യുഡിഎഫ് ഘടകകക്ഷി നേതാക്കൾക്ക് കാബിനറ്റ് റാങ്കോടെയുള്ള പദവികൾ നൽകുന്ന കാര്യത്തിൽ മുഖ്യമന്ത്രി വിഡി സതീശൻ ഉടൻ തീരുമാനമെടുക്കും
Thiruvananthapuram , 13 ഓഗസ്റ്റ് (H.S.) യുഡിഎഫ് ഘടകകക്ഷി നേതാക്കൾക്ക് കാബിനറ്റ് റാങ്കോടെയുള്ള പദവികൾ നൽകുന്ന കാര്യത്തിൽ മുഖ്യമന്ത്രി വിഡി സതീശൻ ഉടൻ തീരുമാനമെടുക്കും. ഇന്ന് ചേരുന്ന മന്ത്രിസഭ യോഗത്തിൽ വിഷയം ചർച്ചയാകാനാണ് സാധ്യത. തുടർന്ന് ഘടകകക്ഷി നേ
CABINET RANK FOR UDF LEADERS


Thiruvananthapuram , 13 ഓഗസ്റ്റ് (H.S.)

യുഡിഎഫ് ഘടകകക്ഷി നേതാക്കൾക്ക് കാബിനറ്റ് റാങ്കോടെയുള്ള പദവികൾ നൽകുന്ന കാര്യത്തിൽ മുഖ്യമന്ത്രി വിഡി സതീശൻ ഉടൻ തീരുമാനമെടുക്കും. ഇന്ന് ചേരുന്ന മന്ത്രിസഭ യോഗത്തിൽ വിഷയം ചർച്ചയാകാനാണ് സാധ്യത. തുടർന്ന് ഘടകകക്ഷി നേതാക്കളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി അഭിപ്രായം തേടിയ ശേഷമാകും അന്തിമ പ്രഖ്യാപനം ഉണ്ടാകുക.

മുസ്ലിം ലീഗ് നേതാവ് എംകെ മുനീർ, കേരള കോൺഗ്രസ് നേതാവ് പിജെ ജോസഫ്, ഫോർവേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജൻ, എൻസികെ നേതാവ് മാണി സി കാപ്പൻ എംഎൽഎ എന്നിവർക്ക് കാബിനറ്റ് റാങ്കോടെയുള്ള പദവികൾ നൽകുന്നതാണ് സർക്കാരിൻ്റെ പരിഗണനയിലുള്ളത്. പ്രധാന ഘടകകക്ഷികളിലെ മുതിർന്ന നേതാക്കളെന്ന നിലയിൽ എംകെ മുനീറിനും പിജെ ജോസഫിനും പദവി ലഭിക്കുക ഏതാണ്ട് ഉറപ്പായെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ നൽകുന്ന സൂചന.

മുനീറിന് ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷപദവി

എംകെ മുനീറിനെ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനാക്കണമെന്നാണ് മുസ്ലിം ലീഗിൻ്റെ ആവശ്യം. അതേസമയം ഘടകകക്ഷി നേതാക്കളിൽ ഏറ്റവും മുതിർന്ന നേതാവായതിനാൽ ആദ്യം പദവി നൽകേണ്ടത് പിജെ ജോസഫിനാണെന്നാണ് കേരള കോൺഗ്രസിൻ്റെ നിലപാട്. ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷ സ്ഥാനം ലീഗിന് ലഭിക്കുന്ന സാഹചര്യത്തിൽ വയോജനക്ഷേമം, കൃഷി തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട കമ്മിഷനുകളിലെ ഉന്നത പദവികളിലേക്ക് പിജെ ജോസഫിനെ പരിഗണിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.

കാപ്പന് നോർക്ക, ദേവരാജന് ഡൽഹി പ്രതിനിധി പദവി

മാണി സി കാപ്പൻ്റെ പ്രധാന ആവശ്യം നോർക്ക വൈസ് ചെയർമാൻ പദവിയാണെന്നാണ് സൂചന. മന്ത്രിസഭയിൽ ഉൾപ്പെടുത്താത്ത സാഹചര്യത്തിൽ കാബിനറ്റ് റാങ്കോടെയുള്ള ഒരു പദവി നൽകണമെന്നാണ് അദ്ദേഹത്തിൻ്റെ നിലപാട്. രണ്ടര വർഷത്തിന് ശേഷം അനൂപ് ജേക്കബിന് പകരം മന്ത്രിസഭയിൽ തന്നെ ഉൾപ്പെടുത്തുമെന്ന ധാരണ യുഡിഎഫിൽ നിലവിലുണ്ടെന്നാണ് മാണി സി കാപ്പൻ അവകാശപ്പെടുന്നത്. എന്നാൽ അത്തരമൊരു ധാരണയില്ലെന്ന് അനൂപ് ജേക്കബ് വ്യക്തമാക്കിയിട്ടുണ്ട്.

കാപ്പന് കാബിനറ്റ് പദവി നൽകുന്നതിനെ കേരള കോൺഗ്രസ് അനുകൂലമായി കാണുന്നുണ്ട്. പാലാ നിയമസഭ മണ്ഡലത്തിൽ ജോസ് കെ മാണിയെ പരാജയപ്പെടുത്തിയ നേതാവെന്ന നിലയിൽ കാപ്പൻ അത്തരമൊരു അംഗീകാരത്തിന് അർഹനാണെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ഫോർവേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജൻ്റെ ആവശ്യം ഡൽഹിയിൽ കേരള സർക്കാരിൻ്റെ പ്രത്യേക പ്രതിനിധി പദവിയാണ്. ഇതും കാബിനറ്റ് റാങ്കോടെയാകുമോ എന്ന കാര്യത്തിലാണ് നിലവിൽ ചർച്ചകൾ പുരോഗമിക്കുന്നത്.

മന്ത്രിസഭയുടെ അംഗീകാരത്തോടെ പ്രഖ്യാപനം

തീരുമാനം പ്രഖ്യാപിക്കുന്നതിന് മുൻപ് ഘടകകക്ഷി നേതാക്കളുമായി മുഖ്യമന്ത്രി ചർച്ച നടത്തും. മന്ത്രിസഭയുടെ അംഗീകാരം കൂടി നേടിയ ശേഷമായിരിക്കും അന്തിമ പ്രഖ്യാപനം. കഴിഞ്ഞ പിണറായി വിജയൻ സർക്കാരിൻ്റെ കാലത്ത് ഡൽഹിയിലെ കേരള സർക്കാരിൻ്റെ പ്രത്യേക പ്രതിനിധിയായിരുന്ന കെവി തോമസിനും മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന കെഎം ഏബ്രഹാമിനും കാബിനറ്റ് റാങ്ക് അനുവദിച്ചിരുന്നു.

എന്നാൽ പിന്നീട് നോർക്ക റസിഡൻ്റ് വൈസ് ചെയർമാനായി നിയമിതനായ സിപിഎം നേതാവ് പി ശ്രീരാമകൃഷ്ണന് കാബിനറ്റ് പദവി നൽകിയിരുന്നില്ല. ഇത്തവണ ഘടകകക്ഷി നേതാക്കൾക്ക് നൽകുന്ന പദവികളും അതിനോടൊപ്പമുള്ള കാബിനറ്റ് റാങ്കും സംബന്ധിച്ച തീരുമാനം യുഡിഎഫ് രാഷ്ട്രീയത്തിലെ ശക്തിസമവാക്യങ്ങളെ സ്വാധീനിക്കുന്നതായിരിക്കുമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയരുന്നത്. വരും ദിവസങ്ങളിൽ തന്നെ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News