Enter your Email Address to subscribe to our newsletters

Thiruvananthapuram , 11 ഓഗസ്റ്റ് (H.S.)
യുഡിഎഫ് സർക്കാർ അധികാരത്തിലേറി 100 ദിവസം പിന്നിടാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കെപിസിസി പുനഃസംഘടന വൈകുന്നതിൽ കോൺഗ്രസിൽ അതൃപ്തി പുകയുന്നു. പാർട്ടിയുടെ സംഘടനാ സംവിധാനം ദുർബലമായെന്ന വിലയിരുത്തലിലാണ് ഭൂരിഭാഗം നേതാക്കളും. പുനഃസംഘടന സംബന്ധിച്ച് അനൗദ്യോഗിക കൂടിയാലോചനകൾ നടക്കുന്നുണ്ടെങ്കിലും ഔദ്യോഗിക ആശയവിനിമയത്തിന് ഇനിയും തുടക്കമായിട്ടില്ല.
കെപിസിസി അധ്യക്ഷന് പുറമേ വർക്കിങ് പ്രസിഡൻ്റുമാർ, വൈസ് പ്രസിഡൻ്റുമാർ, ജനറൽ സെക്രട്ടറിമാർ എന്നിവരെയും നിയമിക്കേണ്ടതുണ്ട്. പല ജില്ലാ കോൺഗ്രസ് കമ്മിറ്റികളും നാഥനില്ലാക്കളരിയായി തുടരുകയാണ്. ഇവിടങ്ങളിലെ നിയമനപ്രക്രിയ ഇനിയും നീളാനാണ് സാധ്യത. കെപിസിസി അധ്യക്ഷ നിയമനം നടക്കാത്തതുകൊണ്ട് ബോർഡ്, കോർപറേഷൻ നിയമനങ്ങൾ നീണ്ടുപോകുകയായിരുന്നു. ഇതിനിടെ നിലവിലെ കെപിസിസി അധ്യക്ഷൻ തന്നെ യുഡിഎഫ് യോഗത്തിൽ പങ്കെടുത്തതോടെയാണ് ബോർഡ്, കോർപറേഷൻ വിഭജനം സംബന്ധിച്ച പ്രാഥമിക ചർച്ചകളിലേക്ക് കടക്കാൻ കഴിഞ്ഞത്.
സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പാർട്ടിക്കുള്ളിൽ നിന്നുയരുന്ന വിരുദ്ധാഭിപ്രായം പരസ്യമായി ചില നേതാക്കൾ പ്രകടിപ്പിച്ചത് സംഘടനാ സംവിധാനമില്ലാത്തതുകൊണ്ടാണെന്ന് വിമർശനമുണ്ട്. ഗവൺമെൻ്റ് പ്ലീഡർ നിയമനം, തദ്ദേശ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ നിയമനം എന്നിവയെച്ചൊല്ലി കോൺഗ്രസിൽ പരസ്യ വിഴുപ്പലക്കൽ നടന്നിരുന്നു. നേതാക്കൾ പരിധിവിട്ട രംഗത്തിറങ്ങിയിട്ടും പാർട്ടിതലത്തിൽ ഇത് പരിഹരിക്കാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നില്ല. പിന്നീട് മുഖ്യമന്ത്രി വി.ഡി സതീശൻ നേരിട്ട് ഇടപെട്ട് കെഎസ്യു സംസ്ഥാന അധ്യക്ഷനടക്കം പലരുമായും ചർച്ച നടത്തിയതോടെയാണ് വിവാദങ്ങൾക്ക് ശമനമായത്.
ചർച്ചകൾ പാർലമെൻ്റ് സമ്മേളനത്തിന് ശേഷം
പുനഃസംഘടന സംബന്ധിച്ച ചർച്ചകൾ പാർലമെൻ്റ് സമ്മേളനത്തിന് ശേഷം ചൂടുപിടിക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്. എന്നാൽ ചർച്ചകൾ മുന്നോട്ട് നീങ്ങാൻ ഓണാഘോഷം കഴിയണമെന്ന വിലയിരുത്തലുമുണ്ട്. പാർട്ടിക്കുള്ളിൽ നിയമനങ്ങൾ നടത്തിയില്ലെങ്കിൽ എതിർ രാഷ്ട്രീയ കക്ഷികൾ നടത്തുന്ന ആരോപണങ്ങളെ പ്രതിരോധിക്കാൻ സർക്കാരിന് കഴിയില്ലെന്നാണ് പ്രധാന വിമർശനം. പല കാര്യങ്ങളിലും മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ബിജെപിയും സിപിഎമ്മും ആക്രമിക്കുന്നത് തടയാൻ പാർട്ടി ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
ഡിസിസി അധ്യക്ഷ നിയമനം
സംസ്ഥാനത്ത് ഡിസിസി പ്രസിഡൻ്റ് നിയമനം സംഘടൻ സൃജൻ അഭിയാൻ വഴിയാകുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. ഓരോ ജില്ലയിലെയും പ്രവർത്തനങ്ങൾ വിലയിരുത്തി പാർട്ടി പ്രവർത്തകരെയും പൊതുജനങ്ങളെയും നേരിട്ട് കണ്ട് ചർച്ച നടത്തിയശേഷമാകും ഡിസിസി അധ്യക്ഷ നിയമനത്തിനുള്ള പേരുകൾ തീർച്ചപ്പെടുത്തുക. മറ്റ് സംസ്ഥാനങ്ങളുടെ മാതൃക നടപ്പാക്കിയാൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തേക്ക് 50 വയസിന് താഴെ പ്രായമുള്ളവരെ പരിഗണിക്കാനുള്ള സാധ്യതകളും ഏറുകയാണ്. എന്നാൽ നേതൃബാഹുല്യമുള്ള കേരളത്തിൽ ഇതിന് ഇളവ് നൽകണമെന്ന ആവശ്യവും ഉയരുന്നുണ്ട്. 2025 ഏപ്രിൽ 8, 9 തീയതികളിൽ അഹമ്മദാബാദിൽ നടന്ന എഐസിസി സമ്മേളനത്തിലാണ് പാർട്ടിയെ അടിത്തട്ടിൽനിന്ന് ശക്തിപ്പെടുത്തുന്നതിനായി സംഘടൻ സൃജൻ അഭിയാൻ പ്രഖ്യാപിച്ചത്. ഗ്രാമതലം മുതൽ സംസ്ഥാനതലം വരെയും, ബൂത്ത് മുതൽ ജില്ലാ കോൺഗ്രസ് കമ്മിറ്റികൾ വരെയുള്ള പാർട്ടി സംവിധാനങ്ങളെ പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്.
സെക്രട്ടറിമാരുടെ നിയമനംകെപിസിസി ജനറൽ സെക്രട്ടറിമാർക്ക് പുറമേ സെക്രട്ടറിമാരെ നിയമിക്കണമെന്ന ആവശ്യവും കോൺഗ്രസിലുണ്ട്. ഇതിനായി പലതവണ പട്ടികകൾ തയ്യാറാക്കിയെങ്കിലും എഐസിസി ഇടപെട്ട് പട്ടിക വെട്ടിച്ചുരുക്കാൻ കർശന നിർദേശം നൽകിയതോടെയാണ് അത് പുറത്തിറങ്ങാതിരുന്നത്. ഒരു ജനറൽ സെക്രട്ടറിക്ക് രണ്ട് സെക്രട്ടറിമാർ എന്ന നിലയിൽ നിയമനം നടന്നാൽ നിലവിൽ 140ലധികം പേരെ സെക്രട്ടറിമാരായി വയ്ക്കേണ്ടിവരും. അത് കെപിസിസിയെ വീണ്ടും ജംബോ കമ്മിറ്റിയാക്കുമെന്ന ആക്ഷേപവും നിലവിലുണ്ട്.
അതുകൊണ്ടുതന്നെ നിലവിൽ ജനറൽ സെക്രട്ടറിമാരുടെ എണ്ണം ചുരുക്കിയശേഷം 100 പേരിൽ ഒതുങ്ങുന്ന ജനറൽ സെക്രട്ടറി, സെക്രട്ടറി പട്ടിക പുറത്തിറക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. കെപിസിസി പുനഃസംഘടനാ ചർച്ചകൾക്ക് ചൂടേറിയാൽ കോൺഗ്രസിന് ലഭിക്കുന്ന ബോർഡ്, കോർപറേഷൻ സ്ഥാനങ്ങളിൽ നിയമനം നീണ്ടേക്കും. പുതിയ അധ്യക്ഷൻ വന്നശേഷം അദ്ദേഹം കൂടി അടങ്ങുന്ന സമിതിയാകും ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കുക. ഇതിന് പുറമേ ഡിസിസി, കെപിസിസി തലത്തിൽ നടക്കുന്ന ശിപാർശകളും പരിഗണിക്കപ്പെട്ടേക്കാം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR