Enter your Email Address to subscribe to our newsletters

New delhi, 13 ഓഗസ്റ്റ് (H.S.)
ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം 11 പേരുടെ ജീവനെടുത്ത സ്‌ഫോടനത്തിന് പിന്നില്‍ ഭീകരസംഘടനയായ അല്‍ ഖ്വയ്ദയുടെ ഉപവിഭാഗമാണെന്ന് ഐക്യരാഷ്ട്ര സഭയുടെ സ്ഥിരീകരണം. ഐക്യരാഷ്ട്ര സഭാ രക്ഷാസമിതിയുടെ നിരീക്ഷണ സംഘം ഓഗസ്റ്റ് 10ന് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ ബംഗ്ലാദേശിലും സ്വാധീനമുറപ്പിക്കാന്‍ അല്‍ ഖ്വയ്ദ തീവ്രശ്രമം നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പുണ്ട്.
2025 നവംബര്‍ 10നാണ് രാജ്യത്തെ നടുക്കിയ ചെങ്കോട്ട സ്‌ഫോടനം നടന്നത്. ഐ.ഇ.ഡി ഘടിപ്പിച്ച വാഹനം പൊട്ടിത്തെറിച്ച് 11 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ ആക്രമണത്തിന് പിന്നില്‍ അല് ഖ്വയ്ദ ഇന്‍ ദി ഇന്ത്യന്‍ സബ്‌കോണ്ടിനന്റ് (എ.ക്യു.ഐ.എസ്) എന്ന സംഘടനയാണെന്നാണ് യു.എന്‍ രക്ഷാസമിതിയുടെ കണ്ടെത്തല്‍. സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 10 പേര്‍ക്കും എ.ക്യു.ഐ.എസുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. അന്‍സറുല്ല ഗസ്വത്തുല്‍ ഹിന്ദ് എന്ന സംഘടനയുമായും ഇവര്‍ക്ക് ബന്ധമുള്ളതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായ വിവരങ്ങള്‍ യു.എന്‍ റിപ്പോര്‍ട്ടിലുണ്ട്. ബംഗ്ലാദേശില്‍ ഭീകരരുടെ സ്ലീപ്പര്‍ സെല്ലുകള്‍ സ്ഥാപിക്കാന്‍ എ.ക്യു.ഐ.എസ് ശ്രമിക്കുന്നുണ്ടെന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ മുന്നറിയിപ്പാണ്. ബംഗ്ലാദേശിലെ ഭീകര സംഘടനകളുമായി ബന്ധമുള്ള നിരവധി പേരെ തമിഴ്നാട്ടില്‍ നിന്ന് ഉള്‍പ്പെടെ മുന്‍പ് അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ ഈ കണ്ടെത്തലിന് വലിയ പ്രാധാന്യമുണ്ട്. യുവാക്കളെ ആകര്‍ഷിച്ച് ഇത്തരം സ്ലീപ്പര്‍ സെല്ലുകളുടെ ഭാഗമാക്കാനാണ് ഭീകരര്‍ ലക്ഷ്യമിടുന്നത്.
പരമ്പരാഗത ബോംബ് സ്‌ഫോടനങ്ങള്‍ക്ക് പുറമെ രാസ, ജൈവ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ അല്‍ ഖ്വയ്ദയും ഐ.എസ്.ഐ.എസും താത്പര്യം കാണിക്കുന്നതായും യു.എന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഇതിന്റെ ഭാഗമായി മാരകമായ വിഷവസ്തുക്കള്‍ വികസിപ്പിച്ചെടുക്കാന്‍ ഇവര്‍ ശ്രമിക്കുന്നുണ്ട്. റിസിന്‍ ഉള്‍പ്പെടെയുള്ള വിഷവസ്തുക്കള്‍ നിര്‍മിക്കുന്നതിനായി ഓണ്‍ലൈന്‍ ഗ്രൂപ്പുകള്‍ വഴി ഭീകരര്‍ പരിശീലനം നല്‍കുന്നുണ്ടെന്നത് ഗുരുതരമായ കണ്ടെത്തലാണ്. രഹസ്യമായി പ്രവര്‍ത്തിക്കുന്ന ഇത്തരം ഗ്രൂപ്പുകള്‍ വഴി സ്ലീപ്പര്‍ സെല്ലുകള്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ ലഭിക്കുന്നുണ്ട്.
സമാനമായ രീതിയില്‍ ജൈവായുധം നിര്‍മിക്കാന്‍ ശ്രമിച്ച നാല് ഡോക്ടര്‍മാരെ ഗുജറാത്ത് തീരത്ത് നിന്ന് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ഇവര്‍ പിടിയിലായത്. റിസിന്‍ എന്ന വിഷവസ്തു ഉപയോഗിച്ച് ആളുകളെ കൂട്ടത്തോടെ കൊലപ്പെടുത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ജനങ്ങളെ കൂട്ടത്തോടെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭീകരര്‍ ഇത്തരം മാരകമായ ആയുധങ്ങള്‍ പ്രയോഗിക്കാന്‍ തയാറെടുക്കുന്നത്.
---------------
Hindusthan Samachar / Sreejith S