Enter your Email Address to subscribe to our newsletters

New delhi, 13 ഓഗസ്റ്റ് (H.S.)
ഓണ്‍ലൈന്‍ ടാക്സി ബുക്ക് ചെയ്യുമ്പോള്‍ മുന്‍കൂറായി ടിപ്പ് ആവശ്യപ്പെടുന്ന സന്ദേശങ്ങളും ഓപ്ഷനുകളും അടിയന്തരമായി നീക്കം ചെയ്യാന്‍ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം നിര്‍ദേശിച്ചു. യാത്ര പൂര്‍ത്തിയാകുന്നതിന് മുന്‍പ് ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കുന്നത് മോട്ടോര്‍ വെഹിക്കിള്‍ അഗ്രിഗേറ്റര്‍ ഗൈഡ്ലൈന്‍സ് 2025ന്റെ ലംഘനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഓല, ഊബര്‍, റാപ്പിഡോ തുടങ്ങിയ പ്രമുഖ കമ്പനികള്‍ക്ക് ഈ നിര്‍ദേശം ബാധകമാണ്.
അഡ്വാന്‍സ് ടിപ്പ്, ചൂസ് ആന്‍ ആഡ്-ഓണ്‍, ടിപ്പ് നല്‍കിയാല്‍ ഡ്രൈവര്‍മാര്‍ റൈഡ് വേഗത്തില്‍ സ്വീകരിച്ചേക്കാം തുടങ്ങിയ രീതിയിലുള്ള സന്ദേശങ്ങള്‍ ആപ്പുകളില്‍ നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് മന്ത്രാലയത്തിന്റെ നടപടി. അധിക തുക നല്‍കിയാല്‍ മാത്രമേ വേഗത്തില്‍ വാഹനം ലഭ്യമാകൂ എന്ന രീതിയിലുള്ള ധാരണ ഉപഭോക്താക്കളില്‍ ഉണ്ടാക്കുന്നത് നിയമവിരുദ്ധമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. തിരക്കേറിയ സമയങ്ങളില്‍ വാഹനം ലഭിക്കാന്‍ 50 മുതല്‍ 100 രൂപ വരെ മുന്‍കൂറായി ടിപ്പ് നല്‍കാന്‍ യാത്രക്കാര്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യം നിലവിലുണ്ടായിരുന്നു. അടിസ്ഥാന സേവനം ലഭിക്കാന്‍ പോലും അധിക തുക നല്‍കേണ്ടി വരുന്നത് യാത്രക്കാരില്‍ വലിയ അതൃപ്തിക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് ഓഗസ്റ്റ് 11ന് മന്ത്രാലയം കര്‍ശന നിര്‍ദേശം പുറത്തിറക്കിയത്.
മോട്ടോര്‍ വെഹിക്കിള്‍ അഗ്രിഗേറ്റര്‍ ഗൈഡ്ലൈന്‍സ് 2025ലെ വകുപ്പ് 14.15 അനുസരിച്ച് യാത്രക്കാര്‍ക്ക് ഡ്രൈവര്‍മാര്‍ക്ക് സ്വമേധയാ ടിപ്പ് നല്‍കാനുള്ള സൗകര്യം ആപ്പുകളില്‍ നല്‍കാം. എന്നാല്‍ ഈ സൗകര്യം യാത്ര പൂര്‍ണമായും അവസാനിച്ച ശേഷം മാത്രമേ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടാന്‍ പാടുള്ളൂ. ബുക്കിങ് സമയത്തോ യാത്ര നടക്കുമ്പോഴോ ഇത് കാണിക്കാന്‍ പാടില്ല. കൂടാതെ, യാത്രക്കാര്‍ നല്‍കുന്ന ടിപ്പ് തുകയില്‍ നിന്ന് കമ്പനികള്‍ യാതൊരുവിധ കമ്മിഷനും ഈടാക്കാതെ മുഴുവന്‍ തുകയും ഡ്രൈവര്‍ക്ക് കൈമാറണമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ടിപ്പ് എന്നത് യാത്രക്കാരുടെ താത്പര്യപ്രകാരം നല്‍കേണ്ടതാണെന്നും, അത് സേവനം ലഭിക്കാനുള്ള ഉപാധിയാക്കി മാറ്റാന്‍ പാടില്ലെന്നും സര്‍ക്കാര്‍ ഓര്‍മിപ്പിച്ചു.
ഉപഭോക്തൃ സംരക്ഷണ നിയമം 2019 അനുസരിച്ച് ഉപഭോക്താക്കളെ സ്വാധീനിക്കുന്നതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ യാതൊരു രീതിയും അനുവദിക്കില്ല. നിലവിലുള്ള നിയമങ്ങള്‍ക്ക് വിരുദ്ധമായ രീതിയില്‍ ആപ്പുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഇന്റര്‍ഫേസുകള്‍ താമസംവിനാ തിരുത്താന്‍ എല്ലാ മോട്ടോര്‍ വെഹിക്കിള്‍ അഗ്രിഗേറ്ററുകള്‍ക്കും മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കി.
---------------
Hindusthan Samachar / Sreejith S