Enter your Email Address to subscribe to our newsletters

New delhi, 13 ഓഗസ്റ്റ് (H.S.)
ഫുക്കറ്റ്-ഡല്‍ഹി വിമാനത്തിലെ പൈലറ്റ് ലഹരി ഉപയോഗിച്ചതായുള്ള അന്വേഷണ റിപ്പോര്‍ട്ടിന് പിന്നാലെ നടപടികള്‍ കടുപ്പിച്ച് എയര്‍ ഇന്ത്യ. പൈലറ്റുമാരുടെ ലഹരിപരിശോധന ശക്തമാക്കുന്നതായി എയര്‍ ഇന്ത്യ പ്രഖ്യാപിച്ചു. എല്ലാ പൈലറ്റുമാരും നിര്‍ബന്ധിത പരിശോധന പൂര്‍ത്തിയാക്കണമെന്ന് ജീവനക്കാര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ എയര്‍ ഇന്ത്യ ആവശ്യപ്പെട്ടു. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിലെ പൈലറ്റുമാര്‍ക്ക് പരിശോധന ബാധകമാണ്.
'ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) നല്‍കിയ നിര്‍ദേശപ്രകാരങ്ങള്‍ക്കപ്പുറത്തുള്ള സുരക്ഷയും പ്രൊഫഷണലിസവും കാത്തുസൂക്ഷിക്കേണ്ടതുണ്ട്. അതിനാല്‍ എല്ലാ പൈലറ്റുമാരേയും നിലവിലെ നിയമങ്ങള്‍ക്കനുസൃതമല്ലാത്ത ലഹരിമരുന്നുകളോ മറ്റേതെങ്കിലും തരത്തിലുള്ള മരുന്നുകളോ ഉപയോഗിക്കുന്നുണ്ടോ എന്ന് തിരിച്ചറിയാനുള്ള പരിശോധനയ്ക്ക് വിധേയരാക്കും. നിര്‍ബന്ധ പരിശോധന ഇന്നുമുതല്‍ നിലവില്‍ വരും' -ഓഗസ്ത് 13ന് അയച്ച ഇമെയിലില്‍ എയര്‍ ഇന്ത്യ അറിയിച്ചു.
'ദശാബ്ദങ്ങളായി ഇന്ത്യന്‍ വ്യോമയാനമേഖലയുടെ പതാകവാഹകരായിരുന്നു എയര്‍ ഇന്ത്യ. ലക്ഷക്കണക്കിന് യാത്രക്കാരുടെ വിശ്വാസം നേടിയെടുക്കാന്‍ ഞങ്ങള്‍ക്കായി. ഈ വിശ്വാസമാണ് ഞങ്ങളുടെ സമ്പത്ത്. അത് നിലനിര്‍ത്താന്‍ സാധ്യമായതെല്ലാം ചെയ്യേണ്ടതുണ്ട്' സന്ദേശത്തില്‍ പറയുന്നു.
ഓഗസ്റ്റ് നാലിനാണ് ഫുക്കറ്റ്-ന്യൂഡല്‍ഹി എയര്‍ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടത്. 137 യാത്രക്കാരുമായി ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് 300 അടി താഴ്ചയിലേക്കാണ് ഇറങ്ങിയത്. അപ്രതീക്ഷിതമായ ചലനത്തില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിമാനത്തിലെ പ്രധാന പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തി. രണ്ടു ലഹരിപരിശോധനകളില്‍ ഇത് സ്ഥിരീകരിച്ചു.ഇതിനു പുറമേ ഉറക്കമില്ലായ്മയുടെ അസ്വാസ്ഥ്യമുണ്ടായിരുന്നെന്നും അതിനായി മരുന്നു കഴിച്ചിരുന്നുവെന്നും പൈലറ്റ് അന്വേഷണസമിതിക്ക് മൊഴി നല്‍കിയിട്ടുണ്ട്. വിമാനക്കമ്പനിയുടെ ആഭ്യന്തരറിപ്പോര്‍ട്ട് പ്രകാരം, വിമാനം താഴേക്ക് പതിക്കുമ്പോള്‍ പ്രധാന പൈലറ്റ് സീറ്റിലുണ്ടായിരുന്നില്ല. സംഭവത്തില്‍ പൈലറ്റിനെതിരെ കടുത്ത നടപടിയുണ്ടാകും. ഇയാളുടെ ലൈസന്‍സ് മരവിപ്പിക്കുന്നതുള്‍പ്പെടെയുള്ള നടപടിയിലേക്ക് ഡി.ജി.സി.എ. കടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് പൈലറ്റുമാരുടെ ലഹരിപരിശോധന ശക്തമാക്കാന്‍ എയര്‍ ഇന്ത്യ ഒരുങ്ങുന്നത്.
എയര്‍ ഇന്ത്യ വിമാനത്തിലെ പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചതായി പരിശോധനയില്‍ കണ്ടെത്തിയ വിഷയത്തില്‍ വിമാനക്കമ്പനിക്ക് സര്‍ക്കാര്‍ താക്കീത് നല്‍കിയിരുന്നു. പ്രവര്‍ത്തന മേല്‍നോട്ടം ശക്തമാക്കണമെന്നും സുരക്ഷയുടെ കാര്യത്തില്‍ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും എയര്‍ ഇന്ത്യയ്ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയെന്ന് 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്നും സര്‍ക്കാര്‍ കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S