചത് 2025-26 സാമ്പത്തിക വർഷത്തിലാണ്. 1,774.52 കോടി രൂപയാണ് ഈ വർഷം ലഭിച്ചത്. ഏറ്റവും കുറവ് ലഭിച്ച 2021-22ൽ ആകെ 559.64 കോടി രൂപയാണ് ലാഭവിഹിതമായി എത്തിയത്. 2022-23ൽ 1,018.63 കോടിയും 2023-24ൽ 1,203.27 കോടിയും 2024-25ൽ 1,101.99 കോടി രൂപയും സർക്കാരിന് ലഭിച്ചു.
കാരുണ്യ ചികിത്സാനിധിനിർധനരായ രോഗികൾക്ക് ആശ്വാസമേകുന്ന കാരുണ്യ ചികിത്സാനിധിയിലേക്കും സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിലേക്കും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 324.62 കോടി രൂപയാണ് കൈമാറിയത്. 2021-22ൽ 44.22 കോടിയും 2022-23ൽ 70 കോടിയും 2023-24ൽ 50 കോടിയും നൽകി. 2024-25ൽ മാത്രം 86.10 കോടി രൂപയാണ് കൈമാറിയത്. 2025-26ൽ ഇത് 74.30 കോടി രൂപയായിരുന്നു. കേസ് സംബന്ധമായ ക്ലെയിമുകൾ ഒഴികെ കൃത്യമായ രേഖകൾ സമർപ്പിച്ചിട്ടുള്ള ടിക്കറ്റുകൾക്ക് മുഴുവൻ സമ്മാനവും വിതരണം ചെയ്തിട്ടുണ്ടെന്ന് ലോട്ടറി വകുപ്പ് വ്യക്തമാക്കുന്നു. എന്നാൽ ഹാജരാക്കാത്ത സമ്മാനാർഹമായ ടിക്കറ്റുകളുടെ കണക്കുകൾ ക്രോഡീകരിച്ച് സൂക്ഷിക്കുന്നില്ലെന്നും വകുപ്പ് അറിയിച്ചു.
പ്രതിവാര ഭാഗ്യക്കുറികളും ബംപറുകളുംകേരളത്തിൽ നിലവിൽ ഏഴ് പ്രതിവാര ഭാഗ്യക്കുറികളും പ്രധാനപ്പെട്ട ആറ് ബംപർ ഭാഗ്യക്കുറികളുമാണുള്ളത്. തിങ്കളാഴ്ച ഭാഗ്യത്താര, ചൊവ്വാഴ്ച സ്ത്രീ ശക്തി, ബുധനാഴ്ച ധനലക്ഷ്മി, വ്യാഴാഴ്ച കാരുണ്യ പ്ലസ്, വെള്ളിയാഴ്ച സുവർണ്ണ കേരളം, ശനിയാഴ്ച കാരുണ്യ, ഞായറാഴ്ച സമൃദ്ധി എന്നിവയാണ് പ്രതിവാര ലോട്ടറികൾ. ക്രിസ്മസ് ന്യൂഇയർ, സമ്മർ, വിഷു, മൺസൂൺ, തിരുവോണം, പൂജ എന്നിവയാണ് ആറ് ബംപർ ടിക്കറ്റുകൾ.
എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് മൂന്നിന് തിരുവനന്തപുരം ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടക്കുന്നത്. നിലവിൽ ഓണം ബംപറിൻ്റെ ഒന്നാം സമ്മാനത്തുക 25 കോടിയിൽ നിന്ന് 30 കോടിയായി വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. 50 ലക്ഷമായിരുന്ന മൂന്നാം സമ്മാനം 25 ലക്ഷമാക്കി കുറച്ചു. 500 രൂപയാണ് ടിക്കറ്റ് വില. രാജ്യത്ത് ഇത്രയും ഉയർന്ന തുക ലോട്ടറി സമ്മാനമായി നൽകുന്നത് കേരളത്തിലാണ്. 90 ലക്ഷം ടിക്കറ്റുകളാണ് ഏജൻ്റുമാർക്ക് നൽകാൻ നിശ്ചയിച്ചിട്ടുള്ളതെങ്കിലും ആവശ്യകത അനുസരിച്ചാകും അച്ചടിക്കുക.
സർക്കാരിന് കൈത്താങ്ങ്
സാമ്പത്തിക പ്രതിസന്ധികളുടെ ഘട്ടത്തിൽ സർക്കാരിൻ്റെ പൊതുവികസന പ്രവർത്തനങ്ങൾക്കും പ്രതിദിന ചെലവുകൾക്കും ലോട്ടറിയിൽ നിന്നുള്ള മിച്ചവരുമാനം വലിയൊരു കൈത്താങ്ങാണ്. സാമൂഹിക സുരക്ഷാ പെൻഷനുകൾ നൽകുന്നതിനും കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി നടപ്പിലാക്കുന്നതിനും ഭാഗ്യക്കുറി വകുപ്പിൻ്റെ സാമ്പത്തിക വിഹിതം നിർണായകമാണ്. ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും മുതിർന്ന പൗരന്മാർക്കും മറ്റ് സ്ഥിരവരുമാനമില്ലാത്ത പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കും ഉപജീവനമാർഗം കണ്ടെത്താൻ ലോട്ടറി വിൽപന സഹായിക്കുന്നുണ്ടെന്ന് രാജു വാഴക്കാല വ്യക്തമാക്കി.
എന്നാൽ ദിവസവേതനക്കാരും സാധാരണക്കാരുമായ വലിയൊരു വിഭാഗം ജനങ്ങൾ തങ്ങളുടെ സമ്പാദ്യത്തിൻ്റെ വലിയൊരു പങ്ക് പ്രതിദിന ലോട്ടറി ടിക്കറ്റുകൾ വാങ്ങാൻ ചെലവഴിക്കുന്നുണ്ട്. ഇത് അവരുടെ കുടുംബങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ വിദ്യാഭ്യാസം, പോഷകാഹാരം, സമ്പാദ്യം എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു. കേരളത്തിൻ്റെ സാമ്പത്തിക വ്യവസ്ഥയിൽ ലോട്ടറി ഒഴിച്ചുകൂടാനാവാത്ത ഘടകമായി മാറിയിട്ടുണ്ടെങ്കിലും വിൽപന വർധിപ്പിക്കുന്നതിനൊപ്പം സാധാരണക്കാരുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്ന രീതിയിലുള്ള ജനക്ഷേമ നയങ്ങൾ സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR