Enter your Email Address to subscribe to our newsletters

Kolkkatha, 13 ഓഗസ്റ്റ് (H.S.)
കൊല്‍ക്കത്ത ആര്‍ജി കര്‍ ബലാത്സംഗക്കേസില്‍ രണ്ട് വര്‍ഷത്തിന് ശേഷം അറസ്റ്റ്. തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംഎല്‍എയെയാണ് അറസ്റ്റിലായത്. പാനിഹാട്ടിയിലെ എംഎല്‍എ ആയിരുന്ന നിര്‍മല്‍ ഘോഷാണ് സംഭവം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷം അറസ്റ്റിലായത്. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ മൃതദേഹം സംസ്‌കാരിക്കുന്നതില്‍ ക്രമക്കേട് ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
ഡോക്ടറുടെ കുടുംബത്തിന്റെ ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി പൊലീസിന് നിര്‍ദേശം നല്‍കി. നിര്‍മല്‍ ഘോഷ്, പാനിഹാട്ടി മുന്‍സിപ്പല്‍ ചെയര്‍മാനായിരുന്ന സോമനാഥ് ദേ, മുന്‍ സിപിഎം കൗണ്‍സിലര്‍ സഞ്ജീവ് മുഖര്‍ജി തുടങ്ങിയവര്‍ക്കെതിരെയാണ് യുവതിയുടെ പിതാവ് ഖര്‍ദ പൊലീസില്‍ പരാതി നല്‍കിയത്.
2024 ഓഗസ്റ്റ് ഒന്‍പതിനാണ് രാജ്യത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സെമിനാര്‍ ഹാളിലാണ് പിജി വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തുന്നത്. ബലാത്സംഗത്തിനിരയായാണ് യുവതി കൊല്ലപ്പെട്ടതെന്ന വിവരം പുറത്തുവന്നതോടെ രാജ്യം വന്‍ പ്രതിഷേധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. സിബിഐ നടത്തിയ അന്വേഷണത്തില്‍ അന്നത്തെ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ്, താല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍, സിവിക് വോളണ്ടിയര്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
സംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന ദിവസം തന്നെ നിര്‍മല്‍ ഘോഷ് സന്ദീപ് ഘോഷുമായി ബന്ധപ്പെട്ടിരുന്നുവെന്നും അന്ത്യകര്‍മങ്ങള്‍ തിടുക്കത്തില്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമം നടത്തിയതായും സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതാണ് നിര്‍മല്‍ ഘോഷിന്റെ അറസ്റ്റിലേക്ക് നയിച്ചത്.
യുവ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 17 ലക്ഷം രൂപ നല്‍കണമെന്ന് കോടതി വിധിച്ചിരുന്നു. പെണ്‍കുട്ടികളെ സംരക്ഷിക്കേണ്ട ഉത്തരാവാദിത്വം സ്റ്റേറ്റിന്റേതെന്നും കോടതി. എന്നാല്‍ നഷ്ടപരിഹാരത്തുക വേണ്ടെന്നും നീതിയാണ് വേണ്ടതെന്നും ഇരയുടെ കുടുംബം പ്രതികരിച്ചു. പ്രതിയായ സഞ്ജയ് റോയിയ്ക്ക് ജീവപര്യന്തവും 50,000 രൂപയുമാണ് ശിക്ഷയായി വിധിച്ചിരിക്കുന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ കേസല്ല ഇതെന്നും കോടതി നിരീക്ഷിച്ചു. പ്രതിയ്ക്ക് മാനസാന്തരത്തിനുള്ള അവസരം നിഷേധിക്കരുതെന്നും പ്രതിഭാഗം വാദിച്ചിരുന്നു. വധശിക്ഷ വേണമെന്ന് യുവ ഡോക്ടറുടെ കുടുംബം നേരത്തെ ആവശ്യപ്പെട്ടിരുന്നു.
വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിക്കുക എന്ന് കോടതി ചൂണ്ടിക്കാട്ടി. അപൂര്‍വങ്ങള്‍ അപൂര്‍വം ആയ കേസ് എന്ന് സിബിഐ അഭിഭാഷകന്‍ പറഞ്ഞു. സമൂഹത്തിന് മുതല്‍ക്കൂട്ട് ആവേണ്ട ഡോക്ടറെയാണ് പ്രതി കൊലപ്പെടുത്തിയത്. രാജ്യത്ത് തന്നെ ഞെട്ടിച്ച കേസുകളില്‍ ഒന്നാണിത്. പരമാവധി ശിക്ഷ പ്രതിക്ക് നല്‍കണമെന്നും വധശിക്ഷ നല്‍കിയാല്‍ മാത്രമേ സമൂഹത്തിന് ഇക്കാര്യത്തില്‍ വിശ്വാസ്യത ഉണ്ടാകൂ എന്ന് സിബിഐ ചൂണ്ടിക്കാട്ടി.
---------------
Hindusthan Samachar / Sreejith S