Enter your Email Address to subscribe to our newsletters

Pathanamthitta , 14 ഓഗസ്റ്റ് (H.S.)
മല്ലപ്പള്ളിയിൽ നടന്ന സിപിഎം പ്രതിഷേധ യോഗത്തിൽ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനുവിനെതിരെ പൊലീസ് സ്വമേധയാ കേസ് എടുത്തു. കീഴ്വായ്പൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കാനും പൊലീസിൻ്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ് പ്രസംഗമെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്.
പ്രദേശത്തെ ക്രമസമാധാന നില തകരാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കീഴ്വായ്പൂർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്. അർജുൻ ആയങ്കിയെ കണ്ടെത്താനായി മല്ലപ്പള്ളി, കാട്ടാമലയിലെ വീടുകളില് പൊലീസ് നടത്തിയ പരിശോധനയ്ക്കെതിരെ സിപിഎമ്മിൻ്റെ നേതൃത്വത്തിൽ കീഴ് വായ്പൂര് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പ്രസംഗിക്കുന്നതിനിടെയാണ് കെ പി ഉദയഭാനു പൊലീസിന് നേരെ ഭീഷണി പ്രസംഗം നടത്തിയത്.
പൊലീസുകാർക്കും വീടുകളുണ്ട്. അവർക്കും അമ്മയും പെങ്ങന്മാരും ഉണ്ട്, ഞങ്ങളുടെ വീടുകളില് കയറിയാല് വേണ്ടി വന്നാൽ ഞങ്ങളും തിരിച്ചു കയറുമെന്നുമായിരുന്നു ഉദയഭാനുവിൻ്റെ ഭീഷണി പ്രസംഗം. ഗുണ്ടാപ്രവർത്തനങ്ങള് തടയുക എന്ന ലക്ഷ്യത്തോടെ കേരള പൊലീസ് നടപ്പാക്കി വരുന്ന 'ഓപ്പറേഷൻ ഗ്രിപ്പ്' പദ്ധതിയുടെ ഭാഗമായാണ് അർജുൻ ആയങ്കിയെ കണ്ടെതാൻ കീഴ് വായ്പൂര് പൊലീസ് സ്റ്റേഷൻ പരിധിയിലെ കാട്ടാമല പ്രദേശത്ത് വീടുകളില് രാത്രി പോലീസ് പരിശോധന നടത്തിയത്. സിപിഎം മല്ലപ്പള്ളി ഈസ്റ്റ് ലോക്കല് സെക്രട്ടറി നിതിൻ കുമാറിൻ്റെ പാടിമണ് കാട്ടാമലയിലെ വീട്ടിലും സമീപമുള്ള സിപിഎം പ്രവർത്തകരുടെ വീടുകളിലും പരിശോധന നടന്നിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സിപിഎം.
പൊലീസിനെതിരെ ഭീഷണി പ്രസംഗം
കേസ് കാണിച്ച് ഞങ്ങളെ വിരട്ടേണ്ട. കാട്ടാമലയിലേത് രണ്ടുമുറി മാത്രമുള്ള വീടുകളാണ്. കതകുകളും ജനലുകളും പോലും ഇല്ല. ഈ വീടുകളില് അര്ജുന് ആയങ്കിയെ എങ്ങനെ ഒളിപ്പിക്കും. വീടുകളിലുള്ള സ്ത്രീകളോട് പൊലീസ് അപമര്യാദയായി പെരുമാറി. ചോദ്യം ചെയ്ത ഞങ്ങളുടെ പേരില് പൊലീസ് കേസ് എടുത്തു. പ്രതിഷേധിക്കാന് ഉള്ള അവകാശം രാജ്യത്ത് ഉണ്ട്.
കാട്ടാമലയിലെ വീടുകളില് കയറിയ പൊലീസുകാർക്കും അമ്മയും പെങ്ങന്മാരും ഉണ്ട്, ഞങ്ങളുടെ വീടുകളില് കയറിയാല് വേണ്ടി വന്നാൽ ഞങ്ങളും തിരിച്ചു കയറും. തങ്ങള് നോക്കിവച്ചിട്ടുണ്ട് അവരെ രക്ഷിക്കാൻ ആരുമുണ്ടാവില്ല. പൊലീസ് ചൂട്ടുപോലെയാണ്. അത് വഴിയാത്രക്കാരൻ്റെ കയ്യിൽ ആണെങ്കിൽ വെളിച്ചം പകരും ഭ്രാന്തനു കിട്ടിയാല് അത് നാട് കത്തിക്കും. യുഡിഎഫിൻ്റെ കൈയിലെ പൊലീസ് ഭ്രാന്തനെപ്പോലെയാണന്നുമായിരുന്നു ഉദയഭാനുവിൻ്റെ പ്രസംഗം.
രമേശിൻ്റെയും സതീശൻ്റെയും വകയാണോ കേരളം?. എരപ്പാളികളായ ഏതെങ്കിലും കോൺഗ്രസുകാർ പറയുന്നത് കേട്ട് മര്യാദവിട്ട് പെരുമാറിയാൽ അതേ തരത്തിൽ തിരിച്ചു കിട്ടും. ആരും വന്നതുപോലെ പോകില്ല. സി.പി.എം. ഭരിച്ച പത്തുവർഷം ഒരു കോൺഗ്രസുകാരന്റെയും വീട്ടിൽ പൊലീസ് കയറിയിട്ടില്ല. ഒരു കള്ളക്കേസിലും പ്രതിയാക്കിയിട്ടില്ല. ഭരണം കിട്ടിയതിനാൽ എന്തും ആകാമെന്ന് കോൺഗ്രസുകാർ കരുതരുത് അദ്ദേഹം പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR